Updated on: 29 April, 2020 8:06 PM IST

വിത്തുത്പ്പാദനം

 ഗുണമേന്മയുള്ള വിത്തിലെ ഗുണമേന്മയുളള ചെടിയുണ്ടാകൂ എന്നത് പ്രകൃതി നിയമമാണ്. നെല്ലിനും ഇത് applicable ആണ്. ഗുണമേന്മയുള്ള വിത്തുത്പ്പാദിപ്പിക്കുന്നതിനും വിത്തിന്റെ ജീവനക്ഷമത നിലനിര്‍ത്തുന്നതിനുമുള്ള ചില നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
 
  • സര്‍ക്കാര്‍ ഫാമുകളില്‍ നിന്നോ അംഗീകൃത വിത്തുത്പ്പാദകരില്‍ നിന്നോ വാങ്ങിയ വിത്ത് മാത്രമെ പുതിയ വിത്തുത്പ്പാദനത്തിന് ഉപയോഗിക്കാവൂ

  • വിത്തുത്പ്പാദനത്തിനുള്ള കൃഷിസ്ഥലത്ത് മുന്‍പ് കൃഷി ചെയ്തിരുന്ന ഇനത്തിന്റെ തൈകള്‍ ഉണ്ടായിരിക്കാന്‍ പാടില്ല

  • ജനിതക ശുദ്ധി ഉറപ്പുവരുത്തുന്നതിന് വിത്തുത്പ്പാദനത്തിനുള്ള പാടങ്ങള്‍ക്ക് മറ്റിനങ്ങളില്‍ നിന്നും ചുരുങ്ങിയത് മൂന്ന് മീറ്റര്‍ അകലമെങ്കിലും കൊടുക്കണം. വിത്തിന്റെ തനിമ നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും. അതല്ലെങ്കില്‍ വിത്തിനുവേണ്ടി കൊയ്യുമ്പോള്‍ പാടത്തിന്റെ എല്ലാ ഭാഗത്തുനിന്നും മൂന്നുമീറ്റര്‍ വീതം ഒഴിവാക്കണം

  • രോഗം ബാധിച്ച ചെടികളും കളകളും കലര്‍പ്പുകളും നീക്കം ചെയ്യണം

  • വരിവരിയായി നടുന്നത് കലര്‍പ്പ് നീക്കം ചെയ്യുന്നതിന് സഹായിക്കും. ഓരോ മൂന്നുമീറ്ററിന് ശേഷവും 30 സെന്റീമീറ്റര്‍ ഇടയകലം നല്‍കുന്നത് സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വളപ്രയോഗത്തിനും മറ്റും സൗകര്യം നല്‍കും

  • കൊയ്ത്തിന് ഒരാഴ്ച മുന്‍പെങ്കിലും വയലിലെ വെള്ളം വാര്‍ത്തുകളയുന്നത് എല്ലാ ചെടികളും ഒരുപോലെ മൂപ്പെത്തുന്നതിന് സഹായിക്കും. ഒരു നെല്‍ക്കതിരിലെ 80 ശതമാനം മണികള്‍ മൂപ്പെത്തിയാല്‍ കൊയ്യാം. വേനല്‍ക്കാലത്ത് പാലുറയ്ക്കുന്നതുമുതല്‍ മൂപ്പെത്തുന്നതുവരെ നെല്ലിന് ആവശ്യത്തിന് വെളളം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

  • കൊയ്ത അന്നുതന്നെ കറ്റ മെതിച്ചെടുക്കണം.വിത്ത് നല്ലവണ്ണം ഉണക്കണം. ഈര്‍പ്പം 13 ശതമാനത്തിലും കൂടുതലാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിത്ത് കൂടുതല്‍ ഉണങ്ങിയാല്‍ അതിന്റെ ജീവനക്ഷമത കുറയും എന്നതുകൊണ്ട് വേനല്‍ക്കാലത്ത് വിത്ത് കൂടുതല്‍ ഉണക്കരുത്. പ്രത്യേകിച്ചു ഹ്രസ്വകാല ഇനങ്ങളുടെ വിത്ത്

  • ഉണക്കുമ്പോഴും സംഭരിക്കുമ്പോഴും മറ്റ് വിത്തുകളോ മാലിന്യങ്ങളോ കലരാതിരിക്കാന്‍ ശ്രദ്ധിക്കണം

