എല്ലാ പഴവർഗ്ഗങ്ങളും കഴിക്കാൻ സാധിക്കാത്തത് പ്രമേഹരോഗികൾക്ക് വലിയ വിഷമം നൽകുന്ന കാര്യമാണ്. പ്രത്യേകിച്ചും മാമ്പഴം പോലുള്ള പഞ്ചാര ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങള്‍. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് പാകിസ്ഥാനിലെ ഒരു കര്‍ഷകന്‍ വന്നിരിക്കുന്നത്.
പാകിസ്ഥാനിലെ പ്രശസ്തനായ കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്ന എംഎച്ച് പന്‍വാര്‍ ആരംഭിച്ച ഫാമിലാണ് പരീക്ഷണങ്ങള്‍ നടന്നത്. പന്‍വാറിന്റെ അനന്തരവനായ ഗുലാം സര്‍വാര്‍ ആണ് പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന മധുരം കുറഞ്ഞ മാമ്പഴങ്ങള്‍ വിപണയില്‍ അവതരിപ്പിച്ചത്.
ഈ മാമ്പഴത്തില്‍ നാല് മുതല്‍ ആറ് ശതമാനം വരെ മാത്രമാണ് പഞ്ചസാരയുടെ അളവെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഈ മാമ്പഴങ്ങള്‍ ഓഗസ്ത് മാസം വരെയുള്ള സീസണില്‍ പാക് മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിപണിയിലേക്കും കച്ചവടം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും അയല്‍ രാജ്യങ്ങളില്‍ എത്തിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സിന്ധിലെ ഒരു സ്വകാര്യ കാര്‍ഷിക ഫാമിലെ ശാസ്ത്രീയ പഠനത്തിന് ശേഷമാണ് ഇത് വിപണികളില്‍ അവതരിപ്പിച്ചത്. സോനാരോ, ഗ്ലെന്‍, കീറ്റ് എന്നിങ്ങനെയാണ് മധുരമില്ലാത്ത ഈ പുതിയ ഇനങ്ങളുടെ പേരുകള്‍. ഈ മാമ്പഴങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഏകദേശം അഞ്ച് വര്‍ഷമെടുത്തു എന്നാണ് പറയുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വില മാത്രമേ ഇതിനുള്ളൂവെന്ന് ഗുലാം പറഞ്ഞു. വിപണിയില്‍ കിലോയ്ക്ക് 70 രൂപയാണ് ഇതിന്റെ വില. വരുന്ന ഓഗസ്റ്റ് മാസം അവസാനം മുതല്‍ വിപണികളില്‍ ഇത് ലഭ്യമാകും.
സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് യാതൊരു സഹായവും തേടാതെയാണ് ഗുലാം ഗവേഷണവുമായി മുന്നോട്ട് പോയത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഈ ഇനങ്ങള്‍ അവതരിപ്പിക്കാന്‍ ഗുലാം ഇപ്പോള്‍ പദ്ധതിയിടുന്നു. അദ്ദേഹത്തിന്റെ 300 ഏക്കര്‍ തോട്ടത്തില്‍ മാമ്പഴത്തിന്റെ 44 വ്യത്യസ്ത ഇനങ്ങളുണ്ട്
ജൈവകൃഷിയില്‍ തന്റെ അമ്മാവന്‍ എം എച്ച് പന്‍വാര്‍ ഏറെ പ്രശസ്തനായിരുന്നുവെന്ന് ഗുലാം സര്‍വാര്‍ പറഞ്ഞു.
മാമ്പഴവും വാഴപ്പഴവും ഉള്‍പ്പെടെയുള്ള പഴങ്ങളില്‍ നടത്തിയ ഗവേഷണങ്ങള്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ പന്‍വാറിന് ദേശീയ ബഹുമതി സമ്മാനിച്ചിരുന്നു.