പോഷകങ്ങളുടെ സുവര്‍ണ്ണകിരീടമെന്ന് അറിയപ്പെടുന്ന ബ്രൊക്കോളിയ്ക്ക് നമ്മുടെ ദൈനംദിനവിഭവങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴും വലിയ സ്ഥാനമൊന്നുമില്ല.കാബേജിന്റെയും കോളിഫ്‌ളവറിന്റെയും ഗണത്തില്‍പ്പെട്ട സസ്യമാണിത്. ബ്രൊക്കോളിയുടെ ശരിയായ ഉപയോഗത്തെപ്പറ്റിയോ ഗുണങ്ങളെപ്പറ്റിയോ നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിദേശരാജ്യങ്ങളില്‍ കൂടുതലായി കൃഷി ചെയ്യുന്ന ബ്രൊക്കോളി കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളിലും ഇപ്പോള്‍ കൃഷി ചെയ്തുവരുന്നുണ്ട്.
കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രിക്കാം
ബ്രൊക്കോളിയിലെ നാരുകള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയാഘാതത്തിന് കാരണമാകുന്ന ഹോമോസിസ്റ്റീന്‍ നിയന്ത്രിക്കാന്‍ ഇതിലെ ബീറ്റാ കരോട്ടിനും ബി വിറ്റാമിനുകളും സഹായിക്കുന്നു. ബ്രൊക്കോളിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായകമാണ്. നാരുകള്‍ കുടലിലൂടെ ഭക്ഷണം വേഗത്തില്‍ നീങ്ങാന്‍ സഹായകമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിലെ കാന്‍സറിനും കാരണമായേക്കാവുന്ന പദാര്‍ത്ഥങ്ങള്‍ കുടലില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാകില്ല. അതിനാല്‍ കാന്‍സര്‍ സാധ്യതയും കുറയും.
രക്തസമ്മര്‍ദ്ദം കുറയ്ക്കാം
രക്തസമ്മര്‍ദ്ദം കൂടുന്ന സമയത്ത് ഉപ്പ് കുറയ്ക്കുക എന്നതാണ് നമ്മുടെ പൊതുവെയുളള രീതി. എന്നാല്‍ പലരുടെയും ഭക്ഷണത്തില്‍ ആവശ്യത്തിന് പൊട്ടാസ്യം ഉണ്ടാവില്ല. പൊട്ടാസ്യത്തിന്റെ കുറവ് ബിപി കൂടുന്നതിനും ധമനീഭിത്തികള്‍ ദുര്‍ബലമാക്കുകയും ചെയ്യും. ബ്രൊക്കോളിയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയര്‍ന്ന ബി.പി നിയന്ത്രിക്കാന്‍ ബ്രൊക്കോളി കഴിയ്ക്കുന്നത് ഗുണം ചെയ്യും.
പാലിനോളം കാത്സ്യം
പാലും മറ്റ് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാത്തവര്‍ക്ക് ബ്രൊക്കോളി കഴിക്കുന്നതിലൂടെ കാത്സ്യത്തിന്റെ അഭാവം പരിഹരിക്കാം. പാലിനോളം കാത്സ്യം ബ്രൊക്കോളിയിലുണ്ട് എന്നതുതന്നെ കാരണം. എല്ലിന്റെ വളര്‍ച്ചയ്ക്കും മറ്റും കാത്സ്യം അത്യാവശ്യമാണ്.
കാഴ്ചശക്തി മെച്ചപ്പെടും
ബ്രൊക്കോളിയില്‍ വിറ്റാമിന്‍ എ ധാരാളമുളളതിനാല്‍ തിമിരം തടയുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും. കരളിന്റെ പ്രവര്‍ത്തനത്തിനും ഇത് ഏറെ ഗുണകരമാണ്.പോഷകങ്ങളുടെ സുവര്‍ണ്ണകിരീടമെന്ന് അറിയപ്പെടുന്ന ബ്രൊക്കോളിയ്ക്ക് നമ്മുടെ ദൈനംദിനവിഭവങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴും വലിയ സ്ഥാനമൊന്നുമില്ല.
ഇക്കാര്യം ശ്രദ്ധിയ്ക്കൂ
തൈറോയ്ഡ് പ്രശ്‌നങ്ങളുളളവര്‍ക്ക് ബ്രൊക്കോളിയിലെ തയോസൈനെറ്റ്‌സ് ദോഷകരമാണ്. ഇത് അയഡിന്‍ ആഗിരണത്തില്‍ മാറ്റം വരുത്തും. വേവിക്കുമ്പോള്‍ ഇത് ഒരു പരിധി വരെ കുറയും.