എല്ലാ കാലാവസ്ഥയിലും കായ്കള്‍ ധാരാളം ഉണ്ടാകുന്നതിനാല്‍ പലര്‍ക്കും പ്രിയപ്പെട്ടതാണ് കോവയ്ക്ക. ഇത്തിരി ശ്രദ്ധ മാത്രമുണ്ടായാല്‍ എല്ലാ വീടുകളിലും എളുപ്പം കൃഷി ചെയ്യാം.
ദിവസവും കോവയ്ക്ക കഴിക്കുന്നത് ആരോഗ്യത്തിനും ഏറെ നല്ലതാണ്. പോഷകങ്ങളുടെ കലവറ തന്നെയാണ് നമ്മുടെ കോവയ്ക്ക. അതുകൊണ്ട് എല്ലാത്തിനും വേരുപിടിയ്ക്കുന്ന ഈ മഴക്കാലത്ത് നമുക്ക് കോവല്‍ വളളി പടര്‍ത്തിയാലോ.
ഇത്തിരി ശ്രദ്ധ മാത്രമുണ്ടെങ്കില്‍ പോഷകസമ്പുഷ്ടമായ കായ്കള്‍ ദിവസവും കഴിക്കാം. വളളി പടര്‍ത്തി പന്തല്‍ കെട്ടി പരിചരിക്കണമെന്നു മാത്രം. നല്ലനീര്‍വാര്‍ച്ചയുള്ള മണ്ണില്‍ കോവയ്ക്ക നന്നായി വളരും. ടെറസ്സില്‍ വളര്‍ത്തുമ്പോള്‍ ചാക്കിലും ചെടിച്ചട്ടിയിലും നടാവുന്നതാണ്.
നല്ലവളക്കൂറുള്ള മണ്ണാണെങ്കില്‍ കൃത്യമായ പരിചരണം കിട്ടിയാല്‍ 60 മുതല്‍ 75 ദിവസം കൊണ്ട് കോവല്‍ കായ്ക്കും. ഒരുപാട് വെളളം കെട്ടിക്കിടക്കുന്നിടത്ത് നടരുത്. സൂര്യപ്രകാശം നന്നായി ലഭിക്കുന്നിടത്ത് നട്ടാല്‍ നല്ല രീതിയില്‍ വളരും. കോവലിന്റെ തണ്ടാണ് നടുന്നത്.
കോവയ്ക്കയില്‍ രണ്ടിനമുണ്ട്. ഒന്ന് കയ്പുളളതും മറ്റേത് കയ്പില്ലാത്തതുമാണ്. കായ്പുള്ളതിനെ കാട്ടുകോവല്‍ എന്നാണ് പറയുന്നത്. ഇതിന് ഔഷധഗുണം കൂടും കയ്യിപ്പില്ലാത്തതാണ് സാധാരണയായി ഭക്ഷണമായി ഉപയോഗിക്കുന്നത്. ധാരാളം വിറ്റാമിനുകളും എന്‍സൈമുകളും കോവയ്ക്കയില്‍ അടങ്ങിയിരിക്കുന്നു.
പ്രമേഹത്തെ ശമിപ്പിക്കാന്‍ കോവയ്ക്ക ഉത്തമമാണ്. പ്രമേഹരോഗികള്‍ കോവല്‍ ഇലയുടെ നീര്, വേരില്‍ നിന്നുളള സത്ത് എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. ദിവസവും ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രമേഹത്തിന്റെ തോത് കുറഞ്ഞുവരുന്നതായി കാണാം. കോവയ്ക്ക ഉണക്കിപ്പൊടിച്ച് ദിവസവും രണ്ട് നേരം ചൂടുവെളളത്തിലിട്ട് കുടിക്കുന്നതും നല്ലതാണ്. സോറിയാസിസ് പോലുളള ചര്‍മരോഗങ്ങള്‍ക്കും കോവയ്ക്ക ഫലപ്രദമാണ്.
കോവയ്ക്ക ഉപയോഗിച്ച് നിരവധി വിഭവങ്ങള്‍ നമുക്ക് എളുപ്പം തയ്യാറാക്കാനാകും. മെഴുക്ക് പുരട്ടി, തോരന്‍, കോവയ്ക്ക അച്ചാര്‍, പച്ചടി എന്നിവ ഏറെ രുചികരവുമാണ്. വേവിക്കാതെ പച്ചയായും കഴിക്കാവുന്നതാണ്.