Updated on: 10 April, 2020 12:28 PM IST

അല്‍പ്പം ചരിത്രം(Short history on Rice) 

10,000-14,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറൈസ റിഫിപൊഗോണ്‍(Oryza rifipogon) എന്ന കാട്ടുപുല്ലില്‍ നിന്നും മനുഷ്യര്‍ വളര്‍ത്തിയെടുത്ത പുല്‍ചെടിയാണ് ഒറൈസ സറ്റൈവ(Oryza sativa) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നെല്ല്. ഉഷ്ണമേഖല പ്രദേശത്ത് (tropical) കാണുന്ന സബ്‌സ്പീഷീസായ ഒറൈസ ഇന്‍ഡിക്കയും (Oryza indica) ഉഷ്ണമേഖലയോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളിലും (Sub tropical) മിതശീതോഷ്ണ മേഖലയിലും (Temperate )കാണുന്ന ഒറൈസ ജാപ്പോണിക്കയും(Oryza japonica) ഏകദേശം 8200-13,500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈനയിലെ പോള്‍ റിവര്‍ വാലിയില്‍ (Pearl river valley) വളര്‍ത്തിയെടുക്കപ്പെട്ടതാണ് എന്ന് കരുതുന്നു. എന്നാല്‍ ഒറൈസ ഗ്ലാബെറിമ (Oryza glaberrima) വളരെ കാലങ്ങള്‍ക്ക് ശേഷം പശ്ചിമാഫ്രിക്കയില്‍ വളര്‍ത്തിയെടുത്തതാണ് എന്നതും ചരിത്രം. ചൈനയില്‍ നിന്നും സാവധാനം പശ്ചിമ ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും കൃഷി വ്യാപിച്ചു. ബിസി 1000 ത്തില്‍ ശ്രീലങ്കയില്‍ നെല്‍കൃഷി ചെയ്തിരുന്നതായി രേഖകള്‍ പറയുന്നു. ബിസി 344-324 ല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ(Alexander the great) യുദ്ധസംഘത്തിലുണ്ടായിരുന്നവരാണ് ഇന്ത്യയില്‍ നിന്നും നെല്ലിനെ ഗ്രീസിലെത്തിച്ചത്. അവിടെനിന്നും അത് ദക്ഷിണ യൂറോപ്പിലും(South Europe) ഉത്തരാഫ്രിക്കയിലും(North Africa) എത്തി. നെല്‍ ഉത്പ്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണുള്ളത്. ചൈനയും ഇന്തോനേഷ്യയും രണ്ടും മൂന്നും സ്ഥാനത്താണ്. അരി ഭക്ഷണം കഴിക്കുന്നതില്‍ ഒന്നാമത് ചൈനയും രണ്ടാമത് ഇന്ത്യയും മൂന്നാമത് ഇന്തോനേഷ്യയുമാണുള്ളത്. കയറ്റുമതിയില്‍ ഒന്നാമത് നില്‍ക്കുന്നത് ഇന്ത്യയും രണ്ടാമത് തായ്‌ലന്റും മൂന്നാമത് വിയറ്റ്‌നാമുമാണ്.
 

കേരളത്തിലെ നെല്‍കൃഷി -മണ്ണും കാലാവസ്ഥയും(Kerala soil and climate) 

നെല്ലിന്റെ വളര്‍ച്ചയില്‍ മണ്ണും കാലാവസ്ഥയും ഗണ്യമായ പങ്കാണ് വഹിക്കുന്നത്. കേരളത്തിലെ എല്ലാത്തരം മണ്ണും നെല്‍കൃഷിക്ക് അനുയോജ്യമാണ്. ചെടി പുഷ്പ്പിക്കുന്ന സമയത്ത് താപനില 16-20 ഡിഗ്രി സെല്‍ഷ്യസിന് ഇടയ്ക്കും വിളയുന്ന സമയത്ത് 18-32 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുന്നതാണ് ഉത്തമം.താപനില 35 ഡിഗ്രിയില്‍ അധികരിക്കുന്നത് വിളവിന് ദോഷമാണ്. നെല്ലിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂലമായ അമ്ലക്ഷാരാവസ്ഥ ( power of hydrogen-pH) 5 മുതല്‍ 8 വരെയാണ്. മണ്ണിന്റെ പ്രത്യേകതയും കാലാവസ്ഥയും അടിസ്ഥാനമാക്കി മൂന്ന് വിളകളിലായി നെല്ലിനെ പറിച്ച് നടുകയോ വിതയ്ക്കുകയോ ചെയ്യാം.

വിരിപ്പ് (Virippu) 

പൊതുവായ കാര്‍ഷിക കാലാവസ്ഥയില്‍ വിരിപ്പ് ഒന്നാം വിളയായി ഏപ്രില്‍/ മെയ് മാസങ്ങളില്‍ വിളയിറക്കി സെപ്തംബര്‍/ ഒക്ടോബറില്‍ കൊയ്യുകയാണ് പതിവ്. ഓണാട്ടുകരയില്‍ വിരിപ്പ് ഒന്നാം വിളയായി ഏപ്രിലിലാണ് കൃഷി ചെയ്യുക. കൊയ്ത്ത് ഓഗസ്റ്റില്‍ നടക്കും. എന്നാല്‍ പൊക്കാളിയില്‍ ഒന്നാം വിളയായി വിരിപ്പ് കൃഷി നടക്കുക മെയ്/ ജൂണ്‍ മാസങ്ങളിലാണ്. വിളവെടുപ്പ് സെപ്തംബര്‍/ഒക്ടോബറില്‍ നടക്കും. കൈപ്പാടില്‍ ഇത് ഏപ്രില്‍/ മെയ് മാസത്തിലും കൊയ്ത്ത് സെപ്തംബര്‍/ ഒക്ടോബറിലുമാണ് നടക്കുക. കരപ്പാടത്തിന് മോടന്‍ നിലം എന്നും പേരുണ്ട്. ഇവിടെ മഴയെ മാത്രം ആശ്രയിച്ചാണ് കൃഷി നടക്കുക. ഇവിടെ ഒന്നാം വിളയ്ക്ക് അനുയോജ്യമായ നെല്ലിനങ്ങള്‍ പിടിബി -28(PTB-28) പിടിബി 29,പിടിബി 30,സുവര്‍ണ്ണ മോടന്‍,അന്നപൂര്‍ണ്ണ,മട്ട ത്രിവേണി,സ്വര്‍ണ്ണപ്രഭ,രോഹിണി,ഐശ്വര്യ,ഹര്‍ഷ,വൈശാഖ് എന്നിവയാണ്. പള്ളിയാല്‍ നിലത്ത് ഹ്രസ്വകാല മൂപ്പിന് രോഹിണി,അന്നപൂര്‍ണ്ണ,മട്ട ത്രിവേണി,ജ്യോതി,കൈരളി,കാഞ്ചന,ഹര്‍ഷ,കാര്‍ത്തിക,അഹല്യ,പ്രത്യാശ എന്നിവയും മധ്യകാല മൂപ്പിന് അശ്വതി,ശബരി,ഭാരതി,ജയ,ഐശ്വര്യ,ആതിര എന്നീ വിത്തുകളും ദീര്‍ഘകാല മൂപ്പിന് മഷൂരിയും ഉപയോഗിക്കുന്നു.

ഇരുപ്പൂ നനവുള്ള നിലത്ത് ഒന്നാം വിളയില്‍ ഹ്രസ്വകാല മൂപ്പ് മതിയെങ്കില്‍ മട്ട ത്രിവേണി, അന്നപൂര്‍ണ്ണ,ജ്യോതി, അരുണ,മകം,സ്വര്‍ണ്ണപ്രഭ,അഹല്യ, വര്‍ഷ, രോഹിണി, കാര്‍ത്തിക,രേവതി,രമണിക,കൃഷ്ണാജ്ഞന,കാഞ്ചന,ഹര്‍ഷ,കൈരളി, കുഞ്ഞുകുഞ്ഞുവര്‍ണ്ണ, കുഞ്ഞുകുഞ്ഞുപ്രിയ, പ്രത്യാശ എന്നിവയും മധ്യകാലമൂപ്പിന് അശ്വതി, ശബരി, ഭാരതി, ജയ, ആരതി, കനകം,രമ്യ, രഞ്ജിനി, പവിത്ര, പഞ്ചമി, ഉമ,ആതിര,ഐശ്വര്യ,പവിഴം,ഭദ്ര എന്നിവയും ദീര്‍ഘകാല മൂപ്പിന് മഷൂരിയും ഉപയോഗിക്കാം. രണ്ടാം വിളയ്ക്ക് രോഹിണി ഒഴികെ ഒന്നാം വിളയ്ക്ക് ഉപയോഗിച്ച എല്ലാ വിത്തുകളും ഉപയോഗിക്കാം. ഇരുപ്പൂ നിലത്ത് നടീലിനാണെങ്കില്‍ ഒന്നാം വിളയില്‍ ഹ്രസ്വകാല മൂപ്പിന് അന്നപൂര്‍ണ്ണ, മട്ടത്രിവേണി, ജ്യോതി, സ്വര്‍ണ്ണപ്രഭ,കൈരളി,കാഞ്ചന,കാര്‍ത്തിക, അരുണ, മകം, രേവതി, രമണിക, കൃഷ്ണാജ്ഞന, വര്‍ഷ, രോഹിണി, അഹല്യ, കുഞ്ഞുകുഞ്ഞു വര്‍ണ്ണ, കുഞ്ഞകുഞ്ഞു പ്രിയ, പ്രത്യാശ എന്നിവയും മധ്യകാലമൂപ്പിന് ജയ, ശബരി, ഭാരതി, അശ്വതി, ആതിര, ഐശ്വര്യ, പവിഴം, രമ്യ,കനകം, രഞ്ജിനി, പവിത്ര, പഞ്ചമി, ഉമ എന്നിവയും ദീര്‍ഘകാല മൂപ്പിന് മംഗള മഷൂരി, പ്രണവ, മഷൂരി, ജൈവ എന്നീ വിത്തുകളും ഉപയോഗിക്കാവുന്നതാണ്.

