കിഴങ്ങു വര്‍ഗത്തില്‍ പെടുന്ന കൂവയുടെ കിഴങ്ങ് ഉണക്കി പൊടിച്ച് പല വിഭവങ്ങളും തയ്യാറാക്കാം. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, സെലേനിയം, കോപ്പര്‍, സോഡിയം, വൈറ്റമിന്‍ എ, വൈററമിന്‍ സി, നിയാസിന്‍, തയാമിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് പാലിലോ വെള്ളത്തിലോ ചേര്‍ത്ത് കുറുക്കി ശര്‍ക്കരയോ മറ്റോ ചേര്‍ത്ത് കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമായ വിഭവം കൂടിയാണ്.
വയറിൻറെ ആരോഗ്യത്തിന്
വയറിൻറെ ആരോഗ്യത്തിന് ഏറ്റവും നല്ല മരുന്നാണ് കൂവ. ഇത് നല്ല ദഹനം നല്‍കുന്നു. വയറിളക്കമോ ഇതു പോലെയുളള അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ ഇതേറെ ഗുണകരമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അതായത് ഭക്ഷണം കഴിച്ചാല്‍ പെട്ടെന്നു തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നലുണ്ടാകുന്ന തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. വിഷമയത്തെയും അണുബാധയെയും തടയുന്ന അലക്സറ്റെറിക്, വയറുവേദനയിൽ നിന്ന് ആശ്വാസമേകുന്ന ആൻറി ഡിസന്ററിക് ഗുണങ്ങൾ ഇതിനുണ്ട്.
മസിലുകളുടെ ആരോഗ്യത്തിനും
പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണമായതിനാല്‍ തന്നെ മസിലുകളുടെ ആരോഗ്യത്തിനും തടി കുറയ്ക്കാനും ഇതേറെ നല്ലതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ കൂവയുടെ എട്ട് ഔണ്‍സ് ദിവസവും ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 19 ശതമാനം നല്‍കുന്നുമുണ്ട്. ധാരാളം അയേണ്‍ അടങ്ങിയ ഇത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. കുട്ടികളിലും കുഞ്ഞുങ്ങളിലും രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ടൊരു ഭക്ഷണ വസ്തുവാണിത്. മറ്റ് കിഴങ്ങുകളേക്കാൾ 5 ഗ്രാം പ്രോട്ടീൻ അരോറൂട്ട് കൂടുതൽ നൽകുന്നു. ഇത് ശരീരത്തിന്റെ സാധാരണ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. ഇവ കൂടാതെ, ജനന വൈകല്യങ്ങൾ തടയുന്നതിനും ഡിഎൻഎ രൂപപ്പെടുന്നതിനും ഗർഭാവസ്ഥയിൽ അത്യാവശ്യമായ ഫോളേറ്റ് വിറ്റാമിൻ ബി 9 നൽകുന്നതിനും ഇത് സഹായിക്കുന്നു.
എല്ലിൻറെ ആരോഗ്യത്തിന്
എല്ലിൻറെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കൂവ. ഇത് എല്ലുകളുടെ ബലത്തിന് നല്ലതാണ്. കാല്‍സ്യം സമ്പുഷ്ടമായതു തന്നെയാണ് കാരണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് കഴിയ്ക്കാം. ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും ആരോഗ്യകരമായ ഒന്നാണിത്. എല്ലുകളുടെ ബലത്തിന് സഹായിക്കുന്നതിനാല്‍ തന്നെ കുട്ടികളുടെ ആരോഗ്യത്തിന് മികച്ചതു കൂടിയാണിത്.
കുട്ടികളുടെയും മുതിർന്നവരുടെയും
ആയുർവേദത്തിൽ മുറിവുകളെ ചികിത്സിക്കുന്നതിനും വിഷത്തിൻറെ മറുമരുന്നായും കൂവച്ചെടി ഉപയോഗിക്കുന്നു. രുചിയിൽ മധുരവും (രസ) തണുത്ത ഫലവുമാണ് (വീര്യ) കൂവ. ഇതിന് പിത്ത വാത ദോഷത്തെ ശമിപ്പിക്കാനുള്ള സ്വാഭാവിക ശേഷിയുണ്ട്. ശരീരത്തിന് പോഷണം, ശക്തി, ശുക്ലത്തിന്റെ അളവ് മെച്ചപ്പെടുത്തൽ, ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ നിലനിർത്തുക തുടങ്ങിയ ഗുണങ്ങളും ഇത് നൽകുന്നു.
ദഹിപ്പിക്കാൻ എളുപ്പമുള്ളതും ഗ്ലൂറ്റൻ രഹിതവും ഉയർന്ന പോഷക ഗുണങ്ങളും ഉള്ള കൂവക്കിഴങ്ങും പൊടിയും മിതമായ ഭക്ഷണം ആവശ്യമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ ഭക്ഷണമാണ്.