തുളസിയ്ക്ക് ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, എന്നീ ഗുണങ്ങളും ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് ഒരു പ്രകൃതിദത്ത പരിഹാരമായി ഉപയോഗിച്ച് വരുന്നു. തുളസിയുടെ മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ച് നോക്കാം.
- വയറുവേദന, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾ അകറ്റി ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുളസി വെള്ളം സഹായിക്കും. ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ തുളസിക്ക് കഴിയും. മാത്രമല്ല, തുളസിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രക്രിയയിലെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും.
- തുളസി വെള്ളം രോഗപ്രതിരോധശേഷി കുറവുള്ളവർക്ക് നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാലും ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളാലും തുളസി സമ്പുഷ്ടമായതിനാൽ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് ഏറെ ഗുണം ചെയ്യും. പതിവായി തുളസി വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ജലദോഷത്തിനും പനിക്കുമുള്ള സാധ്യത കുറയ്ക്കും.
- സമ്മർദവും ഉത്കണ്ഠയും പലരെയും ബാധിക്കുന്ന സാധാരണ പ്രശ്‌നങ്ങളാണ്. അവയെ നേരിടാൻ തുളസി വെള്ളത്തിന് കഴിയും. തുളസിക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്, കൂടാതെ കാൽസ്യം, സിങ്ക്, ഇരുമ്പ്, വിറ്റാമിനുകൾ എ, സി തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അഡാപ്റ്റോജനുകൾ സമ്മർദം കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
- തുളസിക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. വായിലെ ബാക്ടീരിയകളെ ചെറുക്കാനും പ്ലേഗ് അടിഞ്ഞുകൂടൽ, മോണരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. വായ്നാറ്റം അകറ്റാനും തുളസി വെള്ളം സഹായിക്കും.
- ശ്വാസകോശാരോഗ്യത്തിന് തുളസി ഏറെ ഗുണം ചെയ്യുന്നുണ്ട്. ജലദോഷം, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയെ നേരിടാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി വെള്ളം കുടിക്കുന്നത് ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും മൂക്കടപ്പ് അകറ്റാനും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാനും സഹായിക്കും.
തുളസി വെള്ളം തയ്യാറാക്കേണ്ട വിധം
ഒരു പിടി തുളസി നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം വെള്ളത്തിൽ ഇട്ട് 10-12 മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുത്തശേഷം തണുക്കാനായി മാറ്റിവയ്ക്കുക. മധുരം വേണമെങ്കിൽ കുറച്ച് തേൻ ചേർക്കുക. ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുക.