രുചികരമായ ഭക്ഷണങ്ങള്‍ക്കുളള ചേരുവ മാത്രമാണ് എള്ളെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. എളളിന്റെ ആരോഗ്യഗുണങ്ങള്‍ എള്ളോളമല്ല കേട്ടോ.നമ്മുടെ ശരീരത്തിനാവശ്യമായ ഒട്ടേറെ ഘടകങ്ങള്‍ എളളില്‍ അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡുകളുടെയും അമിനോ ആസിഡുകളുടെയും കലവറയാണിതെന്നാണ് പറയപ്പെടുന്നത്.
കറുത്തതും വെളുത്തതുമായി രണ്ട് തരത്തിലുളള എളളാണ് പ്രധാനമായുളളത്. ഇതില്‍ കറുത്ത എളളിനാണ് ഗുണങ്ങള്‍ കൂടുതലുളളതായി കണക്കാക്കുന്നത്. എള്ളു കുതിര്‍ത്തോ, മുളപ്പിച്ചോ കഴിയ്ക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. എള്ളില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചില പ്രത്യേക ഘടകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. എള്ളില്‍ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഒരു സ്പൂണ്‍ എള്ളിലുണ്ടെന്നു പറയാം. സിങ്കും ഇതിലടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിന് ഇത് ഏറെ നല്ലതാണ്. എള്ളിലെ മഗ്നീഷ്യം സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.
കുട്ടികള്‍ക്ക് ദിവസവും എള്ള് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അത് കൂടാതെ ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. എള്ളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്രമേഹരോഗികള്‍ ദിവസവും എളള് കഴിക്കുന്നത് നല്ലതാണ്.
പണ്ടുകാലത്ത് നമ്മുടെ നെല്‍വയലുകളില്‍ കൃഷി ചെയ്തിരുന്ന പ്രധാന ഇടവിളയായിരുന്നു എളള്. നാടന്‍ചക്കിലാട്ടിയ എള്ളെണ്ണ അന്നും ഇന്നും തേച്ചുകുളിക്കാനും ഭക്ഷ്യയെണ്ണയായും നാം ഉപയോഗിച്ചുവരുന്നുണ്ട്. എന്നാലിന്ന് എളളുകൃഷി പേരിനു മാത്രമായി ചുരുങ്ങി.