ഇരുപ്പൂ നിലത്ത് നടീലിന് രണ്ടാം വിളയില്‍ ഹ്രസ്വകാല മൂപ്പിന് അന്നപൂര്‍ണ്ണ, മട്ടത്രിവേണി,  ജ്യോതി,  കൈരളി,  കാഞ്ചന,  കാര്‍ത്തിക,  മകം,  രേവതി,  രമണിക,  കൃഷ്ണാഞ്ജന,  കുഞ്ഞുകുഞ്ഞു വര്‍ണ്ണ, കുഞ്ഞുകുഞ്ഞു പ്രിയ, പ്രത്യാശ എന്നിവയും മധ്യകാലമൂപ്പിന് അശ്വതി, ശബരി, ഭാരതി, ജയ, ആതിര, ഐശ്വര്യ, കനകം, പവിഴം, രമ്യ, രഞ്ജിനി, പവിത്ര, പഞ്ചമി, ഉമ, കരിഷ്മ, സംപദ, ജൈവ എന്നിവയും ദീര്‍ഘകാലമൂപ്പിന് മംഗലമഷൂരി, കരുണ, രശ്മി, നിള, മകരം, കുംഭം, ധനു, അനശ്വര, മഷൂരി എന്നീ വിത്തുകളും ഉപയോഗിക്കാം. മൂന്നാം വിളയ്ക്ക് ഹ്രസ്വകാല മൂപ്പിനായി അന്നപൂര്‍ണ്ണ, മട്ടത്രിവേണി, ജ്യോതി, സ്വര്‍ണ്ണപ്രഭ, കൈരളി, കാഞ്ചന, കാര്‍ത്തിക, മകം, രേവതി, രമണിക, കൃഷ്ണാഞ്ജന, അഹല്യ, ഹര്‍ഷ, വര്‍ഷ, അരുണ, പ്രത്യാശ എന്നിവയും മധ്യകാലമൂപ്പിന് ശബരി, ഭാരതി, ജയ, ആതിര, ഐശ്വര്യ, പവിഴം, രമ്യ, കനകം, രഞ്ജിനി, പവിത്ര, പഞ്ചമി, ഉമ, ജൈവ എന്നിവയും നടാവുന്നതാണ്.

മുണ്ടകന്‍ (Mundakan) 

പൊതുവായി മുണ്ടകന്‍ രണ്ടാം വിളയായാണ് ചെയ്യുന്നത്. സെപ്തംബര്‍/ ഒക്ടോബര്‍ കാലത്ത് വിളയിറക്കി ഡിസംബര്‍/ ജനുവരിക്കാലത്ത് കൊയ്യുന്ന രീതിയാണിത്. ഓണാട്ടുകരയില്‍ ഇത് ഓഗസ്റ്റ/ സെപ്തംബര്‍ കാലത്ത് വിളയിറക്കി ഡിസംബര്‍/ ജാനുവരിയല്‍ കൊയ്യുന്ന രീതിയിലാണ് കണ്ടുവരുന്നത്. കോള്‍ ഒരുപ്പൂ നിലങ്ങളില്‍ മുണ്ടകനെ കടുംകൃഷി എന്നും പറയും. ഓഗസ്റ്റ്/സെപ്തംബറില്‍ തുടങ്ങി ഡിസംബര്‍/ ജാനുവരിയാലാണ് ഇതും അവസാനിക്കുക. പൊക്കാളിയിലെ ഓരു മുണ്ടകനും ഇതേ സമയക്രമമാണ് പാലിക്കാറുള്ളത്. കോള്‍നിലങ്ങളില്‍ അധിക ഹ്രസ്വകാല മൂപ്പിന് ഹ്രസ്വ എന്ന ഇനവും ഹ്രസ്വകാല മൂപ്പിന് അന്നപൂര്‍ണ്ണ, മട്ടത്രിവേണി, ജ്യോതി, സ്വര്‍ണ്ണപ്രഭ, കാര്‍ത്തിക, അരുണ, മകം, കാഞ്ചന, കൈരളി, രേവതി, രമണിക, കൃഷ്ണാഞ്ജന, അഹല്യ, വര്‍ഷ, ഓണം, ഭാഗ്യ, മനുപ്രിയ, പ്രത്യാശ എന്നിവയും മധ്യകാല മൂപ്പിന് അശ്വതി, ശബരി, ഭാരതി, പവിഴം, രമ്യ, കനകം, ജയ, ഐശ്വര്യ, രഞ്ജിനി, പവിത്ര, പഞ്ചമി, ഉമ, ഭദ്ര എന്നീ വിത്തുകളുമാണ് ഗുണപ്രദം. ഓരുമുണ്ടകനില്‍ ദീര്‍ഘകാല മൂപ്പിന് സാഗരയും അമൃതയും ഉത്തമം. 

പുഞ്ച (Puncha) 

പൊതുവായി മൂന്നാം വിളയായാണ് പുഞ്ച കൃഷി ചെയ്യുന്നത്. ഡിസംബര്‍/ ജാനുവരിയില്‍ തുടങ്ങി മാര്‍ച്ച് / ഏപ്രിലില്‍ അവസാനിക്കും. ഓണാട്ടുകരയില്‍ മൂന്നാം വിളയായി ഉത്പ്പാദന ശേഷിയുള്ള ഇനങ്ങളാണ് കൃഷി ചെയ്യുക. ഫെബ്രുവരി/ മാര്‍ച്ചില്‍ തുടങ്ങി ഏപ്രില്‍/ മേയില്‍ അവസാനിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. കുട്ടനാട്ടിലെ പുഞ്ചകൃഷി ഒക്ടോബര്‍/ നവംബര്‍ മാസത്തില്‍ ആരംഭിച്ച് ഫെബ്രുവരി/ മാര്‍ച്ചില്‍ അവസാനിക്കും വിധമാണ്. ഹൈറേഞ്ച് മേഖലയില്‍ ഇത് ഡിസംബര്‍/ ജാനുവരിയില്‍ തുടങ്ങി ഏപ്രില്‍/മേയിലാണ് അവസാനിക്കുക. കുട്ടനാട്ടിലെ പുഞ്ചകൃഷിക്ക് ഹ്രസ്വകാലമൂപ്പിന് കാര്‍ത്തിക,മകം,ജ്യോതി,മട്ടത്രിവേണി,അന്നപൂര്‍ണ്ണ,രേവതി,രമണിക,കൃഷ്ണാഞ്ജന,പ്രത്യാശ എന്നീ വിത്തുകള്‍ ഉപയോഗിക്കാം. മധ്യകാലമൂപ്പിനാണെങ്കില്‍ ഭദ്ര,ആശ,പവിഴം,കനകം,ജയ,ശബരി,രഞ്ജിനി,പവിത്ര,പഞ്ചമി,ഉമ എന്നിവയാണ് ഉത്തമം.
 

വിശേഷാല്‍ വിള(Viseshal vila)

 കുട്ടനാട്ടില്‍ പുഞ്ചയ്ക്ക് മുന്‍പുള്ള വിളയ്ക്കാണ് വിശേഷാല്‍ വിള എന്നു പറയുക. മെയ്/ ജൂണില്‍ തുടങ്ങി ഓഗസ്റ്റ്/ സെപ്തംബറില്‍ ഇത് അവസാനിക്കും. കരിനിലങ്ങളിലെ വിശേഷാല്‍ വിള ജൂണ്‍/ ജൂലൈ മാസങ്ങളില്‍ ആരംഭിച്ച് സെപ്തംബര്‍/ ഒക്ടോബറില്‍ അവസാനിക്കുന്നതാണ്. കുട്ടനാട്ടിലെ വിശേഷവിളയ്ക്ക് ഹ്രസ്വകാലമൂപ്പിന് കാര്‍ത്തിക,അരുണ,മകം,അന്നപൂര്‍ണ്ണ,ജ്യോതി,മട്ടത്രിവേണി,രേവതി, രമണിക,കൃഷ്ണാഞ്ജന,പ്രത്യാശ,ശ്രേയസ് എന്നീ വിത്തിനങ്ങളും മധ്യകാല മൂപ്പിന് പവിഴം,രമ്യ,കനകം,ജയ,ശബരി,രഞ്ജിനി,പവിത്ര,പഞ്ചമി,ഉമ എന്നിവയും അനുഗുണമാണ്. കരിനിലത്തില്‍ വിശേഷാല്‍ വിളയ്ക്ക് ഹ്രസ്വകാലമൂപ്പിന് കൃഷ്ണാഞ്ജന, വൈറ്റില-6 എന്നീ വിത്തുകളും മധ്യകാലമൂപ്പിന് ഉമ,വൈറ്റില-2 എന്നിവയും ഉത്തമമാണ്.ഹൈറേഞ്ച് മേഖലയിലെ നഞ്ചകൃഷി മെയ്/ ജൂണില്‍ തുടങ്ങി ഒക്ടോബര്‍/ നവംബറിലാണ് അവസാനിക്കുക.
 

മറ്റു കൃഷിയിടങ്ങളും വിളകളും (Mattu krishiyidangalum vilakalum)

