രുചിയിൽ മാത്രമല്ല, ആരോഗ്യത്തിന് മികച്ച ഗുണങ്ങൾ തരുന്ന ഭക്ഷണമാണ് ആപ്പിള്‍. ഒരു ദിവസം ഒരു ആപ്പിളെങ്കിലും കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടർമാർ പറയാറുണ്ട്. ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ഉത്തേജിപ്പിക്കുന്നതിനും മാനസികനില ഉയർത്തുന്നതിനും ഫലപ്രദമായ ആപ്പിൾ ദഹനപ്രശ്നങ്ങൾക്കും ഉത്തമമാണ്. മോശം ഭക്ഷണത്തിലൂടെയും തിരക്കിട്ട ജീവിതചൈര്യകളിലൂടെയും സമ്മർദങ്ങളിലൂടെയും വ്യായാമമില്ലായ്മയിലൂടെയും ഉദരത്തിന് പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.
ആധുനിക വൈദ്യഭാഷയില്‍ വായ് മുതല്‍ മലദ്വാരം വരെ ഭക്ഷണം സഞ്ചരിക്കുന്ന അവയവങ്ങൾ ചേര്‍ന്നതിനെയാണ് ഉദരമെന്ന് വിളിക്കുന്നത്. അന്നനാളം, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, കരള്‍, പാന്‍ക്രിയാസ്, പിത്താശയം എന്നീ അവയവങ്ങൾ ചേർന്നതാണ് ഉദരം.
മലബന്ധം, വയറിളക്കം പോലുള്ള ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്കും ആപ്പിൾ കഴിക്കുന്നതിലൂടെ പരിഹാരം കാണാം.
വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ് ഇന്‍സൊല്യൂബള്‍ ഫൈബറും സൊല്യൂബള്‍ ഫൈബറും. ആപ്പിളില്‍ ഇന്‍സൊല്യൂബള്‍ ഫൈബർ 64 ശതമാനവും സൊല്യൂബള്‍ ഫൈബര്‍ 36 ശതമാനവും അടങ്ങിയിരിക്കുന്നു. ഫലത്തിനകത്ത് കാണപ്പെടുന്നത് സൊല്യൂബള്‍ ഫൈബറും തൊലിയിൽ ഇന്‍സൊല്യൂബള്‍ ഫൈബറുമാണുള്ളത്.
ഈ സൊല്യൂബള്‍ ഫൈബറാണ് മലത്തെ ജെൽ പരുവത്തിലാക്കുന്നത്. ദഹനത്തിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നതിനാൽ വയറിളക്കമുണ്ടാകുമ്പോൾ ആപ്പിൾ കഴിക്കുന്നത് നല്ലതാണ്. എന്നാൽ തൊലിയിലെ സൊല്യൂബള്‍ ഫൈബര്‍ ഇതിന് നേരെ വിപരീതമായ പ്രവർത്തനമാണ് നടത്തുന്നത്. അതായത്, കുടലിൽ നിന്ന് മലം പുറന്തള്ളുന്ന പരുവത്തിലാക്കാൻ ഇത് സഹായിക്കുന്നു. മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങൾക്ക് ആപ്പിൾ തൊലിയിലൂടെ പ്രതിവിധി കണ്ടെത്താം.
ഒരുപാട് ഗുണങ്ങളുള്ള ആപ്പിൾ
ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോൾസ് എന്നീ ശക്തിയേറിയ ആൻറിഓക്സിഡൻറുകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിർത്തുന്നതിനും മികച്ചതാണ്. അമിതവണ്ണം, സന്ധിവാതം, വിളർച്ച, ബ്രോങ്കയ്ൽ ആസ്ത്മ, മൂത്രാശയവീക്കം എന്നിവയ്ക്കുള്ള പരിഹാരമായും ആപ്പിൾ പ്രയോജനപ്പെടുത്താം.
അതുപോലെ ചാടിയ വയറിനും വളരെ നല്ല ഉപായമാണ് ആപ്പിൾ. ആപ്പിൾ സിഡെർ വിനഗറും ബേക്കിങ് സോഡയും ചേർത്ത പാനീയം ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളഞ്ഞ്, ശരീരഭാരം കുറയ്ക്കുന്നതിനായി പ്രവർത്തിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മികച്ച ഉപാപചയ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഈ പാനീയം ഉപകരിക്കും. ഇതിനുപരി ചർമം സംരക്ഷിക്കുന്നതിനും ഇത് വളരെ ഗുണപ്രദമാണ്.
ശരീരത്തിൽ പുതിയ കോശങ്ങൾ രൂപീകരിക്കുന്നതിന് ആപ്പിൾ സഹായിക്കുന്നു. കിഡ്‌നി സ്‌റ്റോണിന്റെ പ്രശ്‌നം ഒഴിവാക്കാനും ദിവസേന ആപ്പിൾ കഴിക്കുന്നത് ഗുണകരമാണ്. മുഖത്തെ വെള്ള പാടുകൾ മാറ്റുന്നതിനായി ആപ്പിൾ ജ്യൂസ് കുടിക്കാവുന്നതാണ്. ഇതിന് പുറമെ, പല്ലുകൾ ശക്തമാകുന്നതിനും കാൻസർ, പ്രമേഹ സാധ്യത കുറയ്ക്കുന്നതിനുമുള്ള ഘടകങ്ങൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.
2006ല്‍ ജേര്‍ണല്‍ എക്‌സ്‌പെരിമെന്റല്‍ ബയോളജി ആന്‍ഡ് മെഡിസിനില്‍ നടത്തിയ പഠനറിപ്പോർട്ട് അനുസരിച്ച് തലച്ചോറിലെ കോശങ്ങളുടെ പെട്ടെന്നുളള നാശത്തെ ചെറുക്കാനും, നാഡികളുടെ അരോഗ്യത്തെ സംരക്ഷിക്കാനും ആപ്പിൾ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കുന്ന അസറ്റോകൊളിന്‍ എന്ന രാസപദാർഥത്തിന്റെ ഉൽപാദനം വർധിപ്പിക്കുന്നതിലൂടെ അല്‍ഷിമേഴ്‌സിന്റെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ഗ്യാസ്ട്രൈറ്റിസ് പ്രശ്നങ്ങൾ നേരിടുന്നവരും, ഉയർന്ന അസിഡിറ്റിയുള്ള ആളുകളും ആപ്പിൾ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ആപ്പിൾ ടീ
ജലദോഷം, വിട്ടുമാറാത്ത വാതം, സ്ക്ലിറോസിസ് പോലുള്ള രോഗങ്ങൾക്കും പരമ്പരാഗത വൈദ്യശാസ്ത്രം നിർദേശിക്കുന്ന പരിഹാരങ്ങളിൽ ഒന്നാണ് ആപ്പിൾ ടീ.