രുചിയിലും ഗുണത്തിലും വേറിട്ട് നിൽക്കുന്ന അടുക്കളയിലെ വളരെ സവിശേഷമായ പദാർഥമാണ് കായം. സാമ്പാറിലും അച്ചാറിലുമെല്ലാം കായം ചേർന്നാലേ അത് പൂർണമായെന്ന് തന്നെ പറയാൻ സാധിക്കൂ. ഇങ്ങനെ അടുക്കളയിലെ രുചിക്കൂട്ടുകളിൽ കേമനായ കായം ചിക്കൻ കറിയ്ക്ക് രുചി കൂട്ടാനും പലരും പൊടിക്കൈയായി ചേർക്കാറുണ്ട്. ഇങ്ങനെ നാവിനും മൂക്കിനും മാത്രമല്ല കായം ഗുണപ്രദം. ആരോഗ്യത്തിനും കായം പലവിധത്തിൽ ഫലപ്രദമാണ്.
രക്തസമ്മർദം, ഉദരരോഗങ്ങൾ, ചുമ, ആര്‍ത്തവ വേദന, തലവേദന പോലുള്ള പല ആരോഗ്യപ്രശ്നങ്ങളും ശമിപ്പിക്കാൻ കായം ഉപയോഗിക്കാം. കായത്തിന്റെ ഇനിയും അറിയാത്ത ഇത്തരം ഗുണവശങ്ങൾ മനസിലാക്കാം.
ബിപിയ്ക്ക് പ്രതിവിധി കായം
കായം ചേര്‍ത്ത ഭക്ഷണം പ്രമേഹരോഗികൾ കഴിയ്ക്കുന്നത് നല്ലതാണ്. കായത്തിന് രക്തം
നേര്‍പ്പിക്കാനുള്ള കഴിവുണ്ട്.
ദിവസവും കായം കഴിക്കുന്നതിലൂടെ രക്തം കട്ട പിടിക്കുന്ന പ്രശ്നങ്ങളെയും ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്. ഇത് രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതിനാൽ തന്നെ രക്തസമ്മർദമുള്ളവർ കായം അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കണം.
ഉദരരോഗങ്ങളിൽ നിന്ന് ആശ്വാസം
ദഹനസംബന്ധമായ അസുഖങ്ങൾക്കെതിരെ കായം മികച്ചതാണ്. വയറിലെ കൃമി ശല്യവും, ദഹനക്കേട്, ഗ്യാസ് ട്രബിൾ തുടങ്ങിയ ബുദ്ധിമുട്ടുകളും നിയന്ത്രിക്കുന്നതിന് കായത്തിന് സാധിക്കുന്നു.
ഇതിനായി ചുക്കു കഷായത്തിൽ കായം അരച്ചു കലക്കി കുടിയക്കാം. മൂന്ന് നേരം ഒരൗൺസ് വീതം കുടിച്ചാൽ ഗ്യാസ് ട്രബിളിനെതിരെയും ചുമ പോലുള്ള ബുദ്ധിമുട്ടുകളിൽ നിന്നും ആശ്വാസം ലഭിക്കും. ഇതുകൂടാതെ, കായം നെയ്യില്‍ വറുത്തുപൊടിച്ച് ഇതിലേക്ക് കാല്‍ഭാഗം മഞ്ഞള്‍പ്പൊടി ചേർക്കുക. ഈ മിശ്രിതം കുറേശ്ശെയായി പല തവണ കഴിച്ചാൽ വയറ്റിലെ അസുഖങ്ങള്‍ പലതും ഒഴിവാക്കാം. വേപ്പിലയോടൊപ്പം കായവും ചേർത്ത് ലയിപ്പിച്ച വെള്ളം വിരയെയും കൃമിയെയും തുരത്താൻ സഹായിക്കുന്നു.
ചുമയ്ക്ക് ശമനം
ശ്വാസകോശ രോഗങ്ങൾക്കും ചുമ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കുമെതിരെ കായം പ്രവർത്തിക്കും. സാധാരണ ചുമയായാലും വരണ്ട ചുമ, ബ്രോങ്കൈറ്റിസ്, ആസ്മ തുടങ്ങിയവയായാലും ശമിപ്പിക്കുന്നതിന് കായം കഴിയ്ക്കാം. ഇതിനായി കായം തേനില്‍ ചാലിച്ച് കഴിക്കുകയോ പയര്‍വര്‍ഗങ്ങള്‍, സാമ്പാര്‍, പച്ചക്കറികള്‍ എന്നിവയ്ക്കൊപ്പം കഴിയ്ക്കുന്നതോ നല്ലതാണ്.
ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്ന് മാത്രമല്ല, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കെതിരെ കുറച്ച് വെള്ളത്തില്‍ കായം കലര്‍ത്തി നെഞ്ചില്‍ പുരട്ടിയാൽ മതി.
തലവേദനയ്ക്ക് പരിഹാരം
തലയിലെ ധമനികളില്‍ ഉണ്ടാവുന്ന വീക്കം കാരണമാണ് തലവേദന ഉണ്ടാകുന്നത്. ഇങ്ങനെ
ശരീരത്തിനകത്തെ വീക്കങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കായത്തിന് സാധിക്കും. നിത്യേന
കഴിയ്ക്കുന്ന ഭക്ഷണത്തിൽ കായം ഉൾപ്പെടുത്തുകയോ, ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് നുള്ള് കായം ഇട്ട് തിളപ്പിച്ച് കുടിയ്ക്കുന്നതും നല്ലതാണ്.
കായം പ്രൊജസ്ട്രോൺ ഹോര്‍മോണ്‍ ഉൽപാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇത് രക്തയോട്ടം
വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആർത്തവ വേദന കൂടുതലാണെങ്കിൽ, ഒരു ഗ്ലാസ് മോരില്‍ രണ്ട് നുള്ള് കറുത്ത ഉപ്പും ഒരു നുള്ള് കായവും ചേര്‍ത്ത് കുടിക്കണം.
ശാരീരിക ആരോഗ്യത്തിന് എന്നതുപോലെ മുടിയുടെ ആരോഗ്യത്തിനും കായം ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കായം വളർത്തി വിളവെടുക്കാം, പക്ഷെ അത്ര എളുപ്പമല്ല !
ഇതിൽ ആന്റി ഓക്സിഡന്റുകളാൽ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ, കേശ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, എട്ടുകാലി കടിച്ചാൽ കായം, മഞ്ഞൾ, വെറ്റില എന്നിവ ചേർത്തുള്ള മിശ്രിതം പ്രയോഗിക്കാവുന്നതാണ്.