മിര്‍ട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന പനിനീർ ചാമ്പ, ചാമ്പയുടെ വിഭാഗത്തില്‍ പെട്ട ഒരിനമാണ്. പനിനീര്‍ ചാമ്പ, ആപ്പിള്‍ ചാമ്പ എന്നിങ്ങനെ പലപേരുകളിലായി അറിയ പ്പെടുന്നു.
സിസിജിയം ജംബോസ് എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം. പനിനീരിന്റെ സ്വാദും, ഗന്ധവുമുള്ളതിനാലാണ് ഇവയ്ക്ക് പനിനീര്‍ ചാമ്പ എന്ന പേര് ലഭിച്ചത്. ഇവയുടെ ജന്മദേശം ഇന്ത്യയാണെന്ന് കരുതപ്പെടുന്നു.
പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവയെ ശിഖരങ്ങളോട് കൂടിയ ചെറുമരത്തിന്റെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാകമാകാത്ത ഇവയുടെ പഴങ്ങള്‍ക്ക് വെള്ള നിറമാണ്. പഴുത്തുതുടങ്ങുമ്പോള്‍ ഇളം റോസും, വെള്ളയും കലര്‍ന്ന നിറമായി മാറുന്നു. ജാം,സിറപ്പ്, അച്ചാര്‍ എന്നിവ നിര്‍മ്മിക്കാനായി ഇവയുടെ കായ് ഉപയോഗിക്കുന്നു.
വിത്തില്‍ നിന്നാണ് പുതിയ തലമുറയുണ്ടാകുന്നത്. ഉള്ളിയുടെ ആകൃതിയില്‍ കാണപ്പെടുന്ന ഉള്ളിച്ചാമ്പയാണ് കൂടുതലായി കേരളത്തില്‍ കണ്ടുവരുന്നത്. പ്രകൃതി നമുക്ക് നല്‍കിയ പോഷകഗുണങ്ങളുള്ള നല്ലൊരു പഴമാണ് ചാമ്പക്ക. കുരു മുളപ്പിച്ചും കൊമ്പ് നട്ടുപിടിപിച്ചും ചാമ്പ നടാം
നമ്മുടെ നാട്ടില്‍ മിക്ക വീട്ടുമുറ്റത്തും കാര്യമായ പരിചരണമൊന്നും നല്‍കാതെ നല്ല ഭംഗിയുള്ള ചാമ്പക്ക പഴങ്ങള്‍ വിളഞ്ഞുനില്‍ക്കാറുണ്ട്. മറ്റെല്ലാ പഴങ്ങളും കൃഷി ചെയ്യുന്നതുപോലെ ചാമ്പക്കയ്ക്കും കൃത്യമായ പരിചരണ രീതികള്‍ ഉണ്ട്.
കൃഷിരീതിയും വളപ്രയോഗവും
നന്നായി മൂത്ത് പഴുത്ത ചാമ്പക്കയുടെ ഉള്ളിലുള്ള.വിത്ത് ആണ് നടീല്‍ വസ്തു. നന്നായി വിളവ് ലഭിക്കാന്‍ നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് കൃഷി ചെയ്യണം.നടാനായി കുഴികള്‍ തയ്യാറാ ക്കുമ്പോള്‍ ഒരടി നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. സാധാരണ വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയുമാണ് കുഴിയില്‍ വളമായി നല്‍കുന്നത്.മേല്‍മണ്ണുമായി ഇത് കൂട്ടിയോജിപ്പിക്കണം. ചാമ്പക്ക വിത്ത് നട്ടു കഴിഞ്ഞാല്‍ ആദ്യത്തെ ഒരു മാസത്തേക്ക് നനയ്ക്കണം. വേനല്‍ക്കാലമായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം...
ചട്ടിയിലും ചാമ്പക്ക നട്ടുവളര്‍ത്താം. വളര്‍ന്ന് വരുമ്പോള്‍ മൂന്ന് മാസത്തിനുശേഷം പറിച്ചുനടാം. നല്ല ഉയരമുള്ള പാത്രങ്ങളില്‍ നട്ടാല്‍ വേര് നല്ല ആഴത്തില്‍ പോകും. മാസത്തില്‍ ഒരിക്കലെങ്കിലും വളപ്രയോഗം നടത്താം. അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങളിൽ മുട്ടത്തോട്, നേന്ത്രപ്പഴത്തൊലി എന്നിവയെല്ലാം ചേര്‍ത്ത് അല്‍പ്പം കഞ്ഞിവെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് അരച്ചെടുക്കുക. ഇത് അല്‍പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചാമ്പക്കയുടെ വേരിന്റെ ഭാഗത്ത് നിന്നും അല്‍പ്പം വിട്ട് ഒഴിച്ചുകൊടുക്കാം. എന്നിട്ട് അല്‍പ്പം മണ്ണ് മുകളിലായി വിതറുക.ഇങ്ങനെ ചെയ്താല്‍ ധാരാളം പഴങ്ങള്‍ ഉണ്ടാകും.
അതുപോലെ കടലപ്പിണ്ണാക്ക് നല്ലൊരു വളമാണ്. ഒരു പാത്രത്തില്‍ കടലപ്പിണ്ണാക്ക് ഇട്ട് അല്‍പ്പം വെള്ളമൊഴിച്ച് അഞ്ച് ദിവസം വെക്കുക. പുളിച്ച് വരുമ്പോള്‍ തെളി ഊറ്റിയെടുത്ത് നേര്‍പ്പിച്ച് ചെടിയുടെ വേരില്‍നിന്ന് അല്‍പ്പം വിട്ട് ഒഴിച്ചു കൊടുക്കാം. പഴങ്ങള്‍ ധാരാളം ഉണ്ടാകാനുള്ള മറ്റൊരു മാര്‍ഗമാണിത്.ചൂട് മൂലം ചാമ്പക്ക പൊഴിയാതിരിക്കാന്‍ ചാമ്പക്കയുടെ ചുവട്ടില്‍ ചകിരി വെച്ചുകൊടുക്കാം.പച്ചിലകളും ഇട്ടുകൊടുക്കാം. അരി കഴുകിയ വെള്ളവും കഞ്ഞിവെള്ളവും ചാമ്പക്കയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം.നല്ല വെയിലത്ത് വളരുന്ന ചാമ്പക്കയില്‍ പുഴുക്കള്‍ കുറവാണ്. ഗന്ധകം പുകച്ചാല്‍ പുഴുവിനെ നശിപ്പിക്കാം.