 പൊക്കാളി പ്രദേശത്ത് ഒന്നാം വിളയായി വൈറ്റില-1,2,3,4,5,6,7,8,9 എന്നീ വിത്തിനങ്ങളാണ് ഉപയോഗിക്കാന്‍ ഉത്തമം. കൈപ്പാട് നിലങ്ങളില്‍ ഒന്നാം വിളയായി എഴോം 1,2,3,4 എന്നിവയാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. തെക്കന്‍ ജില്ലകളിലെ ആഴമുള്ളതും നീര്‍വാര്‍ച്ച കുറവുള്ളതുമായ പ്രദേശങ്ങളില്‍ ഒന്നാംവിളയ്ക്ക് രമ്യ,ആരതി,ഉമ എന്നിവയും രണ്ടാം വിളയ്ക്ക് കൊട്ടാരക്കര-1,ലക്ഷ്മി,നിള,മകരം,കുംഭം,മംഗളമഷൂരി എന്നിവയുമാണ് ഉത്തമം. വെളളക്കെട്ടുളളതും വെളളം കവിഞ്ഞൊഴുകുന്നതുമായ പ്രദേശങ്ങള്‍ക്ക് ഉത്തമം ഐആര്‍-5,പങ്കജ്,ജഗന്നാഥ്,എച്ച്-4,മഷൂരി,നീരജ,മംഗളമഷൂരി എന്നിവയാണ്. ഓണാട്ടുകരയിലും തീരദേശ മണല്‍ പ്രദേശങ്ങളിലും അത്യുത്പാദന ശേഷിയുള്ള ഇനങ്ങള്‍ വളരാത്തിടത്ത്
ഒന്നാം വിളയായി പിടിബി-23, രണ്ടാംവിളയായി പിടിബി-20 എന്നിവയും അത്യത്പ്പാദന ശേഷിയുള്ള ഇനങ്ങള്‍ വളരുന്നിടത്ത് ഒന്നാം വിളയായി ഹ്രസ്വകാല മൂപ്പില്‍ അന്നപൂര്‍ണ്ണ,മട്ടത്രിവേണി,ജ്യോതി,ഭാഗ്യ,രോഹിണി,ഓണം, അരുണ,മകം,കാര്‍ത്തിക,രേവതി,രമണിക,കൃഷ്ണാഞ്ജന.ചിങ്ങം,പ്രത്യാശ എന്നിവയും മധ്യകാലമൂപ്പില്‍ ജയ,ശബരി,ഭാരതി,അശ്വതി,പവിഴം,രമ്യ,കനകം,ആരതി,രഞ്ജിനി,പവിത്ര,പഞ്ചമി,ഉമ എന്നിവയും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം വിളയില്‍ ഹ്രസ്വകാലമൂപ്പില്‍ അന്നപൂര്‍ണ്ണ,മട്ടത്രിവേണി,മകം,ജ്യോതി,കാര്‍ത്തിക,രേവതി,രമണിക,കൃഷ്ണാഞ്ജന എന്നിവയും മധ്യകാലമൂപ്പില്‍ ജയ,ശബരി,ഭാരതി,അശ്വതി,പവിഴം,രമ്യ,കനകം,ധനു,രഞ്ജിനി,പവിത്ര,പഞ്ചമി,ഉമ,ഭദ്ര,ആശ,അനശ്വര,ധന്യ എന്നിവയും ഉത്തമമാണ്. മൂന്നാം വിളയ്ക്ക് ഹ്രസ്വകാല മൂപ്പില്‍ അന്നപൂര്‍ണ്ണ,മട്ടത്രിവേണി,രോഹിണി,മകം,രേവതി,രമണിക,കൃഷ്ണാഞ്ജന, പ്രത്യാശ എന്നിവയും മധ്യകാലമൂപ്പില്‍ ജയ,ശബരി,ഭാരതി,അശ്വതി,പവിഴം,രമ്യ ,കനകം,രഞ്ജിനി,പവിത്ര,പഞ്ചമി,ഉമ,കരിഷ്മ എന്നിവയും ഗുണപ്രദം.പൂന്തല്‍പ്പാടത്ത് കൃഷിക്ക് നീരജയും ശ്വേതയും പൊന്മണിയുമാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്.

ഉയര്‍ന്ന പ്രദേശങ്ങള്‍(Uyarnna pradesangal)

 ഉയര്‍ന്ന പ്രദേശങ്ങളിലെ ഒരുപ്പൂ നിലങ്ങളില്‍ ഐആര്‍-8,അശ്വതി,ജയ,ശബരി,മഷൂരി,ഭദ്ര,ആതിര,ഉമ,ദീപ്തി എന്നിവ കൃഷി ചെയ്യാം. ഇരുപ്പൂ നിലങ്ങള്‍ക്ക് ഒന്നാം വിളയായും രണ്ടാം വിളയായും അശ്വതി,ജയ,ശബരി,ഭാരതി,ഭദ്ര,ആതിര,ദീപ്തി,ഐആര്‍-8,ഉമ എന്നിവയും ഉപയോഗിക്കാം. കൊല്ലം,ആലപ്പുഴ ജില്ലകളിലെ കിഴക്കന്‍ വെട്ടുകല്‍ മേഖലകളില്‍(laterite soil) ലക്ഷ്മി,മകരം,കുംഭം,തുലാം എന്നിവയാണ് ഉത്തമം. കൂട്ടുമുണ്ടകന്‍ ഒന്നാം വിളയായി സംയുക്ത,സ്വര്‍ണ്ണപ്രഭ,വൈശാഖ്,കാര്‍ത്തിക,ഐശ്വര്യ എന്നിവയും രണ്ടാം വിളയില്‍ മകരവും കുംഭവും നടാവുന്നതാണ്. ചിറ്റൂര്‍ കരിമണ്ണില്‍ ഒന്നാം വിളയായി എഎസ്ഡി(ASD) -16,17,മഷൂരി,വര്‍ഷ,എഡിടി(ADT) -43,രഞ്ജിനി എന്നിവയും രണ്ടാം വിളയായി പൊന്നി,വെള്ളപ്പൊന്നി,പൊന്മണി,പ്രണവ,കരുണ,ശ്വേത,ഭദ്ര,ASD-16,17 എന്നിവയും വിത്തായി ഉപയോഗിക്കാം.
 

വിവിധയിനം വിത്തുകളും അവയുടെ സവിശേഷതകളും( Kerala Rice seeds and its specialities) 

അധിക ഹ്രസ്വകാല മൂപ്പുള്ള ഇനം ( Rice Varieties -very short term maturity)

 
ഹ്രസ്വ( hraswa) അധിക ഹ്രസ്വകാല മൂപ്പുള്ള ഇനമാണ് ഹ്രസ്വ.75-80 ദിവസം കൊണ്ട് മൂപ്പെത്തുന്ന ഹ്രസ്വയ്ക്ക് ചുവന്ന ഇടത്തരം ഉരുണ്ട മണികളാണുള്ളത്. വിള നഷ്ടപ്പെട്ട സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ ഹ്രസ്വ വിതയ്ക്കു മാത്രമാണ് ഉപയോഗിക്കുക.ഓല ചുരുട്ടിയുടെ ആക്രമണം ഉണ്ടാകാതെ ശ്രദ്ധിക്കണം.
 
ഹ്രസ്വകാല മൂപ്പുള്ള ഇനങ്ങള്‍ (Rice -short term maturity )
 
കട്ടമോടന്‍-Kattamodan-(PTB 28)- ഹ്രസ്വകാല മൂപ്പുളള കട്ടമോടന്‍ 110-115 ദിവസം കൊണ്ട് മൂപ്പെത്തും. ചുവന്ന,നീളമുള്ള ഉരുണ്ട മണികളുള്ള ഇവ കരപ്രദേശത്തിന് യോജിച്ചതാണ്.വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്.
 
കറുത്ത മോടനും-Karutha modan (PTB 29)ചുവന്ന മോടനും(chuvanna modan)- 105-110 ദിവസംകൊണ്ട് മൂപ്പെത്തുന്ന കറുത്തമോടനും ചുവന്ന മോടനും ചുവന്ന് നീളമുള്ള ഉരുണ്ട മണികളാണുള്ളത്. ഉയരമുള്ള ഈ ഇനം കരപ്രദേശങ്ങള്‍ക്ക് അനുയോജ്യമാണ്.
 
അന്നപൂര്‍ണ്ണ-Annapoorna-(PTB 35) 95-100 ദിവസങ്ങള്‍കൊണ്ട് പാകമാകുന്ന അന്നപൂര്‍ണ്ണയ്ക്ക് ചുവന്ന് കുറിയ ഉരുണ്ടമണികളാണ് ഉണ്ടാവുക. ഒന്നാം വിളയ്ക്കും മൂന്നാം വിളയ്ക്കും വിതയ്ക്കാന്‍ യോജിച്ച ഇതിന് കുലവാട്ടവും പോളരോഗവും മുഞ്ഞയുടെ അക്രമവും ഉണ്ടാകാതെ ശ്രദ്ധിക്കണം
 
രോഹിണി-Rohini-(PTB 36) 85-105 ദിവസങ്ങള്‍ കൊണ്ട് മൂപ്പെത്തുന്ന രോഹിണി വെളുത്ത് നീളമുള്ള ഉരുണ്ട മണികളാണ്. ഒന്നാം വിളയ്ക്ക വിതയ്ക്കാന്‍ അനുയോജ്യമാണിത്.
 
ത്രിവേണി -Thriveni-(PTB 38) 100-105 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തുന്ന ത്രിവേണി വെളുത്ത് നീളമുള്ള ഉരുണ്ട മണികളാണ്. മുഞ്ഞയെ അതിജീവിക്കുമെങ്കിലും കുലവാട്ടവും പോളരോഗവും വരാതെ ശ്രദ്ധിക്കണം
 
ജ്യോതി-Jyothi-(PTB 39) 110-115 ദിവസം കൊണ്ട് മൂപ്പെത്തുന്ന ജ്യോതിക്ക് ചുവന്ന് നീളമുള്ള ഉരുണ്ട മണികളാണുള്ളത്. പൊടിവിതയ്ക്കും നടീലിനും കോള്‍ കുട്ടനാട് നിലങ്ങള്‍ക്കും അനുയോജ്യമായ ജ്യോതിക്ക് പോളരോഗം വരാന്‍ സാധ്യത കൂടുതലാണ്. മുഞ്ഞയെയും കുലവാട്ടത്തെയും ഒരു പരിധിവരെ അതിജീവിക്കും.
 
സ്വര്‍ണ്ണപ്രഭ -Swarnaprabha-(PTB 43 ) 105-110 ദിവസം കൊണ്ട് മൂപ്പെത്തുന്ന സ്വര്‍ണ്ണപ്രഭ വെളുത്ത് നീളമുള്ള ഉരുണ്ട മണികളാണ് ഉത്പ്പാദിപ്പിക്കുക. മോടന്‍ നിലങ്ങള്‍ക്കും ചേറ്റ് നിലങ്ങളിലെ മൂന്നാം വിളയ്ക്കും കൂട്ടുമുണ്ടകന്‍ രീതിയിലെ ഒന്നാം വിളയ്ക്കും അനുയോജ്യം. തണ്ടുതുരപ്പനെ ഒരു പരിധിവരെ അതിജീവിക്കുമെങ്കിലും പോളരോഗത്തിനും ബാക്ടീരിയ മൂലമുളള കരിച്ചിലിനും വിധേയമാകാം.
 
മട്ടത്രിവേണി-matta triveni-( PTB 45) 100-105 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തുന്ന മട്ടത്രിവേണിക്ക് ചുവന്ന ഇടത്തരം ഉരുണ്ട മണികളാണുള്ളത്. ഒന്നാം വിളയ്ക്കും മൂന്നാം വിളയ്ക്കും യോജിച്ച മട്ടത്രിവേണി മുഞ്ഞയെ അതിജീവിക്കുമെങ്കിലും കുലവാട്ടത്തിനും പോളരോഗത്തിനും വിധേയമാകാം.
 
