പർപ്പിൾ പൂക്കൾ വിടരുന്ന സീസറും സോണിയയും എമ്മാ വൈറ്റുമൊക്കെ എന്താണെന്ന് മനസ്സിലായോ? ആകൃതിയിലും വലുപ്പത്തിലും നിറത്തിലും വ്യത്യസ്തമായ ഓർക്കിഡ് പൂക്കളാണ്. ഏറെ നാൾ പുതുമ പോകാതെ സൂക്ഷിക്കാനാകും എന്നത് ഇതിന്റെ സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഒരു പ്ലസ് ആണ്.
തുറസ്സായ സ്ഥലത്ത് മതിയായ തണൽ – ഇതാണ് ഓർക്കിഡിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂല സാഹചര്യം. ആകർഷകമായ ഇനങ്ങൾക്ക് വായുസഞ്ചാരം എല്ലായ്പോഴും ആവശ്യമാണ്. മണ്ണിനു മുകളിലുള്ള ഭാഗത്തുനിന്ന് ഇവയുടെ വേരുകൾ പൊട്ടുന്നു. അന്തരീക്ഷത്തിൽനിന്നു വെള്ളവും മൂലകങ്ങളും ലഭ്യമാക്കാനാകും. ചൂടുള്ളതും ജലാർദ്രവുമായ അന്തരീക്ഷത്തിൽ മതിയായ തോതിൽ തണൽ നൽകി ഓർക്കിഡുകൾ വളർത്തണം.എന്നാൽ തണൽ കൂടിയാൽ ചെടി പെട്ടെന്നു വളർന്നേക്കും. പക്ഷേ പൂപിടിത്തം കുറയും.
നല്ല തോതിലുള്ള വായുസഞ്ചാരം ഓർക്കിഡ് ചെടികൾക്ക് ആരോഗ്യം നൽകും.
ചിലയിനം ഓർക്കിഡുകൾ പൂവിടാൻ പൂർണതോതിൽ സൂര്യപ്രകാശം ആവശ്യമാണ്. എന്നാൽ ചില ഇനങ്ങൾ ചൂടു കൂടിയാൽ കരിഞ്ഞുപോകാം. വൈകുന്നേരത്തേതിനെക്കാൾ നല്ലത് രാവിലെയുള്ള സൂര്യപ്രകാശമാണ്. അതിനാൽ സൂര്യന് അഭിമുഖമായി കിഴക്കോട്ടു ചെടികൾ വയ്ക്കുക.
ഓരോ ഇനത്തിനും വ്യത്യസ്ത അന്തരീക്ഷ താപനിലയാണ് ആവശ്യം. ഇത് ആധാരമാക്കി ഓർക്കിഡുകളെ ശീതകാലത്തിനു യോജിച്ചവ, ഉഷ്ണമേഖലയിൽ വളരുന്നവ, വസന്തകാലം ഇഷ്ടപ്പെടുന്നവ ഇങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.
അന്തരീക്ഷ ആർദ്രത അനുയോജ്യമായ തോതിൽ ക്രമീകരിക്കണം. മണ്ണിൽ അഥവാ ചെടി വളരുന്ന മാധ്യമത്തിൽ മിതമായ അളവിൽ ഈർപ്പം നിലനിർത്തണം.പഴയ ഓടുകൾ നിരത്തി ഒരു സ്റ്റാൻഡ് ഉണ്ടാക്കാം. കടുത്ത വേനൽ ഉള്ളപ്പോൾ ഒഴിക്കുന്ന വെള്ളം ഇതിൽ കെട്ടി നിന്നുകൊള്ളും. നനവ് അത്യാവശ്യമായ ഓർക്കിഡുകൾക്ക് ഇത് നല്ലതാണ്.
കേരളത്തിൽ ഓർക്കിഡ് വളർത്താൻ ഉപയോഗിച്ചുപോരുന്ന മാധ്യമങ്ങള്‍ തൊണ്ട്, കരി, ഓടിൻകഷണങ്ങൾ മുതലായവയാണ്. ചട്ടികളും കുട്ടകളും മാധ്യമങ്ങൾകൊണ്ടു നിറച്ച് ചെടികൾ നട്ടുവളർത്താം.മറ്റ് അനുസാരികൾ താങ്ങുകമ്പ്, ഹരിതഗൃഹം തുടങ്ങിയവയാണ്. സ്യൂഡോമോണസിൽ മുക്കിയ ചകിരിച്ചോറിൽ ഓർക്കിഡ് തൈകൾ വളർത്തുന്നത് നല്ലതാണ്.
സൂക്ഷ്മമൂലകങ്ങളുടെ മിശ്രിതങ്ങളും മാസത്തിലൊരിക്കല്‍ നല്‍കാവുന്നതാണ്.കാലിവളം, കോഴിവളം, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നീ ജൈവ വളങ്ങള്‍ വെള്ളത്തില്‍ കലക്കി വെച്ച് അവയുടെ തെളിഞ്ഞ ലായനി ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്.