ബ്രസീൽ ജന്മദേശമായ സീബ്രച്ചെടിയുടെ ഇലകളാണ് കൂടുതൽ ആകർഷകം. വെളുത്ത വരകളോടുകൂടിയ കടുംപച്ചനിറത്തിലുള്ള ഇലകളാണ് ഈ ചെടിയുടെ പ്രത്യേകത. ഈ ചെടികൾ വളർത്താൻ ബുദ്ധിമുട്ടാണെങ്കിലും അനുകൂലമായ കാലാവസ്ഥ ഒരുക്കിയാല്‍ വളരെ കുറഞ്ഞ പരിചരണത്താല്‍ വളര്‍ന്ന് പൂവിടും. വെള്ളം കൂടുതലുമാകരുത്, കുറവുമാകരുത്. രണ്ടായാലും പ്രശ്‌നമാണ്. ശരിയായ അളവിലുള്ള ഈര്‍പ്പമാണ് ആവശ്യം. മേല്‍മണ്ണ് മാത്രം നനയുന്ന രീതിയില്‍ വെള്ളം ഒഴിക്കുന്നതാണ് തെറ്റായ രീതി. മാസത്തില്‍ ഒരിക്കലെങ്കിലും കൂടുതൽ വെള്ളം ഒഴിച്ച് മണ്ണിലെല്ലായിടത്തും ഈര്‍പ്പമെത്തുന്നുവെന്ന് ഉറപ്പ് വരുത്തണം. തണുപ്പുകാലത്ത് മണ്ണില്‍ തൊട്ടുനോക്കി ഈര്‍പ്പമില്ലെന്ന് ഉറപ്പുവരുത്തി മാത്രം നനച്ചാല്‍ മതിയാകും.
ബന്ധപ്പെട്ട വാർത്തകൾ: ഭംഗിയുള്ള ഇൻഡോർ ഗാർഡൻ പോട്ടുകൾ വെറും 30 രൂപ ചെലവിൽ നിർമ്മിക്കാം
കടുത്ത ചൂടും തണുപ്പും ഏല്‍ക്കാനിടവന്നാല്‍ ചെടി നശിക്കും. അതിനാൽ ചൂടുള്ളതും എയര്‍കണ്ടീഷന്‍ ഉപകരണങ്ങള്‍ വെച്ചിരിക്കുന്നതുമായ സ്ഥലത്തിന് സമീപം ഈ ചെടി വളര്‍ത്തരുത്. നല്ല വെളിച്ചം ആവശ്യമുള്ള ചെടിയാണിത്. എന്നാല്‍ നേരിട്ടുള്ള സൂര്യപ്രകാശം അധികം ഏല്‍ക്കരുത്. ചെടിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിനനുസരിച്ചാണ് പൂക്കളുണ്ടാകാനുള്ള സാധ്യതയും കണക്കാക്കുന്നത്.
സീബ്രാച്ചെടിയുടെ ഇലകളുടെ മനോഹാരിത കൊണ്ടുമാത്രം വളര്‍ത്തുന്നവരുണ്ട്. പൂക്കള്‍ ആവശ്യമില്ലാത്തവര്‍ക്ക് പകുതി തണലുള്ള സ്ഥലത്തും വളര്‍ത്താം. പൂര്‍ണമായ തണലുള്ള സ്ഥലത്തും നേരിട്ട് പതിക്കുന്ന സൂര്യപ്രകാശമുള്ള സ്ഥലത്തും ഈ ചെടി അതിജീവിക്കില്ല. ഇലകള്‍ കരിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: വീടിന് ഭംഗി കൂട്ടാൻ ഈ ചെടികൾ മതി
കൃഷിരീതി
തണ്ട് മുറിച്ചുനട്ടാണ് ഈ ചെടി വളര്‍ത്തുന്നത്. ആറ് ഇഞ്ച് വലുപ്പത്തിലുള്ള തണ്ട് മുറിച്ചെടുത്ത് താഴെയുള്ള ഇലകള്‍ മാറ്റണം. ഈ തണ്ടാണ് ഈര്‍പ്പമുള്ള മണ്ണിലേക്ക് നടുന്നത്. ഒരു മാസമെടുത്താലാണ് വേരുകള്‍ മുളയ്ക്കുന്നത്. പുതിയ ഇലകള്‍ മുളയ്ക്കുമ്പോള്‍ വേരുകള്‍ വളരുന്നുവെന്ന് മനസിലാക്കാം.