കൈരളി -kairali-(PTB 49) 100-115 ദിവസങ്ങള്‍കൊണ്ട് വിളവെടുക്കാവുന്ന കൈരളി ചുവന്ന് നീളമുള്ള ഉരുണ്ട മണികളാണ്. മൂന്ന് പൂവിനും യോജിച്ച കൈരളി കുലവാട്ടം,പോളരോഗം,ഗാളീച്ച,ഓലചുരുട്ടി എന്നിവയെ ഒരു പരിധിവരെ അതിജീവിക്കും.
 
കാഞ്ചന-kanchana- (PTB 50) 105-110 ദിവസം കൊണ്ട് മൂപ്പെത്തുന്ന കാഞ്ചനയ്ക്ക് ചുവന്ന് നീളമുള്ള ഉരുണ്ട മണികളാണുള്ളത്. കുട്ടനാട് പ്രദേശങ്ങള്‍ക്കും കോള്‍നിലങ്ങള്‍ക്കും യോജിച്ച കാഞ്ചന മൂന്ന് പൂവിനും അനുയോജ്യമാണ്. കുലവാട്ടം, പോളരോഗം,തണ്ടുതുരപ്പന്‍,ഗാളീച്ച എന്നിവയെ പ്രതിരോധിക്കും
 
കാര്‍ത്തിക-karthika- (Mo 7) 105-110 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തുന്ന കാര്‍ത്തിക ചുവന്ന് നീളമുള്ള ഉരുണ്ട മണികളാണ്. മൂന്ന് പൂവിനും അനുയോജ്യം. കൂട്ടുമുണ്ടകന്‍ രീതിയിലെ ഒന്നാം വിളയ്ക്ക് യോജിച്ച കാര്‍ത്തിക പോളരോഗം,പോളചീയല്‍,മുഞ്ഞ എന്നിവയെ ഒരു പരിധിവരെ അതിജീവിക്കും.
 
അരുണ-Aruna- (Mo 8) 100-110 ദിവസംകൊണ്ട് മൂപ്പെത്തുന്ന അരുണയ്ക്ക് ചുവന്ന ഇടത്തരം ഉരുണ്ട മണികളാവും ഉണ്ടാവുക. മഴക്കാലത്ത് കൃഷി ചെയ്യാന്‍ ഉത്തമമായ അരുണയ്ക്ക് സുഷുപ്താവസ്ഥ ഒരു മാസമാണ്. മുഞ്ഞ,തണ്ടുതുരപ്പന്‍ എന്നിവയെ അതിജീവിക്കുന്ന അരുണ ഗാളീച്ചയെയും പോളചീയലിനെയും ഒരു പരിധിവരെ അതിജീവിക്കും.
 
മകം-makam- (Mo 9) 100-110 ദിവസം കൊണ്ട് മൂപ്പെത്തുന്ന മകം ചുവന്ന,ചെറിയ ഉരുണ്ട മണികളാണ്. മൂന്ന് പൂവിലും കൃഷി ചെയ്യാമെങ്കിലും മഴക്കാലത്തേക്കാണ് ഉത്തമം. സുഷുപ്താവസ്ഥ ഒരു മാസമാണ്. മുഞ്ഞ,തണ്ടുതുരപ്പന്‍,ഗാളീച്ച,ഓലചുരുട്ടി,പോളചീയല്‍,പോളരോഗം എന്നിവയെ ഒരു പരിധിവരെ അതിജീവിക്കും.
 
രമണിക-Ramanika- ( Mo 15) 100-105 ദിവസം കൊണ്ട് വിളയുന്ന രമണിക ചെറിയ ഉരുണ്ട ചുവപ്പ് മണികളാണ്. ഉയരം കുറഞ്ഞ്,ചിനപ്പ് പൊട്ടുന്ന രമണിക മുഞ്ഞയെ പ്രതിരോധിക്കും. ഗാളീച്ചയെ ഒരുപരിധിവരെ അതിജീവിക്കുകയും ചെയ്യും.
 
രേവതി-Revathi- ( Mo 17) 105-110 ദിവസം കൊണ്ട് മൂപ്പെത്തുന്ന രേവതി ചുവന്ന് ഇടത്തരം ഉരുണ്ട മണികളാണ്. മൂന്നാഴ്ച സുഷുപ്താവസ്ഥയുള്ള രേവതി ഉയരം കുറഞ്ഞതും ഇടത്തരം ചിനപ്പ് പൊട്ടുന്ന ഇനവുമാണ്. മൂന്ന് പൂവിനും പറ്റുന്ന ഈ വിത്ത് കുട്ടനാട്ടിലെ വിശേഷാല്‍ വിളയ്ക്ക് ഏറ്റവും അനുയോജ്യമാണ്. മുഞ്ഞയെ പ്രതിരോധിക്കുകയും ഗാളീച്ചയെ ഒരു പരിധിവരെ അതിജീവിക്കുകയും ചെയ്യും.
 
കൃഷ്ണാഞ്ജന-Krishnanjana- ( Mo 19 ) 105-110 ദിവസം മൂപ്പു വരുന്ന കൃഷ്ണാഞ്ജന ചുവന്ന ഇടത്തരം ഉരുണ്ട മണികളാണ്. ഇടത്തരം ചിനപ്പുപൊട്ടുന്ന കൃഷ്ണാഞ്ജന മൂന്ന് പൂവിനും യോജിച്ചതാണ്, പ്രത്യേകിച്ചും കുട്ടനാട്ടിലെ കരിനിലങ്ങള്‍ക്ക് അനുയോജ്യം. മൂന്നാഴ്ച സുഷുപ്താവസ്ഥയുള്ള കൃഷ്ണാഞ്ജന ഇരുമ്പ് അയിരിനെയും മുഞ്ഞയെയും പ്രതിരോധിക്കും
 
ഭാഗ്യ-Bhagya-( കായംകുളം 2 ) 100 ദിവസം കൊണ്ട് മൂപ്പെത്തുന്ന ഭാഗ്യയ്ക്ക് ചുവപ്പ് നിറമാണുള്ളത്. ഓണാട്ടുകരയിലെയും കിഴക്കന്‍ വെട്ടുകല്‍ പ്രദേശങ്ങളിലെയും ഒന്നാം വിളയ്ക്ക് യോജിച്ചതാണ്. ആദ്യകാലങ്ങളില്‍ വരള്‍ച്ചയെ പ്രതിരോധിക്കും. കുഴല്‍പുഴു,തണ്ടുതുരപ്പന്‍,ഓലചുരുട്ടി,പോളരോഗം എന്നിവയെ ഒരു പരിധിവരെ പ്രതിരോധിക്കും.
 
ഓണം-Onam-( കായംകുളം 3) 95 ദിവസം കൊണ്ട് മൂപ്പെത്തുന്ന ഓണം ചുവന്ന അരിയാണ്. ഓണാട്ടുകര പ്രദേശത്തെ ഒന്നാം വിളയ്ക്ക്(പൊടിവിത) അനുയോജ്യം. ആദ്യകാലങ്ങളില്‍ വരള്‍ച്ചയെ പ്രതിരോധിക്കും.ഓലകരിച്ചില്‍,പോളരോഗം,കുലവാട്ടം എന്നിവയെ ഒരു പരിധി വരെ അതിജീവിക്കും.
 
എഎസ്ഡി-17(ASD -17) 100-105 വെളുത്ത ചെറിയ ഉരുണ്ട മണികള്‍ ഉള്ള എഎസ്ഡി-17 അത്യുത്പാദന ശേഷിയുള്ള സവിശേഷ അരിയാണ്.
 
അഹല്യ-Ahalya- -90-100 ദിവസംകൊണ്ട് വിളയുന്ന ചുവന്ന അരിയാണ് അഹല്യ. ആദ്യകാലങ്ങളില്‍ വരള്‍ച്ചയെ അതിജീവിക്കുന്ന സവിശേഷമായ ഈ വിത്ത് ഓലചുരുട്ടിയെ പ്രതിരോധിക്കും.
 
ഹര്‍ഷ-Harsha-(PTB 55) - 105-110 ദിവസം കൊണ്ട് മൂപ്പാകുന്ന ഹര്‍ഷ ചുവന്ന് നീളമുളള ഉരുണ്ട മണികളാണ്.മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ വിതയ്ക്ക് യോജിച്ചതാണ് ഹര്‍ഷ. കുലവാട്ടം,വരള്‍ച്ച എന്നിവയെ ഒരു പരിധിവരെ പ്രതിരോധിക്കും
 
വര്‍ഷ-Varsha- (PTB 56)- 110-115 ദിവസംകൊണ്ട് വിളയുന്ന ചുവന്ന് നീളമുളള ഉരുണ്ട മണികളാണ് വര്‍ഷയ്ക്കുള്ളത്. വിതയ്ക്കും നടീലിനും യോജിച്ച വര്‍ഷ നീലവണ്ടിനെ പ്രതിരോധിക്കും.
കുഞ്ഞുകുഞ്ഞു വര്‍ണ്ണ-Kunju kunju varna-( VK 1) -110-115 ദിവസംകൊണ്ട് മൂപ്പെത്തുന്ന കുഞ്ഞുകുഞ്ഞു വര്‍ണ്ണയുടെ അരിമണികള്‍ ചുവന്ന ചെറിയ ഉരുണ്ട മണികളാണ്. ഋതുബന്ധസ്വഭാവമില്ലാത്ത ഈ ഇനം പാലക്കാട്,എറണാകുളം,തൃശൂര്‍ ജില്ലകളിലെ ഇരുപ്പൂ പ്രദേശങ്ങളിലെ വിതയ്ക്കും നടീലിനും യോജിച്ചതാണ്. ഇലകള്‍ തണ്ടിനോട് യോജിക്കുന്നിടത്തും ഇലകള്‍ക്കും ചുവപ്പു രാശിയുണ്ട്. ഗാളീച്ച,തണ്ടുതുരപ്പന്‍,വേള്‍ മാഗട്ട്,ഓലചുരുട്ടി എന്നിവയെ ഒരു പരിധി വരെ അതിജീവിക്കും.
 