  • അന്തരീക്ഷത്തില്‍ നിന്നും കൂടുതല്‍ ഈര്‍പ്പം വലിച്ചെടുക്കാത്തവിധം ഇരട്ട ചണച്ചാക്കുകളോ 700 ഗേജുള്ള പോളിത്തീന്‍ സഞ്ചികളോ വിത്ത് സൂക്ഷിക്കാന്‍ ഉപയോഗിക്കാം. വിത്തിന്റെ ഈര്‍പ്പം പത്ത് ശതമാനമോ അതില്‍ കുറവോ ആണെങ്കില്‍ അവ സൂക്ഷിക്കുന്നതിന് 400 ഗേജുള്ള പോളിത്തീന്‍ സഞ്ചികള്‍ മതിയാകും

  • വെറും നിലത്ത് വിത്തുചാക്കുകള്‍ അടുക്കി വയ്ക്കരുത്. പ്രത്യേക തട്ടുകളിലോ മരബഞ്ചുകളിലോ ചുവരില്‍ നിന്നും ഒരടി വിട്ട് അടുക്കണം. ശരിയായ വായുപ്രവാഹം ഉറപ്പുവരുത്തുന്നതിനും വിത്തിന്റെ ജീവനക്ഷമത നിലനിര്‍ത്തുന്നതിനും ഈ ക്രമീകരണം സഹായിക്കും. ഒരു അട്ടിയില്‍ എട്ടില്‍ കൂടുതല്‍ ചാക്കുകള്‍ അടുക്കരുത്. നല്ലവണ്ണം ഉണങ്ങാത്ത വിത്താണെങ്കില്‍ ഒരട്ടിയില്‍ മൂന്ന് ചാക്ക് മാത്രമെ പാടുള്ളു

  • സസ്യസംരക്ഷണ വസ്തുക്കളോ കളനാശിനികളോ വളങ്ങളോ വിത്തറയില്‍ സൂക്ഷിക്കരുത്. വിത്തറയുടെ ഭിത്തിയില്‍ പൊട്ടലോ വിള്ളലോ ഉണ്ടെങ്കില്‍ അവ സിമന്റ് ഉപയോഗിച്ച് അടച്ച് എലി ശല്യം ഒഴിവാക്കണം

  • വിത്ത് സൂക്ഷിക്കുന്നതിന് മുന്‍പ് തന്നെ സംഭരണിയിലെ കീടങ്ങളെ അകറ്റുന്നതിന് 2 % മാലത്തിയോണ്‍ തളിക്കണം

  • വേപ്പെണ്ണയില്‍ മുക്കിയ തുണി അട്ടികള്‍ക്കിടയില്‍ വെയ്ക്കുകയോ വേപ്പിന്‍ പിണ്ണാക്ക് തുണിയില്‍ കെട്ടി വിത്തുചാക്കിനകത്ത് വയ്ക്കുകയോ ചെയ്ത് കീടശല്യം ഒഴിവാക്കണം

  • എട്ടുമാസത്തില്‍ കൂടുതല്‍ സമയം വിത്ത് സൂക്ഷിക്കുന്നുണ്ടെങ്കില്‍ ഓരോ മാസം ഇടവിട്ട് അതിന്റെ അങ്കുരണശേഷി പരിശോധിക്കണം. ഹ്രസ്വകാലയിനങ്ങള്‍ക്ക് എട്ടുമാസത്തിലും കൂടുതല്‍ കാലം ജീവനക്ഷമത 80 ശതമാനമായി നിലനിര്‍ത്തുന്നതിന് വിത്ത് 4 മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവച്ചതിനുശേഷം തണലില്‍ വീണ്ടും ഉണക്കി ഈര്‍പ്പം 13 ശതമാനത്തിലെത്തിച്ചാല്‍ മതിയാകും. ശരിയായ രീതിയില്‍ സംഭരിച്ച് സൂക്ഷിച്ചാല്‍ ഒന്നാം വിളയ്ക്ക് കൊയ്യുന്ന ജ്യോതി, ത്രിവേണി എന്നീ ഹ്രസ്വകാലയിനങ്ങളുടെ വിത്തിന് 9-10 മാസംവരെയും രണ്ടാം വിളയ്ക്ക് കൊയ്യുന്നവയുടേത് 8-9 മാസംവരെയും 80% അങ്കുരണശേഷി നിലനിര്‍ത്താം

  • ഓല മെടഞ്ഞുണ്ടാക്കിയ വല്ലങ്ങളില്‍ കൂവ,വാഴ,കരിങ്ങൊട്ട, തേക്ക് എന്നിവയിലേതെങ്കിലും ഒന്നിന്റെ ഇല നിരത്തിയതിനുശേഷം, മുളപ്പിച്ച പൊക്കാളിവിത്ത് സൂക്ഷിച്ചുവയ്ക്കുന്നത് അതിന്റെ അതിജീവനക്ഷമത രണ്ടാഴ്ചവരെ നിലനിര്‍ത്തുന്നതിന് സഹായിക്കും

വിത്ത് നിരക്ക്

  • 80% അങ്കുരണശേഷിയുള്ള വിത്താണെങ്കില്‍ പറിച്ചുനടീലിന് ഹെക്ടറിന് 60 മുതല്‍ 85 കിലോഗ്രാം വിത്ത് വേണ്ടിവരും.

