നമ്മളിൽ പലരും മത്തങ്ങ കഴിക്കാറുണ്ട്. എന്നാൽ മത്തങ്ങാ മാത്രമല്ല മത്തങ്ങയുടെ വിത്തുകളും കഴിക്കാൻ പറ്റുന്നവയാണ്. പെപ്പിറ്റാസ് എന്നും വിളിക്കപ്പെടുന്ന മത്തങ്ങ വിത്തുകൾക്ക് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുണ്ട്, അത് മാത്രമല്ല പോഷകങ്ങൾ നിറഞ്ഞതുമാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക, മുടിയും ചർമ്മവും മെച്ചപ്പെടുത്തുന്നത് മുതൽ പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ആരോഗ്യം വരെ സംരക്ഷിക്കുന്നതിൽ സഹായിക്കുന്നു. ഇപ്പോൾ ലോകമെമ്പാടും മത്തങ്ങാ വിത്തുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും മത്തങ്ങാ വിത്തുകളുടെ പ്രധാന നിർമ്മാതാവ് ചൈനയാണ്.
മത്തങ്ങാ വിത്തുകളിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരം
ഉണങ്ങുമ്പോൾ മത്തങ്ങ വിത്തുകൾ ഏകദേശം 58.8% പ്രോട്ടീനും 30% കൊഴുപ്പും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, ഫോസ്ഫറസ് മോളിബ്ഡിനം, സെലിനിയം, കോപ്പർ, ക്രോമിയം, കുറഞ്ഞ അളവിൽ ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പന്നമാണ്. വിറ്റാമിൻ ബി, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ തുടങ്ങിയ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്. കൂടാതെ അവയിൽ ഏകദേശം 180 കലോറിയും ഉണ്ട്. ഒമേഗ 6 ഫാറ്റി ആസിഡുകളുടെ ഏറ്റവും മികച്ച ഉറവിടം കൂടിയാണ് മത്തങ്ങ വിത്തുകൾ.
മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങളും ഔഷധ ഉപയോഗങ്ങളും:
1. നല്ല ഉറക്കത്തിന്:
മത്തങ്ങ വിത്തുകൾ മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവയാൽ സമ്പുഷ്ടമാണ്. നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം വളരെ പ്രധാനമാണ്. മത്തങ്ങാ വിത്തുകൾ പതിവായി കഴിക്കുന്നത് മഗ്നീഷ്യത്തിൻ്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുകയും, അത് വഴി നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യുന്നു. ട്രിപ്റ്റോഫാൻ എളുപ്പത്തിൽ സെറോടോണിൻ ആയി പരിവർത്തനം ചെയ്യപ്പെടുന്നു, ഇത് വിശ്രമത്തിനും നല്ല ഉറക്കത്തിനും സഹായിക്കുന്നു.
2. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു:
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, സിങ്ക് പോലുള്ള ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ മത്തങ്ങ വിത്തുകൾ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു, ഇത് നമ്മുടെ ആരോഗ്യം പരമാവധി ക്രമത്തിൽ നിലനിർത്തുന്നതിന് വളരെ അത്യാവശ്യമാണ്. നമ്മളിൽ പലർക്കും സിങ്കിന്റെ അഭാവമുണ്ട്, നിങ്ങൾക്ക് പലപ്പോഴും അസുഖം വരുകയോ അല്ലെങ്കിൽ മിക്കപ്പോഴും ക്ഷീണം അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിൽ, പതിവായി മത്തങ്ങ വിത്തുകൾ കഴിക്കുന്നത് പരിഗണിക്കുക.
3. പ്രമേഹ ചികിത്സയ്ക്കായി:
മത്തങ്ങാ വിത്തുകൾ ഇൻസുലിൻ നിയന്ത്രണം മെച്ചപ്പെടുത്തുന്നു, പ്രമേഹമുള്ള ആളുകൾ ദിവസേന മത്തങ്ങ വിത്തുകൾ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. ഭക്ഷണത്തിൻ്റെ ഇടയിൽ മത്തങ്ങാ വിത്തുകൾ കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഡ്രൈ ഫ്രൂട്സിൻ്റെ ഒപ്പം കഴിക്കാം. ഇത് വിശപ്പിന്റെ വേദനയെ വളരെയധികം തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുകയും ചെയ്യും.
4. ഹൃദയാരോഗ്യത്തിന്:
ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമായ ആൽഫ-ലിനോലെനിക് ആസിഡും മഗ്നീഷ്യവും മത്തങ്ങ വിത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആൽഫ-ലിനോലെനിക് ആസിഡും മഗ്നീഷ്യവും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
5. മൂത്രാശയ കല്ലുകൾ തടയുന്നു:
മത്തങ്ങ വിത്തുകളുടെ മറ്റൊരു രസകരമായ ഉപയോഗം മൂത്രാശയ കല്ലുകൾ തടയാനുള്ള കഴിവാണ്. തായ്‌ലൻഡിൽ 2 മുതൽ 7 വയസ്സ് വരെ പ്രായമുള്ള 20 ആൺകുട്ടികളിൽ നടത്തിയ ഒരു പഠനത്തിൽ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് കാൽസ്യം ഓക്‌സലേറ്റ് ക്രിസ്റ്റൽ ഉണ്ടാകുന്നത് കുറയ്ക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കൊളസ്ട്രോൾ കുറയ്ക്കാൻ തക്കാളി ജ്യൂസ് കുടിക്കാം!!!