കുഞ്ഞുകുഞ്ഞു പ്രിയ-Kunju kunju priya- (VK-2) -105-110 ദിവസം കൊണ്ട് വിളയുന്ന കുഞ്ഞുകുഞ്ഞു പ്രിയ ചുവന്ന ചെറിയ ഉരുണ്ട മണികളാണ്.പാലക്കാട്,എറണാകുളം,തൃശൂര്‍ ജില്ലകളിലെ ഇരുപ്പൂ നിലങ്ങളില്‍ വിതയ്ക്കും നടീലിനും യോജിച്ചതാണ് ഈ വിത്തിനം. ഋതുബന്ധ സ്വഭാവമില്ലാത്ത ഈ ചെടിക്ക് ചുവപ്പുരാശികളില്ല. ഗാളീച്ച,ഓലചുരുട്ടി,തണ്ടുതുരപ്പന്‍,വേള്‍ മാഗട്ട് എന്നിവയെ ഒരു പരിധിവരെ അതിജീവിക്കും.
 
ചിങ്ങം-Chingam- 95-100 ദിവസം മൂപ്പുവരുന്ന ചിങ്ങം ചുവന്ന ചെറിയ ഉരുണ്ട മണികളാണ്. ഋതുബന്ധസ്വഭാവമില്ലാത്ത ചിങ്ങം ഇടത്തരം ഉയരത്തില്‍ വളരും. ഓണാട്ടുകരയില്‍ ഒന്നാം വിളയ്ക്ക് യോജിച്ചതാണ്. പോളരോഗം,തവിട്ട് ഇലപ്പുള്ളി രോഗം എന്നിവയെ ഒരു പരിധിവരെ പ്രതിരോധിക്കും.
 
മനുപ്രിയ-Manupriya-100-110 ദിവസംകൊണ്ട് മൂക്കുന്ന മനുപ്രിയ ചുവന്ന് നീളമുള്ള ഉരുണ്ട മണികളാണ്. കോള്‍നിലങ്ങളില്‍ മൂന്ന് പൂവിനും അനുയോജ്യമാണ് മനുപ്രിയ. പോളരോഗം,ഇലപ്പുള്ളി,തണ്ടുതുരപ്പന്‍,കുഴല്‍വാട്ടം,ഗാളീച്ച എന്നിവയെ അതിജീവിക്കും.
 
പ്രത്യാശ-Prathyasa-(Mo 21) 100-110 ദിവസംകൊണ്ട് മൂപ്പെത്തുന്ന പ്രത്യാശ ചുവന്ന് നീളമുള്ള ഉരുണ്ട മണികളാണ്. ചാഞ്ഞ് വീഴാത്തതും ഋതുബന്ധസ്വഭാവമില്ലാത്തതും ഇടത്തരം ഉയരമുള്ളതുമായ പ്രത്യാശ കുട്ടനാടിന് അനുയോജ്യമായ ഇനമാണ്. ഗാളീച്ച,മുഞ്ഞ,പോളരോഗം,പോളചീയല്‍ എന്നിവയെ ഒരു പരിധിവരെ അതിജീവിക്കും.
 
സംയുക്ത-Samyuktha-(PTB-59) 112-117 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തുന്ന സംയുക്ത ചുവന്ന ചെറിയ അരിമണികളാണ്.കൂട്ടുമുണ്ടകന്‍ കൃഷിയില്‍ മകരത്തോടൊപ്പം ഒന്നാം വിളയായി മധ്യകേരളത്തില്‍ ഇത് കൃഷി ചെയ്യാം.
 
ASD-16 (എഎസ്ഡ്-16) 110-115 ദിവസംകൊണ്ട് മൂക്കുന്ന ഈ വിത്ത് വെളുത്ത ചെറിയ ഉരുണ്ട മണികളാണ്. അത്യുത്പാദന ശേഷിയും സവിശേഷതയുമുള്ള അരിയാണിത്.
 

മധ്യകാല മൂപ്പുള്ള വിത്തുകള്‍ ( Rice-Medium term maturity)

 ജയ-Jaya-120-125 ദിവസംകൊണ്ട്മൂക്കുന്ന ജയ വെളുത്ത് നീളമുള്ള ഉരുണ്ട മണികളാണ്. ഉത്പ്പാദനക്ഷമത കൂടിയ ജയ മുഞ്ഞയുടേയും മറ്റ് കീടങ്ങളുടെയും ആക്രമണത്തിന് വിധേയമാകാന്‍ ഇടയുളള ഇനമാണ്.
 
അശ്വതി-Aswathy-(PTB-37) -വിളവെടുപ്പിന് 120-125 ദിവസം വേണ്ടിവരുന്ന അശ്വതി വെളുത്ത് നീളമുള്ള ഉരുണ്ട മണികളാണ്. ഒന്നാം വിളയ്ക്ക് പൊടിവിതയ്ക്ക് അനുയോജ്യമാണ് അശ്വതി.
 
ശബരി-Sabari-(PTB-40)- 130-135 ദിവസം കൊണ്ട് മൂക്കുന്ന ശബരി ചുവന്ന് നീളമുള്ള ഉരുണ്ട അരിയാണ്. പോളരോഗം വരാതെ ശ്രദ്ധിക്കേണ്ട ഇനമാണ് ശബരി
 
ഭാരതി-Bharathi- (PTB-41) -120-125 ദിവസം കൊണ്ട് കൊയ്ത്തിന് തയ്യാറാകുന്ന ഭാരതി ചുവന്ന നീളമുള്ള ഉരുണ്ട മണികളാണ്. പൊടിവിതയ്ക്ക് യോജിച്ച ഭാരതി മുഞ്ഞയെ പ്രതിരോധിക്കുകയും കുലവാട്ടത്തെ ഒരു പരിധിവരെ അതിജീവിക്കുകയും ചെയ്യും.
 
സുവര്‍ണ്ണമോടന്‍-Suvarnamodan-(PTB-42) - 110-115 ദിവസംകൊണ്ട് മൂക്കുന്ന സുവര്‍ണ്ണമോടന്‍ വെളുത്ത അരിയാണ്. പൊടിവിതയ്ക്ക് യോജിച്ച ഈ വിത്ത് ഇടത്തരം ഉയരമുള്ളതും രോഗകീടങ്ങളെ ഒരു പരിധിവരെ അതിജീവിക്കുന്നതുമാണ്
 
ജയതി-Jayathi-(PTB 46) -120-125 ദിവസംകൊണ്ട് മൂപ്പെത്തുന്ന ജയതി വെളുത്ത മണിയാണ്. മൂന്ന് പൂവിനും യോജിച്ച ചാഞ്ഞുവീഴാത്ത ഇനമാണ് ജയതി. ഇടത്തരം ഉയരത്തില്‍ വളരുന്ന ഇവ മുഞ്ഞ,ഓലചുരുട്ടി,ബാക്ടീരിയല്‍ ലീഫ് സ്ട്രിക്ക്,കുലവാട്ടം,പച്ചത്തുള്ളന്‍ എന്നിവയെ പ്രതിരോധിക്കും.
 
ആതിര-Athira-(PTB-51) -120-130 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തുന്ന ആതിര ചുവന്ന ചെറിയ ഉരുണ്ട മണികളാണ്. ഇടത്തരം പൊക്കമുളളതും ചാഞ്ഞുവീഴാത്തതുമായ ആതിര ഒന്നാം വിളയിലും രണ്ടാം വിളയിലും കൃഷി ചെയ്യാം. മലമ്പദേശങ്ങള്‍ക്കു യോജിച്ച ഈ ഇനം കുലവാട്ടം ,പോളരോഗം,മുഞ്ഞ,ഓലകരിച്ചില്‍ എന്നിവയെ ഒരു പരിധിവരെ അതിജീവിക്കും.
ഐശ്വര്യ-Aiswarya-( PTB-52) -120-125 ദിവസംകൊണ്ട് വിളയുന്ന ഐശ്വര്യ ചുവന്ന് നീളമുള്ള ഉരുണ്ട മണികളാണ്. മോടന്‍ കൃഷിക്ക് യോജിച്ച ഇത് ഒന്നാം വിളയ്ക്കും രണ്ടാം വിളയ്ക്കും ഗുണകരമാണ്.മുഞ്ഞ,കുലവാട്ടം,പോളരോഗം,ഓലകരിച്ചില്‍ എന്നിവയെ ചെറുക്കാനും ഐശ്വര്യക്ക് കഴിയും.
 
അനശ്വര-Anaswara-(PTB-58)- 125-130 ദിവസംകൊണ്ട് മൂക്കുന്ന അനശ്വര ചുവന്ന ഇടത്തരം ഉരുണ്ട മണികളാണ്.ഇടത്തരം ഉയരവും ഋതുബന്ധ സ്വഭാവവും ചാഞ്ഞുവീഴാനുള്ള സാധ്യതയും കുറവുള്ളതും മുണ്ടകന്‍ വിളയ്ക്ക് അനുയോജ്യവുമാണ് അനശ്വര വിത്തുകള്‍. കുലവാട്ടം, പോളരോഗം,ഓലചുരുട്ടി,തണ്ടുതുരപ്പന്‍,ഗാളീച്ച എന്നിവയെ ഒരു പരിധിവരെ പ്രതിരോധിക്കാനും ഇതിന് കഴിയും.
 
ഭദ്ര-Bhadra-(Mo-4)-120-125 ദിവസം കൊണ്ട് വിളയുന്ന ഭദ്ര ചുവന്ന ചെറിയ ഉരുണ്ട മണികളാണ്. കുട്ടനാട്ടില്‍ പുഞ്ചകൃഷിക്ക് പറ്റിയതാണ് ഭദ്ര.വിശേഷാല്‍ വിളയ്ക്ക 135 ദിവസം വേണ്ടിവരും.ചെറിയ തോതില്‍ ഋതുബന്ധസ്വഭാവവും കീടരോഗ പ്രതിരോധ ശേഷിയുമുണ്ട്.
 
ആശ-Asha-(Mo 5) -115-120 ദിവസങ്ങല്‍കൊണ്ട് മൂക്കുന്ന ഇനമാണ് ആശ. ചുവന്ന ചെറിയ ഉരുണ്ട മണികളാണുള്ളത്. കുട്ടനാട്ടിലെ രണ്ട് കൃഷിക്കാലങ്ങള്‍ക്കും യോജിച്ച ആശ വിത്തുകള്‍ രോഗകീടങ്ങള്‍ക്കെതിരെ ഇടത്തരം പ്രതിരോധം നടത്തും, മുഞ്ഞയെ ചെറുക്കും.
 
