മാംസ്യം ശരീര ആരോഗ്യത്തിന് വേണ്ട മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. പേശികളുടെ വളർച്ചയും ശക്തിയും നിലനിർത്താൻ മാംസ്യം അത്യന്താപേക്ഷിതമാണ്. ഹോർമോണുകൾ, കലകൾ, രക്തം തുടങ്ങിയവയുടെ നിർമ്മാണം, രോഗപ്രതിരോധശേഷി, നാഡീ വ്യൂഹത്തിൻ്റെ പ്രവർത്തനം എന്നിവയിലെല്ലാം പ്രോട്ടീൻ അത്യാവശ്യമാണ്. മാത്രമല്ല ഒരു ഗ്രാം മാംസ്യത്തിൽ നിന്നും ശരീരത്തിന് നാല് കലോറി ഊർജ്ജവും ലഭിക്കുന്നു.
മാംസ്യത്തിലെ പ്രധാനപ്പെട്ട ഘടകങ്ങൾ അമിനോ ആസിഡുകൾ ആണ്. ശരീരത്തിന് ആവശ്യമുള്ള 20 അമിനോ ആസിഡുകളിൽ 12 എണ്ണം ശരീരത്തിന് ഉത്പാദിപ്പിക്കുവാൻ കഴിയും. ബാക്കി എട്ടെണ്ണം ഭക്ഷണത്തിൽ നിന്ന് തന്നെ ലഭിക്കണം. ഇവയെ എസെൻഷ്യൽ അമിനോ ആസിഡുകൾ എന്ന് അറിയപ്പെടുന്നു.
ഏറ്റവും അത്യാവശ്യമായ ഈ അമിനോ ആസിഡുകളിൽ ഒന്നോ അതിലധികമോ കുറവ് ഭക്ഷണങ്ങളെ അപൂർണ്ണമായ അഥവാ ഇൻകംപ്ലീറ്റ് അമിനോ ആസിഡുകൾ എന്ന് അറിയപ്പെടുന്നു.
സോയ ഒഴികെയുള്ള സസ്യ സ്രോതസ്സുകൾ ആയ മാംസ്യങ്ങൾ ഒക്കെ അപൂർണ്ണമായവയാണ്. പയറുവർഗങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയാണ് ഇവ.
പൂർണ്ണമായ സസ്യാഹാരികൾക്ക് പല തരത്തിലുള്ള പയറു വർഗ്ഗങ്ങളുടെ ഉപയോഗം കൊണ്ട് അത്യാവശ്യം ഉള്ള 8 അമിനോ ആസിഡുകളും ലഭിക്കും.
ഓരോ കിലോഗ്രാം ശരീരഭാരത്തിനും 0.75 ഗ്രാം മുതൽ ഒരു ഗ്രാം വരെ മാംസ്യം ദിവസേന ആവശ്യമുണ്ട്. ശരീരത്തിന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊർജ്ജത്തിൻ്റെ 15 മുതൽ 20 ശതമാനം വരെ മാംസ്യത്തിൽ നിന്നും ലഭിക്കണം.