വീട് വയ്ക്കുമ്പോൾ സ്ഥാനം നോക്കുന്നത് പോലെ വീട്ടുമുറ്റത്ത് വളർത്തുന്ന ചില മരങ്ങൾക്കും ചെടികൾക്കും ഹൈന്ദവ വിശ്വാസത്തിൽ വാസ്തുപരമായി പ്രാധാന്യം നൽകാറുണ്ട്. കാരണം മരങ്ങളിലും ചെടികളിലും ദേവതകൾ വസിക്കുന്നുവെന്നാണ് വിശ്വാസം. തുളസി, വേപ്പ് തുടങ്ങിയവ വീട്ടിന്റെ ഏത് ദിശയിൽ സ്ഥിതി ചെയ്യണമെന്ന് നിർദേശിക്കുന്നത് പോലെ കൂവളവും മറ്റ് വീട്ടിൽ നട്ടുവളർത്താൻ പാടില്ലെന്നും പഴമക്കാർ പറഞ്ഞിരുന്നു. ഇവയിലൊക്കെ ശാസ്ത്രീയപരമായി എന്തെങ്കിലും വസ്തുതകളുണ്ടോയെന്നത് ഇനിയും പരിശോധിച്ചിട്ടില്ല.
എന്നാൽ ചില ചെടികൾക്ക് വീട്ടുമുറ്റത്ത് കൃത്യമായ സ്ഥലത്ത് സ്ഥാനം നൽകി പരിചരിക്കുന്നത് സാമ്പത്തിക ഭദ്രത കൈവരിക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. വീടിന് ഐശ്വര്യം നല്‍കുന്ന ഈ ചെടികൾ ഏതൊക്കെയെന്ന് നോക്കാം.
1. തുളസി
ഹിന്ദു വിശ്വാസപ്രകാരമായാലും, ആയുർവേദത്തിലായാലും അമൂല്യമായ സ്ഥാനമാണ് തുളസിയ്ക്ക്. ദൈവികമായി കാണുന്നതിനാൽ തന്നെ വീട്ടിൽ തുളസി വച്ചുപിടിപ്പിക്കുന്നതും അവയെ പൂജിക്കുന്നതും ഐശ്വര്യം നൽകുമെന്നാണ് ഹൈന്ദവ വിശ്വാസവും.
തുളസി ലക്ഷ്മിദേവിയെന്നാണ് വിശ്വാസത്തിൽ പ്രതിപാദിക്കുന്നത്. അതിനാൽ വീടിന്റെ കിഴക്ക് വശത്ത് തുളസി നട്ടുവളർത്തുന്നതും, രാവിലെയും വൈകുന്നേരവും അതിനെ പൂജിക്കുന്നതും ധനസമ്പാദനത്തിന് സഹായിക്കുമെന്ന് പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മണി പ്ലാന്റുകള്‍ വീട്ടിലെ ഐശ്വര്യേമാ? എങ്ങനെ വളര്‍ത്താം
വീടിന്റെ വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ദിശയില്‍ നട്ടാൽ സമ്പത്തും ഐശ്വര്യവും ഭാഗ്യവും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. തുളസിയ്ക്ക് ചുറ്റും തറ കെട്ടുന്നതും രാവിലെ ജലപാനത്തിന് മുൻപ് തുളസിയ്ക്ക് വെളളമൊഴിക്കുന്നതുമെല്ലാം ഈ വിശ്വാസത്തിന്റെ ഭാഗമാണ്. ജലദോഷം, ശ്വാസസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കെല്ലാം തുളസി വളരെ പ്രയോജനകരമാണ്.
2. വാഴ
അടിമുടി വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന സസ്യമാണ് വാഴ. വാഴയില, വാഴക്കൂമ്പ്, വാഴക്കുല, വാഴത്തണ്ട് തുടങ്ങി ഭക്ഷണത്തിലേക്കും മറ്റ് പല കാര്യങ്ങൾക്കും വാഴ ഗുണകരമാണ്.
വാഴയിലയും വാഴപ്പഴവും പൂജാചടങ്ങുകളിൽ ഉൾപ്പെടുത്താറുണ്ട്. ഇതിന് പുറമെ, സമ്പത്തിനും സമൃദ്ധിയ്ക്കും വാഴ വീട്ടുവളപ്പിൽ ഉള്ളത് നല്ലതാണെന്നും ഇവ മഹാവിഷ്ണുവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറയുന്നു. വടക്ക്- കിഴക്കന്‍ ദിശയില്‍ വാഴ നട്ടുവളര്‍ത്തിയാൽ മാനസിക സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യുമെന്ന് വാസ്തു ശാസ്ത്രം വിശദീകരിക്കുന്നു.
3. റോസ്മേരി
കേരളത്തിൽ അധികം പ്രചാരമില്ലെങ്കിലും വിദേശരാജ്യങ്ങളിൽ വ്യാപകമായി കാണുന്ന ചെടിയാണ് റോസ്മേരി. ഔഷധമേന്മയേറിയ റോസ്മേരിയുടെ സുഗന്ധവും ഇതിനെ അത്രയേറെ വിശിഷ്ടമാക്കുന്നു. മതപരമായും ഇതിനെ വിശുദ്ധ സസ്യമായാണ് കണക്കാക്കുന്നത്.
റോസ്മേരി ദുരാത്മക്കളെ അകറ്റുമെന്ന് വിശ്വാസമുണ്ട്. വീട്ടിൽ ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും റോസ്മേരി നട്ടുവളർത്തുന്നത് നല്ലതാണെന്ന് പറയുന്നു. ഓര്‍മക്കുറവ് പരിഹരിക്കാനും ദഹനപ്രശ്‌നങ്ങള്‍ ശമിപ്പിക്കുന്നതിനും റോസ്മേരി ഫലപ്രദമായതിനാൽ തന്നെ ആയുർവേദ ചികിത്സയിലും ഇത് വളരെ പ്രാധാന്യം അർഹിക്കുന്നു.
4. ഷമി വൃക്ഷം
കൂവളം പോലെ തന്നെ മഹാദേവനുമായി ബന്ധമുള്ള വൃക്ഷമാണ് ഷമി. വീട്ടുവളപ്പിൽ ഇത് നട്ടുവളർത്തി പതിവായി പൂജകൾ ചെയ്യുന്നതിലൂടെ സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. വാസ്തു പ്രകാരം വീടിന്‍റെ വടക്കുകിഴക്കോ തെക്കോ ഷമി വൃക്ഷം നടണം.
5. മുള
ഭാഗ്യത്തിനും സമ്പത്തിനും സ്നേഹത്തിനും മുള പ്രതീകമാണ്. വാസ്തുപരമായും ഫെങ്ഷുയി വിദ്യകളിലും മുള ഒരു വിശിഷ്ട സസ്യമായി ആരാധിച്ചുവരുന്നു. വീട്ടുമുറ്റത്ത് മാത്രമല്ല, മുറിയ്ക്കുള്ളിലും ഓഫീസുകളിലും മറ്റും ചെറിയ മുളകള്‍ വളര്‍ത്തുന്നതും ഇതിന്റെ ഭാഗമായി തന്നെയാണ്. വീടിന്റെ തെക്കു കിഴക്കേ മൂലയായ അഗ്നികോണില്‍ മുള നടുന്നതാണ് ഉചിതമെന്ന് വസ്തുശാസ്ത്രം വ്യക്തമാക്കുന്നു.