പവിഴം-Pavizham-(Mo-6) -115-120 ദിവസം കൊണ്ട് മൂക്കുന്ന പവിഴം ചുവന്ന ചെറിയ ഉരുണ്ട മണികളാണ്. എളുപ്പത്തില്‍ മെതിക്കാവുന്ന പവിഴം മുഞ്ഞയെ ചെറുക്കും. സ്റ്റാക്ക് ബേണ്‍,പോളചീയല്‍ എന്നിവയ്‌ക്കെതിരെ ഇടത്തരം പ്രതിരോധം തീര്‍ക്കുന്ന പവിഴം പോളരോഗത്തെ നന്നായി പ്രതിരോധിക്കും.
 
രമ്യ-Ramya-(Mo-10)- 110 -120 ദിവസങ്ങള്‍കൊണ്ട് മൂക്കുന്ന രമ്യ ചുവന്ന നീളമുള്ള ഉരുണ്ട മണികളാണ്. ഇടത്തരം ഉയരമുള്ള,മൂന്ന പൂവിനും യോജിച്ച ഇനമാണ് രമ്യ. സുഷുപ്താവസ്ഥ ഒരു മാസം വരെയാകും. മുഞ്ഞ,ഗാളീച്ച,പോളരോഗം,പോളചീയല്‍ എന്നിവയ്‌ക്കെതിരെ ഇടത്തരം പ്രതിരോധം തീര്‍ക്കും.
 
കനകം-Kanakam-(MO-11) -120-125 ദിവസംകൊണ്ട് മൂക്കും. എല്ലാ കൃഷിക്കാലത്തിനും യോജിച്ച ഇടത്തരം ഉയരമുള്ള ഇനമാണ്. തണ്ടുതുരപ്പന്‍,ഓലകരിച്ചില്‍ എന്നിവയ്‌ക്കെതിരെ ഇടത്തരം പ്രതിരോധം തീര്‍ക്കുന്ന കനകം മുഞ്ഞ,കുലവാട്ടം,തുംഗ്രോ വൈറല്‍ രോഗം എന്നിവയെ ചെറുത്തു നില്‍ക്കും
 
രഞ്ജിനി-Ranjini-(MO-12) -115-120 കൊണ്ട് മൂപ്പെത്തുന്ന ചുവന്ന ഇടത്തരം ഉരുണ്ട മണികളാണ് രഞ്ജിനിക്കുള്ളത്. ഉയരം കുറഞ്ഞ ഇനമാണ്. കുലവാട്ടം,മുഞ്ഞ എന്നിവയെ ചെറുക്കും.
 
പവിത്ര-Pavithra-(MO-13) -115-120 ദിവസംകൊണ്ട് മൂക്കുന്ന ചുവന്ന ഇടത്തരം ഉരുണ്ട മണികളാണ് പവിഴത്തിന്. ഉയരം കുറഞ്ഞ,ഇടത്തരം ചിനപ്പു പൊട്ടുന്ന ഇനമാണിത്. മുഞ്ഞ, ജിഎം ബയോടൈപ്പ്-5 (GM Biotype -5) എന്നിവയെ ചെറുക്കും
 
പഞ്ചമി-Panchami-( MO-14) 115-120 ദിവസം കൊണ്ട് മൂപ്പെത്തുന്ന ചുവന്ന ഇടത്തരം ഉരുണ്ട മണികളാണിവ.ഉയരം കുറഞ്ഞ, ഇടത്തരം ചിനപ്പു പൊട്ടുന്ന ഇനമാണ്. മുഞ്ഞ, ജിഎം ബയോടൈപ്പ്-5 എന്നിവയെ ചെറുക്കും.
 
ഉമ-Uma-( MO-16) -115-120 ദിവസം കൊണ്ട് പുഞ്ചയിലും മറ്റിടങ്ങളില്‍ 120-135 ദിവസംകൊണ്ടും മൂപ്പെത്തുന്ന ചുവന്ന ഇടത്തരം ഉരുണ്ട മണികളാണ് ഇവ. ചാഞ്ഞുവീഴാത്ത ഇനമാണ്. മൂന്ന് പൂവിനും യോജിച്ച ഉമ കുട്ടനാട്ടിലെ വിശേഷാല്‍ വിളക്ക് ഉത്തമമാണ്. മൂന്നാഴ്ച സുഷുപ്താവസ്ഥയുള്ള ഉമ മുഞ്ഞ, ജിഎം ബയോടൈപ്പ്-5 എന്നിവയെ ചെറുക്കും.
കരിഷ്മ-Karishma-(MO-18)- 115-120 ദിവസംകൊണ്ട് മൂപ്പെത്തുന്ന ചുവന്ന ഇടത്തരം ഉരുണ്ട മണികളാണ് കരിഷ്മ. മൂന്ന് പൂവിനും പ്രത്യേകിച്ച് കുട്ടനാട്ടിലെ കരിനിലങ്ങളിലേക്കും യോജിച്ചതാണ്. കുറിയ,ഇടത്തരം ചിനപ്പുപൊട്ടുന്ന ഇനമാണിത്. ഇരുമ്പയിരിനെയും മുഞ്ഞയെയും ചെറുക്കും,ജിഎമ്മിനെതിരെ ഇടത്തരം പ്രതിരോധം തീര്‍ക്കും.
 
ഗൗരി-Gowri-( MO-20) -115-120 ദിവസംകൊണ്ട് മൂപ്പെത്തുന്ന ചുവന്ന ഇടത്തരം ഉരുണ്ട മണികളാണിത്.ഇടത്തരം പൊക്കമുള്ള,ചാഞ്ഞുവീഴാത്ത ഇവ പുഞ്ചകൃഷിക്ക് യോജിച്ചതാണ്. കുട്ടനാട്ടിലെ വിശേഷാല്‍ വിളയ്ക്കും കോള്‍ നിലത്തിലെ മുണ്ടകനും ഇരുപ്പൂ നിലങ്ങളിലെ ഒന്നും രണ്ടും പൂവിനും യോജിച്ച ഗൗരി പോളരോഗത്തിനെതിരെ ഇടത്തരം പ്രതിരോധം തീര്‍ക്കും.
 
ശ്രേയസ-Sreyas-(MO-22 ) -115-120 ദിവസങ്ങള്‍കൊണ്ട് വിളയുന്ന ശ്രേയസിന് ചുവപ്പു നിറമാണ്. ഹെക്ടറിന് 7-7.5 ഹെക്ടര്‍ വരെ ലഭിക്കുന്ന അത്യുത്പാദന ശേഷിയുള്ള ശ്രേയസ് പോളരോഗം,പോളചീയല്‍,ഓലകരിച്ചില്‍,ലക്ഷ്മീരോഗം എന്നിവയ്ക്ക് ഇടത്തരം പ്രതിരോധം തീര്‍ക്കും
 
വൈറ്റില -1(vytila-1) ഉയരമുളള ചൂട്ടുപൊക്കാളി എന്നറിയപ്പെടുന്ന ഇവ 115 ദിവസംകൊണ്ട് മൂപ്പെത്തുന്ന ചുവന്ന ഇനമാണ്. പൊക്കാളി നിലങ്ങള്‍ക്ക് അനുയോജ്യമാണ് വൈറ്റില-1
 
വൈറ്റില -2(Vytila-2) ഉയരമുളള ചെറുവിരിപ്പ് എന്നറിയപ്പെടുന്ന ഇവ 125-130 ദിവസം കൊണ്ട് മൂപ്പെത്തും. ചുവന്ന് ഉരുണ്ട മണികളുള്ള ഇവ എറണാകുളം ആലപ്പുഴ ജില്ലകളിലെ ഉപ്പുരസമുള്ള മണ്ണില്‍ വിരിപ്പ് കൃഷിക്ക് യോജിച്ചതാണ്.
 
വൈറ്റില-3(Vytila-3) ഈ ചുവന്ന ഇനം 110-115 ദിവസങ്ങള്‍കൊണ്ട് മൂക്കും. എറണാകുളം,ആലപ്പുഴ ജില്ലകളിലെ തീരപ്രദേശത്തെ ഉപ്പുരസമുള്ള മണ്ണില്‍ വിരിപ്പ് കൃഷിക്ക് അനുയോജ്യം.
 
വൈറ്റില-4(Vytila-4) ഈ ചുവന്ന ഇനം 120-125 ദിവസംകൊണ്ട് മൂപ്പെത്തും. പൊക്കാളി നിലങ്ങളിലും വെളളക്കെട്ടുള്ള പ്രദേശങ്ങളിലും വിരിപ്പ് കൃഷിക്ക് യോജിച്ചതാണ് ഈ ഇനം
 
വൈറ്റില-5(Vytila-5) ഈ ചുവന്ന ഇനം 115-120 ദിവസംകൊണ്ട് മൂപ്പെത്തും. ഉയരമുള്ളതും ഇടത്തരം ചാഞ്ഞുവീഴുന്ന ഇനവുമാണ്. തണ്ടുതുരപ്പന്‍,ഓലചുരുട്ടി,ചാഴി,ബാക്ടീരിയല്‍ ഓലകരിച്ചില്‍,ലീഫ് സ്്കാള്‍ഡ് എന്നിവ ഒഴിച്ച് മറ്റ് രോഗകീടങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കും.
 
വൈറ്റില-6(Vytila-6) ചുവന്ന ഇടത്തരം ഉരുണ്ട മണികളുള്ളത്. 105-110 ദിവസംകൊണ്ട് മൂക്കും. പൊക്കാളി നിലങ്ങളില്‍ വിരിപ്പൂകൃഷിക്കും ഉപ്പുരസം,പുളി രസം,വെള്ളക്കെട്ട് എന്നിവയുള്ള പ്രദേശങ്ങള്‍ക്കും യോജിച്ച ചാഞ്ഞുവീഴാത്ത ഇടത്തരം പൊക്കമുള്ള ഇനമാണിത്
 
വൈറ്റില -7(Vytila-7) വെളുത്ത് നീളമുള്ള മെലിഞ്ഞ മണികളുള്ള ഇവ 110-115 ദിവസം കൊണ്ട് മൂപ്പെത്തും. ഇടത്തരം ഉയരമുള്ള, ചായാത്തതും അത്യുത്പ്പാദനശേഷിയുളളതും ഉപ്പുരസത്തെ ചെറുക്കുന്നതുമായ ഇനമാണ്. തീരപ്രദേശങ്ങള്‍ക്ക് അനുയോജ്യം.
 
