സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമായ ഒരു ഫലമാണ് റംബുട്ടാൻ. ഔഷധമായും ഇത് ഉപയോഗിക്കുന്നുണ്ട്. വിത്ത് വഴിയും ഗ്രാഫ്റ്റ്, മുകുളനം എന്നിവ വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. ലിച്ചിയോട് സാദൃശ്യമുള്ള ഈ ഫലം എങ്ങനെ ബഡ്ഡ് ചെയ്യാമെന്നതിനെ കുറിച്ചാണ് ഇവിടെ എഴുതാൻ പോകുന്നത്.
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ബഡ്ഡ് തൈകളാണ് നല്ലത്. ബഡ്ഡ് തൈകൾ വേഗത്തിൽ വളരുകയും നല്ല വിളവ് നൽകുകയും ചെയ്യുന്നു. ഇതിൽ ആണും പെണ്ണും വെവ്വേറെ മരങ്ങളുണ്ട്. അതിനാൽ ബഡ് ചെയ്തെടുക്കുന്ന തൈകളിലൂടെ മാത്രമേ പെൺചെടി ഉറപ്പാക്കാനാവുകയുള്ളൂ.
സാധാരണയായി പാളി മുകുളനമാണ് (patch budding) ചെയ്തുവരുന്നത്. ഇല കൊഴിഞ്ഞുപോയ തണ്ടുകളിലെ മൂപ്പുകൂടിയ മുകുളങ്ങളാണ് ഒട്ടിക്കാൻ ഉപയോഗിക്കുന്നത്. തണ്ടിന്റെ പുറന്തൊലിയിൽ സമചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോ മുറിവുണ്ടാക്കി അതിന് പാകത്തിനുള്ള മുകുളം ഒട്ടിച്ചെടുക്കുന്ന രീതിയാണിത്.
മുകുളം ഒട്ടിച്ചുചേർക്കാനുള്ള വേരോടുകൂടിയ ചെടിയെ മൂലകാണ്ഡം (റൂട്ട് സ്റ്റോക്) എന്നു പറയുന്നു. മൂലകാണ്ഡത്തിലും ഒട്ടുകമ്പിലുംനിന്ന് തടിയോടുകൂടിയ തൊലി ഒരേ ആകൃതിയിൽ ചെത്തി മാറ്റിയശേഷം ആ മുറിവുകൾ ചേർത്തുവച്ചു കെട്ടുമ്പോൾ അവയുടെ കലകൾ തമ്മിൽ സംയോജിക്കുന്നു. ഇവ തമ്മിൽ ഒട്ടിച്ചേരുന്നതിനാൽ റൂട്ട് സ്റ്റോക്കിന്റെ വേരു വലിച്ചെടുക്കുന്ന വെള്ളവും ആഹാരവും ഒട്ടിച്ചു ചേർത്ത മുകുളത്തിനു ലഭിക്കുന്നു.
റൂട്ട് സ്റ്റോക്ക് അല്ലെങ്കിൽ മൂലകാണ്ഡം തയാറാക്കുമ്പോൾ, അതിന് 2–3 സെ.മീ വണ്ണമുണ്ടെന്ന് ഉറപ്പാക്കുക. തറനിരപ്പിൽനിന്ന് 5–10 സെ.മീ ഉയരത്തിൽ സമചതുരാകൃതിയിൽ 1–2 സെ.മീ വിസ്താരത്തിൽ തൊലി ഇളക്കിയെടുക്കുക.
മുകുളങ്ങൾ പുറത്തേക്കു തള്ളിനിൽക്കാത്തതും നിരപ്പുള്ളതുമാണ് ബഡിങ്ങിന് നല്ലത്. റൂട്ട്സ്റ്റോക്കിലെ തൊലി ഇളക്കിയമാതിരി ഒട്ടുതടിയിലെ ഒരു മുകുളം അടയാളപ്പെടുത്തി ഇളക്കിയെടുക്കണം. ഇതു സ്റ്റോക്കിലുണ്ടാക്കിയ വിടവിനുള്ളിൽ അമർത്തിവയ്ക്കുക. എന്നിട്ട് പോളിത്തീൻ ഷീറ്റോ മെഴുകുതുണിയോ ഉപയോഗിച്ച് വെള്ളം കടക്കാത്തവിധം പൊതിഞ്ഞുകെട്ടി വയ്ക്കണം. ഇപ്രകാരം ഒട്ടിച്ച് ഒരുമാസം കഴിഞ്ഞാൽ കെട്ട് അഴിച്ചുമാറ്റാം. മുകുളം പച്ചയായിരുന്നാൽ പ്രക്രിയ വിജയകരമായി. സ്റ്റോക്കിന്റെ തല ഒരു സെ.മീ. ഉയരത്തിൽ വച്ചു മുറിച്ചുമാറ്റുക. മറ്റു ഭാഗങ്ങളിൽനിന്നുണ്ടാകുന്ന മുകുളങ്ങൾ അപ്പപ്പോൾ സ്റ്റോക്കിൽനിന്നു നീക്കണം. മുളകൾക്കു കരുത്ത് കൂടുതലുണ്ടെങ്കിൽ അവയെ ചരടുപയോഗിച്ച് ചേർത്തുകെട്ടുകയും ചെയ്യുക.
റംബൂട്ടാൻ ശരിക്ക് കായ് പിടിക്കാൻ സ്യൂഡോമോണസ്-പൊട്ടാഷ് സ്‌പ്രേ ഉപയോഗിക്കാം
റംബൂട്ടാൻ പൂക്കളും ഇളം കായ്കളും കൊഴിഞ്ഞുപോവുന്നതിനു പരിഹാരം എന്ത് ?