മണ്ണും മണലും ചകിരിച്ചോറും ചേര്‍ത്ത മിശ്രിതമാണ് സീബ്രാച്ചെടി വളര്‍ത്താനായി ഉപയോഗിക്കേണ്ടത്. വെള്ളം വാര്‍ന്നുപോകാന്‍ സഹായിക്കുന്നതുകൊണ്ട് മണല്‍ അത്യാവശ്യമാണ്. മണലിന് പകരം പെര്‍ലൈറ്റും ഉപയോഗിക്കാം. മണ്ണിലെ അസിഡിറ്റി 5.5 -നും 6.5 -നും ഇടയിലായി നിലനിര്‍ത്തണം. നന്നായി വളം ആവശ്യമുള്ള ചെടിയാണിത്. വളരുന്ന ഘട്ടത്തില്‍ ഓരോ ആഴ്ചയും വളപ്രയോഗം നടത്തണം. കൃത്യമായ വളപ്രയോഗം നടത്തിയാല്‍ ഇലകളും പൂക്കളും ആകര്‍ഷകമായി വളരും. കൂടുതല്‍ വളപ്രയോഗം നടത്തിയാല്‍ ചെടി നശിക്കും. അതിനാല്‍ ശരിയായ അളവ് അറിയില്ലെങ്കില്‍ കുറഞ്ഞ അളവില്‍ മാത്രം വളം നല്‍കിയാല്‍ മതി.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇൻഡോർ ചെടികൾ... തുടക്കക്കാർക്ക് ഇവ ബെസ്റ്റാ!!
നിറഞ്ഞ് വളരുന്ന തരത്തില്‍ ഈ ചെടി ഒരുക്കിനിര്‍ത്താന്‍ പ്രൂണിങ്ങ് അത്യാവശ്യമാണ്. 12 ഇഞ്ച് മാത്രം ഉയരത്തില്‍ വെട്ടിച്ചെറുതാക്കി നിര്‍ത്തണം. വേനല്‍ക്കാലത്തും പൂക്കളുണ്ടാകുന്ന കാലത്തുമാണ് പ്രൂണിങ്ങ് നടത്തുന്നത്. പൂക്കള്‍ നശിച്ചുകഴിഞ്ഞാല്‍ കൊമ്പുകോതല്‍ നടത്തണം. ഓരോ രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ ചെടിച്ചട്ടി മാറ്റണം. പോട്ടിങ്ങ് മിശ്രിതം മാറ്റി നിറയ്ക്കണം.
സീബ്രാച്ചെടിയില്‍ പൂക്കളുണ്ടാകുന്നില്ലെങ്കില്‍ പ്രധാന കാരണം നേരിട്ടല്ലാതെയുള്ള നല്ല വെളിച്ചത്തിന്റെ അഭാവമാണ്. അതുപോലെ കൃത്യമായ വളം ലഭിക്കാത്തതും കാരണമാകും. പൂക്കളുടെ വളര്‍ച്ചയ്ക്ക് യോജിച്ച രീതിയില്‍ പ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് ചെടികള്‍ മാറ്റിവെച്ചാല്‍ മതി.
വെള്ളം കുറഞ്ഞുപോയാല്‍ ബ്രൗണ്‍ നിറത്തിലുള്ളതും വരണ്ടതുമായ അഗ്രങ്ങളോടുകൂടിയ ഇലകള്‍ കാണപ്പെടുന്നു. അതുപോലെ അമിതമായ സൂര്യപ്രകാശം ലഭിച്ചാല്‍ ഇലകള്‍ ചുരുണ്ട് പോകും. നശിച്ചുപോയതും ചീഞ്ഞതുമായ ഇലകളെ പറിച്ചുമാറ്റി പ്രൂണ്‍ ചെയ്ത് നിലനിര്‍ത്തണം.