വൈറ്റില -8(Vytila-8) ചുവന്ന ഇടത്തരം ഉരുണ്ട മണികള്‍ തരുന്ന ഈ ഇനം 115-120 ദിവസംകൊണ്ട് മൂപ്പെത്തും. ഇടത്തരം ഉയരമുള്ള,ചായാത്തതും അത്യുത്പ്പാദനശേഷിയുള്ളതും ഉപ്പുരസം ചെറുക്കുന്നതുമായ ഈ ഇനം തീരപ്രദേശങ്ങള്‍ക്ക് അനുയോജ്യമാണ്.
 
വൈറ്റില-9(Vytila-9) ചുവന്ന ഇടത്തരം ഉരുണ്ട മണികളുള്ള ഈ ഇനം 110-115 ദിവസംകൊണ്ട് വിളയും. തീരപ്രദേശങ്ങളിലെ വിരിപ്പ് കൃഷിക്ക് അനുയോജ്യമാണ്. അത്യുത്പ്പാദനശേഷിയുള്ള,ഉപ്പുരസത്തേയും വെളളക്കെട്ടിനേയും അതിജീവിക്കുന്ന ഇനമാണിത്.
 
എഴോം -2(Ezhom-2) ചുവന്ന ഇടത്തരം ഉരുണ്ട മണികളുള്ള ഈ ഇനം 125-130 ദിവസങ്ങള്‍കൊണ്ട് മൂക്കും. വിരിപ്പ് കൃഷി,വടക്കന്‍ കേരളത്തിലെ ഉപ്പുരസമുള്ള തീരപ്രദേശ കയ്പ്പാട് കൃഷിക്ക് അനുയോജ്യമാണ്. ഇടത്തരം പൊക്കമുള്ള,ചായാത്ത,പൊഴിയാത്ത സവിശേഷ ഗുണമുളള ഇനമാണിത്.കയ്പ്പാട് പ്രദേശങ്ങളില്‍ ഇതിന് രോഗകീടബാധകള്‍ ഉണ്ടാകാറില്ല
 
എഴോം -3(Ezhom-3) ചുവന്ന ഇനമായ ഇത് 120-125 ദിവസങ്ങള്‍കൊണ്ട് മൂക്കും. ഉപ്പുരസത്തെ ഒരു പരിധിവരെ ചെറുക്കുന്ന ഇവ കയ്പ്പാട് പൊക്കാളി നിലങ്ങളില്‍ ഒന്നാം വിളയ്ക്കും രണ്ടാം വിളയ്ക്കും അനുയോജ്യമാണ്.
 
ആരതി-Arathi-( ACV-1)- 120-135 ദിവസങ്ങള്‍കൊണ്ട് പാകമാകുന്ന ചുവന്ന ഇനമാണിത്. ഒരു മാസമാണ് സുഷുപ്താവസ്ഥ. തെക്കന്‍ മേഖലയില്‍ വൈകി വിതയ്ക്കുന്ന സാഹചര്യങ്ങളിലും ഒന്നാം വിളയ്ക്ക് മൂപ്പേറിയ ഞാറ് ഉപയോഗിക്കേണ്ടി വരുമ്പോഴും അനുയോജ്യമാണ്. പോളരോഗം,പോളചീയല്‍,മുഞ്ഞ എന്നിവയ്ക്ക് ഇടത്തരം പ്രതിരോധമുണ്ടാക്കും
 
വൈശാഖ്-Vyshak)( PTB-60) -117-125 ദിവസങ്ങളില്‍ മൂപ്പെത്തുന്ന ചുവന്ന ചെറിയ ഉരുണ്ട മണികളാണിവ. കരകൃഷിക്ക് ഒന്നാം വിളയില്‍ പൊടിവിതയ്ക്ക് അനുയോജ്യം. വരള്‍ച്ചയേയും നീലവണ്ടിനേയും അതിജീവിക്കും. തണ്ടുതുരപ്പന്‍,വേള്‍ മാഗട്ട് എന്നിവയ്ക്ക് ഇടത്തരം പ്രതിരോധം തീര്‍ക്കും
 
സംപദ(Sampada) - 130-135 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തുന്ന വെളുത്ത ഇടത്തരം മെലിഞ്ഞ അരിയാണിത്. ഇടത്തരം ഉയരമുണ്ടാവുന്ന ,ചായുന്ന സ്വഭാവം ഇല്ലാത്ത അത്യുത്പ്പാദന ശേഷിയുളള ഇനമാണ് സംപദ. സവിശേഷ ഗുണമുള്ളതും കയറ്റുമതി സാധ്യതയുള്ളതുമായ ഇനമാണിത്. ഉയര്‍ന്ന അരിവീഴ്ചയുമുണ്ട്. കുലവാട്ടം,വെളുത്ത മുഞ്ഞ,തുംഗ്രോ രോഗം എന്നിവയെ പ്രതിരോധിക്കും.

ദീര്‍ഘകാല മൂപ്പുളള ഇനങ്ങള്‍ (Rice -Long term variety)

 ലക്ഷ്മി-Lakshmi-(കായംകുളം 1) -175-180 ദിവസംകൊണ്ട് മൂക്കുന്ന ചുവന്ന ഇനമാണിത്. രണ്ടാം വിലയ്ക്ക് അനുയോജ്യമാണ്. പോളരോഗം,ഓലകരിച്ചില്‍,കുലവാട്ടം,ഓലചുരുട്ടി എന്നിവയ്ക്ക് ഇടത്തരം പ്രതിരോധം തീര്‍ക്കും
 
ധന്യ-Dhanya-( കായംകുളം 4)- 160-165 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തുന്ന ചുവന്ന ഇനമാണിത്. ഋതുബന്ധസ്വഭാവമുള്ള ധന്യ തണ്ടുതുരപ്പന്‍,ഗാളീച്ച,കുലവാട്ടം,പോളരോഗം എന്നിവയ്ക്ക് ഇടത്തരം പ്രതിരോധം തീര്‍ക്കും
 
രശ്മി-Reshmi-( PTB 44) -150-160 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തുന്ന ചുവന്ന ഇനമാണിത്. കൂട്ടുമുണ്ടകന്‍ രീതിയിലെ രണ്ടാം വിളയ്ക്ക് യോജിച്ച ഇവ ഓലചുരുട്ടി,ഗാളീച്ച എന്നിവയെ പ്രതിരോധിക്കും.
 
നീരജ-Neeraja-(PTB 47)- 140-150 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തുന്ന വെളുത്ത ഇനമാണിത്. ഋതുബന്ധ സ്വഭാവമുള്ള ചാഞ്ഞുവീഴാത്ത ഇനമാണിത്. വെള്ളക്കെട്ടുള്ളതും വെള്ളപ്പൊക്ക ഭീഷണിയുള്ളതുമായ പ്രദേശങ്ങള്‍ക്കും പൂന്തല്‍പാടങ്ങള്‍ക്കും യോജിച്ചതാണിവ.സുഷുപ്താവസ്ഥയുമുണ്ട്. പോളരോഗത്തിന് സാധ്യതയുണ്ട്. കുലവാട്ടത്തെ പ്രതിരോധിക്കും, ഓലചുരുട്ടിക്ക് ഇടത്തരം പ്രതിരോധം തീര്‍ക്കും
 
നിള-Nila-( PTB-48)- 160-180 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തുന്ന ഇവ ചുവന്ന ചെറിയ ഉരുണ്ട മണികളാണ്. നല്ല അരിയും വൈക്കോലും ലഭിക്കുന്ന ഇവ കുറഞ്ഞ വളപ്രയോഗത്തിലും നല്ല വിളവ് തരും. കരിങ്കോരകൃഷിക്ക് പറ്റിയതാണിത്. ജനുവരി പകുതിവരെ ജലസേചന സൗകര്യം ലഭിക്കുമെന്ന് ഉറപ്പുള്ളിടത്ത് ഇത് കൃഷി ചെയ്യാം. ഋതുബന്ധസ്വഭാവം ഉള്ളതാണ്. ഇലപ്പേന്‍,മുഞ്ഞ എന്നിവയ്ക്ക് പ്രതിരോധം ഉള്ളതും ഗാളീച്ച,തണ്ടുതുരപ്പന്‍,പോളരോഗം എന്നിവയ്ക്ക് ഇടത്തരം പ്രതിരോധമുള്ളതുമാണ് ഈ ഇനം.
 
മംഗള മഷൂരി-Mangala Mashoori-(PTB-53)- 140-145 ദിവസംകൊണ്ട് വിളയുന്ന ചുവന്ന ഇടത്തരം മെലിഞ്ഞ മണികളാണ് ഇവ. കുറഞ്ഞ വളപ്രയോഗത്തിലും നല്ല വിളവ് തരും. ഇരുമ്പയിര്,വെളളക്കെട്ട് എന്നിവയെ അതിജീവിക്കും. രോഗപ്രതിരോധശേഷിയുള്ള ഇനമാണ്.
 
കരുണ-Karuna-( PTB-54) -140-145 ദിവസംകൊണ്ട് മൂക്കുന്ന,ചുവന്ന നീളമുളള മണികളാണിത്. കുറഞ്ഞ വളപ്രയോഗത്തിലും കൂടുതല്‍ വിളവ് നല്‍കും. രണ്ടാം വിളയ്ക്ക് മാത്രം അനുയോജ്യമായ ഇവ ഇരുമ്പയിരിനെ ചെറിയതോതില്‍ ചെറുക്കും. രോഗപ്രതിരോധശേഷിയുളള ഇവയില്‍ തവിട്ട് പുള്ളിക്കുത്തിന് സാധ്യതയുണ്ട്.
 
