ചെമ്പരത്തി വേരും ഇലകളും പൂവും മനുഷ്യന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നു. ഇപ്പോൾ പൂവിനുവേണ്ടി മാത്രം ചെമ്പരത്തി നട്ടുവളർത്തുന്നു.നാട്ടിൻ പുറങ്ങളിൽ പഴയ കാലത്ത് പറമ്പുകളുടെ അതിർത്തി കാത്തു സൂക്ഷിക്കുകയും പിന്നീട് മതിലുകൾ ഉയർന്നതോടെ ചട്ടികളിലേക്കും ചാക്കുകളിലേക്കും ചേക്കേറിയ പരോപകാരിയാണ് ചെമ്പരത്തി.നാട്ടിൻപുറങ്ങളിൽ 40 ഓളം ഇനങ്ങൾ കണ്ടു വരുന്നു. ഇതിൽ കടുത്ത പച്ച നിറമുള്ള ഇലകളും അഞ്ചിതൾ പൂക്കളുമുള്ള ചെമ്പരത്തിയാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. ചെമ്പരത്തിക്ക് രോഗ-കീടബാധ കുറവാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഹൃദയം കാക്കാൻ ചെമ്പരത്തി
ഇപ്പോൾ ഇലചുരുട്ടിയുടെയും കുമിളിന്റെയും ഉപദ്രവം കാണാമെങ്കിലും ചെമ്പരത്തി അതെല്ലാം അതിജീവിക്കുന്നു.ചെറിയ തോതിൽ ജൈവവളവും നേരിയ നനവുമുണ്ടായാൽ സദാ പുഷ്പിണിയായിരിക്കും. ചെമ്പരത്തി ഇലകൾ താളി ഉണ്ടാക്കി തലയിൽ തേക്കുന്നത് താരൻ അകറ്റാൻ സഹായിക്കും. പൂക്കൾ കൊണ്ട് എണ്ണ ഉണ്ടാക്കുവാനും സോസ്, സ്‌ക്വാഷ് കൂടാതെ മറ്റു പലഹാരങ്ങൾക്ക് നിറം കൊടുക്കാനും ഉപയോഗിക്കാം. കടകളിൽ നിന്നു വാങ്ങുന്ന സ്‌ക്വാഷിനു പകരം ശരീരത്തിന് ഉണർവും ഉന്മേഷവും നൽകുന്ന യാതൊരു രാസവസ്തുവിന്റെയും ചേരുവയി ല്ലാത്ത സ്‌ക്വാഷ് ചെമ്പരത്തി പൂവ് കൊണ്ടുണ്ടാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ ഉദാഹരണമായി ചെമ്പരത്തി; ഇങ്ങനെ ചെയ്ത് നോക്കൂ
ചെമ്പരത്തി സ്‌ക്വാഷ്
250 ഗ്രാം ചെമ്പരത്തി പൂവ് ഞെട്ടുകളഞ്ഞു കഴുകിയത്. ഒ ലിറ്റർ വെള്ളത്തിൽ ഇട്ടു നന്നായി തിളപ്പിക്കുക. ശേഷം വെള്ളത്തിൽ നിന്നും പൂവിന്റെ അവശിഷ്ടങ്ങൾ മാറ്റി 750 ഗ്രാം പഞ്ചസാരയിട്ട് മൂന്നു-നാലു തവണ തിളപ്പിക്കുക. ഇതിൽ 10 ഗ്രാം നന്നാറി (നറുനീണ്ടി) പൊടിച്ചിട്ട് തിളപ്പിച്ച് തണുത്തശേഷം കുപ്പിയിൽ സൂക്ഷിക്കാം. രണ്ടു ടീസ്പൂൺ ഒരു ഗ്ലാസ് തണുത്ത വെള്ളത്തിൽ ചേർത്ത് ഏതു പ്രായക്കാർക്കും കുടിക്കാം. ഇത് ഓജസ്സ് വർധിപ്പിക്കും ഉന്മേഷം നൽകും. തിളപ്പിച്ച വെള്ളത്തിൽ നിന്നെടുത്ത പൂവിന്റെ അവശിഷ്ടം തക്കാളി, സവാള, പച്ച മുളക് എന്നിവയിട്ട് നല്ല കറിയുമാക്കാം. ചെമ്പരത്തിപ്പൂവ് വെളിച്ചെണ്ണയിലിട്ട് വെയിലത്ത് വച്ച് ചൂടാക്കി ഉപയോഗിച്ചാൽ മുടി കൊഴിച്ചിൽ തടയാം. മുടി കറുപ്പ് നിറമാക്കും. പൂവ് നെയ്യിൽ വറുത്തു കഴിച്ചാൽ സ്ത്രീകൾക്ക് ആർത്തവ സമയത്തുണ്ടാകുന്ന അമിത രക്ത സ്രാവം നിൽക്കും.
ബന്ധപ്പെട്ട വാർത്തകൾ: നിത്യപുഷ്പിണി ചെമ്പരത്തി
ഇലകളും, പൂക്കളും, വേരും ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്നു. പൂകളിട്ടുണ്ടാക്കുന്ന കഷായം ജനനേന്ദ്രിയ രോഗങ്ങൾ, ജലദോഷം, ശരീരവേദന, ശ്വാസകോശവീക്കം, ചുമ എന്നിവ നിയന്ത്രിക്കും. തീ പൊള്ളിയാൽ ചെമ്പരത്തിപൂവിന്റെ നീര് പുരട്ടി ശമിപ്പിക്കാം. ഇതിന്റെ നീരിനു വിരേചക ഗുണവും, മാർദവ ഗുണവും ഉള്ളതുകൊണ്ട് ലൈംഗിക രോഗങ്ങൾക്ക് ചെമ്പരത്തി വേര് കാണപ്പെട്ട മരുന്നാണ്. ആയുർവേദത്തിൽ ചെമ്പരത്തിയാദി എണ്ണയും കഷായവും പ്രസിദ്ധമാണ്. എല്ലാം കൊണ്ടും ചെമ്പരത്തി ഒരു കല്പക സസ്യമാണ്. കണ്ണിനും കരളിനും പൂക്കൾ കുളിർമ നൽകും എന്നതിനാൽ നമുക്ക് വേണ്ട ഔഷധങ്ങൾക്ക് ചെമ്പരത്തി നട്ടുവളർത്താം.
ബന്ധപ്പെട്ട വാർത്തകൾ: ചെമ്പരത്തിയും തൈരും ഒരു നാച്യുറൽ കണ്ടീഷണർ; താരനും മുടികൊഴിച്ചിലിനുമെതിരെ മികച്ച കൂട്ട്