ഭാരതത്തില്‍ ധാരാളമായി വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്‍ അഥവാ ഞാറമരം. ഈ മരത്തിന്റെ ജന്മദേശം ഇന്ത്യയാണ്. ഇരുപത് മീറ്ററിലധികം ഉയരത്തില്‍ വളരുന്ന ഈ വൃക്ഷം മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ പുഷ്പിക്കുകയും ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസമാകുമ്പോള്‍ പഴുത്ത കായ്കള്‍ ലഭ്യമാകുകയും ചെയ്യുന്നു. ഇരുണ്ട പര്‍പ്പിള്‍ നിറമുളള അണ്ഡാകൃതിയിലുളള ഈ ഫലത്തിന് ചെറിയ പുളി രസത്തോടുകൂടിയ മധുരമാണുളളത്.
ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുളള ഈ ഫലം പ്രമേഹം, ഹൃദ്രോഗം, കരള്‍രോഗം എന്നിവയ്‌ക്കെല്ലാം ഗുണപ്രദമായ മരുന്നായി ഉപയോഗിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ച ബാധിച്ചവര്‍ക്ക് ഒരു ഉത്തമ ഔഷധം കൂടിയാണ്. ഞാവല്‍ക്കുരുവാണ് പ്രമേഹരോഗത്തിന് ഔഷധമായി ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡും ഗ്ലൈക്കോസൈഡും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ ഞാവല്‍ പഴവും ഞാവല്‍മരത്തിന്റെ തൊലിയും വിരശല്യം, വയറിളക്കം എന്നിവയ്‌ക്കെല്ലാം ഉത്തമ ഔഷധം കൂടിയാണ്.
കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിന് ഫലം കേടുകൂടാതെ പറിച്ചെടുക്കണം. ഇതിനായി നിലത്തു നിന്നും ഏകദേശം അര മീറ്റര്‍ ഉയരത്തില്‍ ഒരു തുണിയോ ചെറിയ കണ്ണികളുളള വലയോ വലിച്ചുകെട്ടി ചില്ല ഉലച്ചുകഴിഞ്ഞാല്‍ കേടുകൂടാതെ ഫലങ്ങള്‍ ശേഖരിക്കാം. ഇങ്ങനെ ശേഖരിക്കുന്ന ഫലങ്ങള്‍ വലസഞ്ചിയില്‍ ഒന്നുമുതല്‍ രണ്ട് ആഴ്ച വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. നന്നായി പഴുത്ത പഴം നേരിട്ടും സംസ്‌കരിച്ചും ഉപയോഗിക്കാവുന്നതാണ്. ഇതില്‍ നിന്നും ഉണ്ടാക്കുന്ന ജ്യൂസ്, സ്‌ക്വാഷ്, ജാം, ജെല്ലി, ഐസ്‌ക്രീം, ലസി, വിനാഗിരി, വൈന്‍ എന്നിവ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഞാവല്‍പഴം തൊലിപ്പുറത്തെ എണ്ണമയം, മുഖക്കുരു എന്നിവ മാറാന്‍ സഹായിക്കുന്നതിനാല്‍ വിവിധ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.