കൊട്ടാരക്കര-1-Kottarakkara-1( ചേറാടി) -140-145 ദിവസംകൊണ്ട് മൂക്കുന്ന ചുവന്ന അരിയാണിത്. വെളളക്കെട്ടുളള ചേറ്റുനിലങ്ങള്‍ക്ക് യോജിച്ചതാണ്
 
മകരം-makaram-(KTR-2) -160-165 ദിവസംകൊണ്ട് മൂപ്പെത്തുന്ന ചുവന്ന ചെറിയ ഉരുണ്ട മണികളാണിവ. കിഴക്കന്‍ വെട്ടുകല്‍ പ്രദേശങ്ങള്‍ക്കും കൂട്ടുമുണ്ടകന്‍ രീതിയിലെ രണ്ടാം വിളയ്ക്കും പറ്റിയതാണ്. ഋുതുബന്ധസ്വഭാവമുളളതാണിവ
 
കുംഭം-Kumbham-(KTR-3)- 165-175 ദിവസംകൊണ്ട് മൂപ്പെത്തുന്ന ചുവന്ന ചെറിയ ഉരുണ്ട മണികളാണിവ. ഋതുബന്ധ സ്വഭാവമുള്ള,ചാഞ്ഞുവീഴാത്ത ഈ ഇനം കിഴക്കന്‍ വെട്ടുകല്‍ പ്രദേശങ്ങള്‍ക്കും കൂട്ടുമുണ്ടകന്‍ രീതിയിലെ രണ്ടാം വിളയ്ക്കും പറ്റിയതാണ്
 
പങ്കജ് (Pankaj)- 135-140 ദിവസങ്ങള്‍കൊണ്ട് വിളയുന്ന വെളുത്ത നെന്മണിയാണിത്. ഇടത്തരം ഉയരത്തില്‍ വളരുന്ന ഇവ കുറഞ്ഞ നീര്‍വാര്‍ചയും ആഴമുള്ള മണ്ണുമുള്ള സ്ഥലങ്ങളിലേക്ക് യോജിച്ചതാണ്. ഓലകരിച്ചിലിനും സാധ്യതയുണ്ട്.
 
എച്ച്-4(H-4 )- ചുവന്ന ഉരുണ്ട മണികളുള്ള ഇവ 125-145 ദിവസങ്ങള്‍കൊണ്ട് മൂപ്പാകും. ഉയരമുള്ള ഈ ഇനം കുറഞ്ഞ നീര്‍വാര്‍ച്ചയും ആഴമുള്ള മണ്ണും ഉള്ള സ്ഥലത്തിന് യോജിച്ചതാണ്
 
മഷൂരി(Mashoori) -125-145 ദിവസംകൊണ്ട് മൂപ്പാകുന്ന മഷൂരി വെളുത്ത് മെലിഞ്ഞ മണികളാണ്. ഉയരമുള്ളതും മണികൊഴിച്ചില്‍ കൂടുതലുള്ളതുമായ ഈ ഇനത്തിന് പോളരോഗത്തിന് സാധ്യത കൂടുതലാണ്
 
സാഗര(Sagara)- 180-190 ദിവസങ്ങള്‍ക്കുള്ളില്‍ വളര്‍ച്ചയെത്തുന്ന ചുവന്ന മണിയാണിത്. ഋതുബന്ധസ്വഭാവമുളള ഇനമാണ്.
 
അമൃത(Amritha)- 165 ദിവസംകൊണ്ട് മൂക്കുന്ന ചുവന്ന മണികളാണിവ. ഉപ്പുരസത്തെ ചെറുക്കുന്ന ആത്യുത്പ്പാദനശേഷിയുള്ള ഓരുമുണ്ടകന്‍ നിലങ്ങളിലേക്ക് യോജിച്ച ഇനമാണ് അമൃത.
ദീപ്തി(Deepthi)- 150-160 ദിവസംകൊണ്ട് മൂക്കുന്ന ചുവന്ന ഇനമാണ് ദീപ്തി. ഋുതുബന്ധസ്വഭാവമില്ലാത്തതും ഇടത്തരം ഉയരമുള്ളതുമായ ഇവ വരള്‍ച്ചയെ ഒരു പരിധിവരെ അതിജീവിക്കും. ഓലചുരുട്ടി,തണ്ടുതുരപ്പന്‍ എന്നിവയ്ക്ക് ഇടത്തരം പ്രതിരോധം തീര്‍ക്കും
 
പൊന്നി(Ponni)- 140-145 ദിവസംകൊണ്ട് വിളയുന്ന വെളുത്ത ഇടത്തരം മെലിഞ്ഞ മണികളാണ്. ഏറെ ഗുണമേന്മയുള്ള അരിയാണിത്
 
വെള്ളപൊന്നി(vella ponni)- 135-140 ദിവസംകൊണ്ട് മൂപ്പെത്തുന്ന വെളുത്ത് ഇടത്തരം മെലിഞ്ഞ മണികളാണിവ. ഏറെ ഗുണമേന്മയുളള അരിയാണിത്.
 
പൊന്മണി(Ponmani)-160-165 ദിവസംകൊണ്ട് മൂപ്പെത്തുന്ന വെളുത്ത് ചെറിയ ഉരുണ്ട മണികളാണിവ. ഉയര്‍ന്ന ഉത്പ്പാദനശേഷിയുള്ള ഇവ മുഞ്ഞയെ പ്രതിരോധിക്കും.
 
പ്രണവ(Pranava) - 130-135 ദിവസംകൊണ്ട് മൂപ്പെത്തുന്ന വെളുത്ത് ഇടത്തരം മെലിഞ്ഞ മണികളാണിവ. ചിറ്റൂരിലെ പരുത്തികൃഷി ചെയ്യുന്ന കരിമണ്ണിന് യോജിച്ച പ്രണവ രോഗകീട പ്രതിരോധ ശേഷിയുള്ളവയാണ്.
 
ശ്വേത-Swetha-(PTB-57)-135-140 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തുന്ന വെളുത്ത ചെറിയ ഉരുണ്ട മണികളാണ് ശ്വേത.പരുത്തികൃഷി ചെയ്യുന്ന കരിമണ്ണില്‍ രണ്ടാം വിളയ്ക്ക് നടീലിന് യോജിച്ച ഇനമാണിത്.
 
ധനു (Dhanu)-150-160 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തുന്ന ധനു ചുവന്ന ചെറിയ ഉരുണ്ട മണികളാണ്. ഋതുബന്ധസ്വഭാവമുള്ള ഇവ ഓണാട്ടുകര പ്രദേശത്ത് രണ്ടാം വിളയ്ക്ക് യോജിച്ചതാണ്. പോളരോഗം,ഇലപ്പുള്ളി,തണ്ടുതുരപ്പന്‍ എന്നിവയെ ചെറുക്കും.
 
തുലാം(Thulam)-150 ദിവസംകൊണ്ട് വിളവെത്തുന്ന ചുവന്ന ചെറിയ ഉരുണ്ട മണികളാണ് ഇതിനുണ്ടാവുക. ഇടത്തരം ഉയരവും ഋതുബന്ധ സ്വഭാവവുമുളള,ചാഞ്ഞുവീഴാത്ത ഈ ഇനത്തിന് കൊഴിച്ചിലും കുറവാണ്. കിഴക്കന്‍ വെട്ടുകല്‍ പ്രദേശങ്ങളിലേക്ക് രണ്ടാം വിളയ്ക്ക് അനുയോജ്യം. തണ്ടുതുരപ്പന്‍,ഓലചുരുട്ടി,വെള്ളക്കെട്ട് എന്നിവയെ ചെറുക്കും.
 
എഴോം-1(Ezhom-1) -ചുവന്ന ഇടത്തരം ഉരുണ്ട മണികളാകുന്ന ഇവ 135-145 ദിവസങ്ങള്‍കൊണ്ട് മൂക്കും. വടക്കന്‍ കേരളത്തിലെ ഉപ്പ് രാശിയുള്ള കയ്പ്പാട് നിലങ്ങളില്‍ ഒന്നാം വിളയ്ക്ക് അനുയോജ്യം. ഇടത്തരം ഉയരത്തില്‍ വളരുന്ന ഇവ ചാഞ്ഞുവീഴാത്തതും ബലമുള്ളതും കടയ്ക്കല്‍ ചുവപ്പുരാശിയുള്ളതുമാണ്. സവിശേഷ ഗുണമുള്ള അരിയാണ് ലഭിക്കുക.രോഗകീട അക്രമങ്ങള്‍ കാണാറില്ല.
 
എഴോം-4(Ezhom-4) -വെളുത്ത മണികളുണ്ടാവുന്ന ഇവ 135-140 ദിവസങ്ങള്‍ കൊണ്ട് മൂപ്പെത്തും. ഉപ്പ്‌രാശിയില്ലാത്ത വെള്ളക്കെട്ടുള്ള കയ്പ്പാട് നിലത്തിന് യോജിച്ച അത്യത്പ്പാദന ശേഷിയുള്ള ഇനമാണ്.
 
ജൈവ (Jaiva)- 130-135 ദിവസം കൊണ്ട് മൂപ്പെത്തുന്ന വെളുത്ത അരിയാണിത്. ജൈവരീതിയില്‍ ഉപ്പ് രാശിയില്ലാത്ത നിലങ്ങളില്‍ കൃഷി ചെയ്യാവുന്ന അത്യുത്പ്പാദന ശേഷിയുള്ള ഋതുബന്ധ സ്വഭാവമില്ലാത്ത ഇനമാണിത്. 

പാലക്കാട് കര്‍ഷകര്‍ അറിയാന്‍( Plakkad farmers to know )

 പാലക്കാട് ജില്ലയിലെ ജലസേചന സൗകര്യമുള്ള പ്രദേശങ്ങളില്‍ രണ്ടാം വിളയ്ക്ക് ഋതുബന്ധസ്വഭാവമുള്ള ഉത്പ്പാദനക്ഷമത കൂടിയ ഇനങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ ഡിസംബര്‍ മാസത്തിന്റെ രണ്ടാം പകുതിയില്‍ പുഷ്പിക്കുന്ന വിധത്തില്‍ അവയുടെ നടീല്‍ സമയം ക്രമീകരിക്കണം. അത് വിളവ് വര്‍ദ്ധിക്കുന്നതിനും രാസവളങ്ങളുടെ ഉപയോഗക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. (കടപ്പാട് -Kerala Agriculture University -കേരള കാര്‍ഷിക സര്‍വ്വകലാശാല)
English Summary: Paddy cultivation in Kerala -A to Z-Part-1 keralathilae nel krishi
Published on: 09 April 2020, 04:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now