  • വിതയാണെങ്കില്‍ 80-100 കിലോഗ്രാം വേണം.

  • നുരിയിടീലിന് 80-90 കിലോഗ്രാം ആവശ്യമായി വരും.

  • പൊക്കാളി കൃഷിക്കുള്ള വൈറ്റില ഇനങ്ങള്‍ പാടത്തെ കൂനകളിലോ വാരങ്ങളിലോ വിതയ്ക്കുന്നതിന് ഹെക്ടറൊന്നിന് 100 കിലോഗ്രാം വിത്ത് വേണ്ടിവരും.

  • കുട്ടനാട്ടില്‍ ഇത് 125 കിലോഗ്രാം വേണ്ടിവരും. കൂടുതല്‍ ചെടികളുണ്ടായാല്‍ പിഴുത് മാറ്റണം

വിത്തുപചാരം

 പൊടിവിതയ്ക്കുള്ള വിത്ത് വിതയ്ക്കുന്നതിന് 12-16 മണിക്കൂര്‍ മുന്‍പ് ഒരു കിലോഗ്രാം വിത്തിന് 2 ഗ്രാം എന്ന നിരക്കില്‍ കാര്‍ബെന്റാസിം(bavistin-50 WP) എന്ന കുമിള്‍നാശിനി പുരട്ടിവയ്ക്കണം.

വിതയ്ക്ക് തൊട്ടുമുന്നെ ഒരു കിലോഗ്രാം വിത്തിന് 10 ഗ്രാം എന്ന നിരക്കില്‍ സ്യൂഡൊമോണാസ് ഫ്‌ളൂറസന്‍സ് (Psuedomonas flurosenec) പുരട്ടി ഉടനെ വിതയ്ക്കാം.

ചേറ്റുവിതയ്ക്കാണെങ്കില്‍ വിത്ത് 12-16 മണിക്കൂര്‍ നേരം 10 ഗ്രാം സ്യുഡൊമോണാസ് ഫ്‌ളൂറസന്‍സ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയിലോ 0.2% ബാവിസ്റ്റിന്‍ 50 WP ഒരു കിലോഗ്രാം വിത്തിന് 2 ഗ്രാം എന്ന തോതില്‍ ഒരു ലിറ്റര്‍ വെള്ളത്തിലുള്ള ലായനിയിലോ കുതിര്‍ത്തശേഷം വെള്ളം വാര്‍ത്തുകളഞ്ഞ് മുളയ്ക്കാന്‍ അനുവദിക്കാം. കുലവാട്ടം പതിവായി കണ്ടുവരുന്ന പ്രദേശങ്ങളില്‍ പോലും 30-60 ദിവസം വരെ ഈ രോഗത്തില്‍ നിന്നും ഞാറിനെ സംരക്ഷിക്കുന്നതിന് വിത്തുപചാരം കൊണ്ട് സാധിക്കും.

 നെല്‍വിത്ത് 0.25% വീര്യമുള്ള കോപ്പര്‍ സള്‍ഫേറ്റ്(Copper sulphate) ലായനിയിലും 1 % വീര്യമുള്ള സിങ്ക് സള്‍ഫേറ്റ് (Zinc sulphate ) ലായനിയിലും 24 മണിക്കൂര്‍ കുതിര്‍ത്തതിനുശേഷം ലായനി വാര്‍ത്ത് മുളയ്ക്കാന്‍ അനുവദിക്കുക. ഒരു കിലോഗ്രാം വിത്ത് കുതിര്‍ക്കാന്‍ ഒരു ലിറ്റര്‍ സൂക്ഷ്മമൂലക ലായനി വേണ്ടിവരും.

To go to a previous article on paddy cultivation Kerala A to Z  -- part one -  https://malayalam.krishijagran.com/farming/grains-pulses/paddy-cultivation-in-kerala-a-to-z-part-1-keralathilae-nel-krishi/
English Summary: Paddy cultivation in Kerala -A to Z ) Part-2
Published on: 29 April 2020, 08:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now