ആയുര്‍വേദ ചികിത്സാവിധികളില്‍ നിരവധി ഔഷധക്കൂട്ടുകള്‍ക്കായി ഉപയോഗിക്കുന്ന അശ്വഗന്ധ അഥവാ അമുക്കുരം ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ്. ചെറിയ പൂക്കളോടു കൂടി കുറ്റിച്ചെടിയായി വളരുന്ന ഈ സസ്യം വ്യാവസായികാടിസ്ഥാനത്തിലാണ് പലയിടത്തും കൃഷി ചെയ്യുന്നത്.
ഇതിന്റെ വേരുകള്‍ ആയുര്‍വേദത്തിലും യുനാനി ചികിത്സയിലും ഏറെ ഫലപ്രദമാണ്. ഇന്ത്യയില്‍ ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എന്നാല്‍ പലയിടത്തും പല പേരുകളില്‍ ഈ സസ്യം അറിയപ്പെടുന്നു.
ഉറക്കമില്ലായ്മ കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് അശ്വഗന്ധ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നല്ല ഉറക്കവും ഊര്‍ജസ്വലതയും ലഭിക്കും. കൊളസ്ട്രോള്‍ അംശം കുറയ്ക്കാനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഔഷധസസ്യമാണിത്. വിഷാദം, ടെന്‍ഷന്‍, ഉത്കണ്ഠ എന്നിവയെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളും അശ്വഗന്ധയിലുണ്ട്.
കൃഷിരീതികള്‍
മണല്‍ അടങ്ങിയ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലും ഇളം ചുവന്ന നിറമുള്ള മണ്ണിലും അശ്വഗന്ധ നന്നായി വളരും. മണ്ണിന്റെ പി.എച്ച് മൂല്യം 7.5 -നും 8.0 -നും ഇടയിലായിരിക്കണം.
കൃഷി ചെയ്യുന്നതിന് മുമ്പായി നിലം നന്നായി ഉഴുതുമറിയ്ക്കണം. ശേഷം ജൈവവളങ്ങള്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. വിത്ത് മുളപ്പിച്ചാണ് ചെടികള്‍ വളര്‍ത്തുന്നത്. രോഗത്തില്‍ നിന്ന് മുക്തമായതും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ വിത്തുകളാണ് മുളപ്പിക്കാനായി ഉപയോഗിക്കുന്നത്.മണലും ജൈവകമ്പോസ്റ്റും യോജിപ്പിച്ച മണ്ണിലേക്കാണ് വിത്തുകള്‍ നടുന്നത്. ഒരു ഹെക്ടറിലേക്ക് ഏകദേശം അഞ്ച് കിലോ വിത്തുകള്‍ ആവശ്യമായി വരും. ജൂണ്‍-ജൂലായ് മാസങ്ങളിലാണ് സാധാരണയായി നഴ്സറിയില്‍ വിത്ത് മുളപ്പിക്കുന്നത്. മണ്‍സൂണ്‍ കാലത്തിന്റെ തുടക്കത്തിന് തൊട്ടുമുമ്പായി വിത്തുകള്‍ വിതയ്ക്കണം.
ആറോ ഏഴോ ദിവസങ്ങള്‍ കൊണ്ട് വിത്ത് മുളയ്ക്കും. 40 ദിവസം പ്രായമാകുമ്പോള്‍ തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടാം. മികച്ച വളര്‍ച്ചയ്ക്കായി മണ്ണിരക്കമ്പോസ്റ്റ്, പച്ചിലവളം എന്നിവ ഉപയോഗിക്കാവുന്നതാണ്. വെളളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ അശ്വഗന്ധ വളര്‍ത്തുന്നത് ഗുണകരമല്ല.