News

രണ്ടര ലക്ഷം വിലയുള്ള മാമ്പഴങ്ങൾ മോഷ്ടിക്കുന്നത് തടയാൻ കാവൽക്കാർ

MP couple hires guards to protect rare, expensive Miyazaki mangoes

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ മിയസാക്കിയ്ക്കാണ് (Miyazaki) ദമ്പതികൾ കാവൽ ഒരുക്കിയത്. അന്താരാഷ്ട്ര വിപണിയിൽ ഒരു കിലോഗ്രാം മിയാസാക്കി മാമ്പഴത്തിന് 2.70 ലക്ഷം രൂപയാണ് വില.

ഡൽഹി: മാമ്പഴങ്ങൾ മോഷ്ടിക്കുന്നത് തടയാൻ മാവിന് കാവൽ ഏർപ്പെടുത്തി മധ്യപ്രദേശിലെ കർഷക ദമ്പതികൾ. നാല് കാവൽക്കാരെയും ആറ് പട്ടികളേയുമാണ് തോട്ടത്തിലെ ഒരു അപൂർവ ഇനം മാങ്ങയുടെ സംരക്ഷണത്തിനായി ദമ്പതികൾ വിന്യസിച്ചിരിക്കുന്നത്. ഇത്രയും കാവൽ നൽകാൻ മാത്രം എന്താണ് ഈ മാങ്ങയ്ക്ക് ഇത്ര പ്രത്യേകത എന്നല്ലേ? എങ്കിൽ കേട്ടോളൂ, ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ മിയസാക്കിയാണ് ഇവരുടെ തോട്ടത്തിൽ കായ്ച്ച് നിൽക്കുന്നത്.

ജപ്പാനിലെ മിയാസാക്കിയാണ് ഈ മാമ്പഴത്തിന്റെ ഉറവിടം. നഗരത്തിന്റെ പേരിൽ‌ അറിയപ്പെടുന്ന ഈ മാമ്പഴം ഏറെ ഔഷധഗുണങ്ങളുള്ളവയാണ്. അന്താരാഷ്ട്ര വിപണിയിൽ ഒരു കിലോഗ്രാം മിയാസാക്കി മാമ്പഴത്തിന് 2.70 ലക്ഷം രൂപയാണ് വില. രൂപവും നിറവുംകൊണ്ട് ഇവ സൂര്യന്റെ മുട്ട എന്നു അറിയപ്പെടുന്നുണ്ട്. വയലറ്റ് നിറത്തിലുള്ള മിയാസാക്കി മാങ്ങയുടെ ഭാരം 350 ഗ്രാമിൽ കൂടുതലാണ്. 15 ശതമാനത്തിലധികം പഞ്ചസാര അടങ്ങിയ ഈ മാമ്പഴത്തിൽ ആന്റിഓക്‌സിഡന്റുകൾ‍, ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ് എന്നിവയുടെ കലവറ തന്നെയുണ്ട്.

കണ്ണുകളുടെ ആരോഗ്യത്തിന് ആ മാമ്പഴം കഴിക്കുന്നത് നല്ലതാണ്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് ഇവയുടെ വിളവെടുപ്പ്. പത്ത് വർഷം മുമ്പ് ഒരു ട്രെയിൻ യാത്രക്കിടെയാണ് റാണി, സങ്കൽപ് പരിഹാർ ദമ്പതികൾക്ക് മിയസാക്കിയുടെ തൈകൾ ലഭിക്കുന്നത്. തങ്ങൾക്കൊപ്പം അതേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് തൈകൾ നൽകിയതെന്നും അദ്ദേഹം പറഞ്ഞതുപോലെ സ്വന്തം മക്കളപോലെയാണ് ഇവയെ ഇത്രയും കാലം വളർത്തിയതെന്നും സങ്കൽപ് പറഞ്ഞു.

അന്ന് ഈ രണ്ട് മാമ്പഴ തൈകൾ നട്ടുപിടിപ്പിക്കുമ്പോൾ ഇതിന്റെ സവിശേഷതയെക്കുറിച്ച് അറിയില്ലായിരുന്നു. അമ്മയുടെ ഓർമ്മയ്ക്കായി ദാമിനി എന്നായിരുന്നു ഇവയ്ക്ക് പേരിട്ടുന്നത്. എന്നാൽ ആദ്യ തവണ കായ്ച്ചപ്പോഴാണ് ഇവയുടെ പ്രത്യേകകളെക്കുറിച്ചും വിലയെക്കുറിച്ചുമൊക്കെ അറിഞ്ഞത്. ഇത് നാട്ടിൽ പാട്ടയതോടെ കഴിഞ്ഞ വർഷം ചിലർ തോട്ടത്തിൽ അതിക്രമിച്ച് കയറി മാമ്പഴങ്ങൾ മോഷ്ടിച്ചിരുന്നു. ഇതോടെയാണ് ഇത്തവണ തോട്ടത്തിന് കാവൻ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് മരത്തിലുമായി ആകെ 7 മിയാസാക്കി മാമ്പളങ്ങളാണ് ഉള്ളത്. അപൂർവയിനം മാങ്ങയായതിനാൽ അവ വാങ്ങാൻ നിരവധി പേർ ദമ്പതികളെ സമീപിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള ഒരു ജ്വല്ലറിയുടമ ഒരു മിയസാക്കി മാമ്പഴത്തിന് 21,000 രൂപ നൽകാൻ തയ്യാറാണെന്ന് അറിയിച്ചതായി റാണി പറഞ്ഞു. എന്നാൽ ഇപ്പോൾ മാമ്പഴം ആർക്കും വിൽക്കേണ്ടെന്നാണ് ദമ്പതികളുടെ തീരുമാനം.


English Summary: MP couple hires guards to protect rare, expensive Miyazaki mangoes

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine