സപ്പോട്ടയിൽ മാംസ്യം, അന്നജം, കൊഴുപ്പ്, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ എ നിയാസിൻ, പൊട്ടാസ്യം, കോപ്പർ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.
പഴത്തിനായും തടിയിൽ നിന്നും എടുക്കുന്ന കറയ്ക്കായും വ്യാപകമായി സപ്പോർട്ട വളർത്തി വരുന്നു. കേരളത്തിലെ കാലാവസ്ഥയിൽ സപ്പോർട്ട മരത്തിന്റെ കറ വാണിജ്യാടിസ്ഥാനത്തിൽ എടുക്കാറില്ല. മെക്സിക്കോ, ഗൗട്ടിമാല തുടങ്ങിയ രാജ്യങ്ങളിൽ സപ്പോട്ടയുടെ വെളുത്ത കറ (ചിക്കിൾ) ചൂയിംഗം തയ്യാറാക്കാനായി ഉപയോഗിച്ചുവരുന്നു.
വിത്ത് പാകി പിടിപ്പിച്ച് തൈകൾ തയ്യാറാക്കാം. വിത്ത് വഴി വളർത്തിയെടുത്ത ചെടിയിൽ കായ് ഫലം ഉണ്ടാകാൻ 5, 6 വർഷം കാലതാമസമെടുക്കും. കുറഞ്ഞ കാലയളവിൽ കായ്ക്കാനും മാതൃസസ്യത്തിന്റെ സവിശേഷതകൾ പ്രകടമാകാനും കായിക പ്രജനനം വഴി ഉത്പാദിപ്പിച്ചവയാണ് സാധാരണയായി ഉപയോഗിക്കുക.
പതിവയ്ക്കൽ, ഗ്രാഫ്റ്റിങ് എന്നീ രീതികൾ വഴി ഉത്പാദിപ്പിച്ചവ 2-3 വർഷത്തിനുള്ളിൽ കായ്ക്കുവാൻ തുടങ്ങും. ഇവ മുകളിലേയ്ക്ക് കുത്തനെ വളരുന്നതിന് പകരം പടർന്നു വളരുകയും ചെയ്യും. ഗ്രാഫ്റ്റിങ് രീതിയിൽ തൈകൾ ഉത്പാദിപ്പിക്കുവാൻ റൂട്ട്സ് റ്റോക്ക് ആയി സപ്പോട്ടയുടെ പ്രാകൃതയിനമായ കിർണിയാണ് സാധാരണയായി ഉപയോഗിക്കുക. ഇന്ത്യയിൽ നാല് പതിലധികം സങ്കരയിനത്തിൽപ്പെട്ട സപ്പോട്ടയുണ്ട്. ഇതിന്റെ തൈ നടുവാൻ ഏറ്റവും പറ്റിയ സമയം കാലവർഷത്തിന് തൊട്ടുമുമ്പുള്ള സമയമാണ്.
സപ്പോട്ട നടുമ്പോൾ അടിവളമായി എതെങ്കിലും കാലി വളം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇവ ഇട്ടു കൊടുക്കുക. നട്ടതിനു ശേഷം വർഷത്തിൽ 2 പ്രാവശ്യം ജൈവവളം നൽകുക.
പൂക്കൾ പരാഗണം നടന്ന് കായ്കൾ വിളഞ്ഞ് പാകമാകുവാൻ 4 മാസം വരെ കാലതാമസമെടുക്കും. സപ്പോട്ട കൃഷി ചെയ്യുന്നവർ നേരിടുന്ന ഒരു പ്രാധാന പ്രശ്നം ആണ് പൂക്കളുടെ കൊഴിഞ്ഞുപോക്ക്. ഇതിനു പരിഹാരമായി ചെടിയുടെ ചുവട്ടിൽ മാത്രമല്ല ചെടി മൊത്തത്തിലും നനച്ചു കൊടുക്കുക. കൊഴിഞ്ഞ് പോക്ക് രൂക്ഷമാണെങ്കിൽ സ്യൂഡോമോണസ് സ്പ്രേ ചെയ്ത് കൊടുക്കുക.
കായ്കൾ പഴുത്താൽ അണ്ണാൻ, വവ്വാൽ എന്നിവയുടെ ശല്യം ഉണ്ടാകും. ഇത് തടയുന്നതിനായി ചെടി മൊത്തത്തിൽ വലയിട്ട് മൂടുക,കായ് മൂത്ത് പാകമാകുമ്പോൾ തന്നെ പറിച്ച് എടുക്കുക.
കായ് മൂത്ത് പാകമാകുമ്പോൾ പുറംതൊലിയിൽ കാണുന്ന മൊരി പോലുള്ളവ അപ്രത്യക്ഷമായി നല്ല മിനുസമായിത്തീരും.
മൂപ്പെത്തിയ കായ്കൾ മരത്തിൽ നിന്ന് പറിച്ച ശേഷം കറ ഉണങ്ങുന്നതു വരെ നിരത്തിയിടണം. ഒരു സപ്പോട്ടയുടെ കറ മറ്റു കായ്കളിൽ വീണാൽ ആ ഭാഗം കേട് വരുവാൻ സാധ്യതയുണ്ട് . കറ ഉണങ്ങിയ ശേഷം കായ്കൾ വൈക്കോലിൽ പൊതിഞ്ഞ് വച്ചിരുന്നാൽ വേഗത്തിൽ പഴുത്ത് കിട്ടും.
സപ്പോട്ടയിൽ മാംസ്യം, അന്നജം, കൊഴുപ്പ്, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ എ നിയാസിൻ, പൊട്ടാസ്യം, കോപ്പർ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.