പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ശരീരത്തിന് അത്യാവശ്യം തന്നെ. പല രോഗങ്ങൾക്കും മരുന്നുകളേക്കാൾ ഫലം ചെയ്യുന്നതും ആരോഗ്യം തരുന്നതും പോഷകമൂല്യങ്ങൾ നിറഞ്ഞ പഴങ്ങളും പച്ചക്കറികളും തന്നെയാണ്. എന്നാൽ എല്ലാ പച്ചക്കറികളും പഴവർഗങ്ങളും ആരോഗ്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഏത് പച്ചക്കറികളും പഴവർഗങ്ങളും കഴിയ്ക്കണമെന്ന് പറയുന്നത് പോലെ, അവ എത്രമാത്രം കഴിയ്ക്കണമെന്നും വിദഗ്ധ പഠനങ്ങൾ പറയുന്നു. അതായത്, ദിവസവും നമ്മൾ കഴിയ്ക്കുന്ന ഈ ആഹാരങ്ങളിൽ എത്രമാത്രം വിഷം കലർന്നിട്ടുണ്ട് എന്നതും തിരിച്ചറിഞ്ഞ് വേണം അവ ഉപയോഗിക്കേണ്ടത്.
നമ്മൾ ദിവസേന കഴിയ്ക്കുന്ന പഴ-പച്ചക്കറി വർഗങ്ങൾ മിക്കതും പുറത്ത് നിന്ന് വാങ്ങുന്നതാണ്. ഇവയിലെ കീടനാശിനി പ്രയോഗം നമ്മുടെ ആരോഗ്യത്തെ സുരക്ഷിതമാക്കുന്നില്ല.
എല്ലാം സ്വന്തമായി കൃഷി ചെയ്ത് വിളയിച്ചെടുത്ത് കഴിയ്ക്കാമെന്ന് ഇന്നത്തെ കാലത്ത് പറയാൻ സാധിക്കില്ല. ചില വിളകൾ നമ്മുടെ നാട്ടിലെ കൃഷിയ്ക്ക് അനുയോജ്യമാകണമെന്നില്ല. മാത്രമല്ല, മാറുന്ന തിരക്കേറിയ ജീവിതചൈര്യയും സ്വയം പര്യാപ്തതയിലെ ഒരു വെല്ലുവിളിയാണ്.
പുറത്ത് നിന്ന് നമ്മൾ വാങ്ങിക്കുന്ന പഴങ്ങളിലായാലും പച്ചക്കറികളിലായാലും കീടാക്രമണത്തെ പ്രതിരോധിക്കാനും അവ കേടാകാതിരിക്കാനും കര്‍ഷകരും വിൽപ്പനക്കാരും കീടനാശിനികള്‍ പ്രയോഗിക്കുന്നുണ്ട്. പൂർണമായും ജൈവകൃഷിയെന്നതും അപ്രാപ്യമായി വന്നേക്കാം.
അതിനാൽ, ഒരു ചെറിയ അളവ് വരെ ഇതിന്റെ ഉപയോഗം സുരക്ഷിതമാണ്. എന്നാൽ, അത് കൂടിയാൽ ഈ വിഷാംശങ്ങൾ ശരീരത്തിന് വിപത്താകുമെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്.
ഇങ്ങനെ വിഷാംശം അധികം നിറഞ്ഞിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഏതൊക്കെയെന്ന് നോക്കാം.
-
ആപ്പിള്‍ (Apple)
ദിവസവും ഒരു ആപ്പിള്‍ ഡോക്ടറെ അകറ്റി നിര്‍ത്തും. അങ്ങനെ വിശ്വാസത്തോടെ ഇപ്പോൾ പറയാനാവില്ല. കാരണം 95 ശതമാനം ആപ്പിളിലും കീടനാശിനി സാന്നിധ്യമുണ്ട്. ഇതിൽ തന്നെ മുക്കാൽ ഭാഗത്തിലും രണ്ട് കീടനാശിനികള്‍ കലരുന്നുവെന്നാണ് പറയുന്നത്.
-
ഉരുളക്കിഴങ്ങ് (Potato)
ഉത്തരേന്ത്യൻ ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് വളരെ പ്രധാനിയാണ്. കേരളത്തിലായാലും പല വ്യത്യസ്ത വിഭവങ്ങളും പലഹാരങ്ങളും ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പാകം ചെയ്യാറുണ്ട്. എന്നാൽ, 90 ശതമാനം ഉരുളക്കിഴങ്ങിലും കീടനാശിനിയുണ്ടെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു.
-
ചീര (Spinach)
മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ചീര. ആരോഗ്യത്തിന് അത്രയേറെ പ്രയോജനമുള്ള ഇലക്കറി കൂടിയാണിത്. എന്നിരുന്നാലും, ചീരയിലെ കീടാക്രമണത്തിന് പ്രതിവിധിയായി ഇതിൽ 60 ശതമാനത്തിലധികം കീടനാശിനികൾ കലരുന്നുവെന്ന് പറയുന്നു.
-
മുന്തിരി (Grapes)
മുന്തിരി കൂടുതലും നമ്മൾ പുറത്തുനിന്നാണ് വാങ്ങുന്നത്. ഇവയിൽ 14 തരം വ്യത്യസ്ത കീടനാശിനിതകളുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
-
വെള്ളരി (Cucumber)
കിച്ചടിയ്ക്കും പച്ചടിയ്ക്കുമായി പ്രിയപ്പെട്ട വെള്ളരിയിൽ 86 ഓളം വിവിധ കീടനാശിനികൾ അടങ്ങിയിരിക്കുന്നു. എന്നാൽ ഇവയുടെ തൊലിയിലാണ് ഇത് കൂടുതലായുള്ളത്. അതിനാൽ വെറുതെ കഴിക്കുകയാണെങ്കിലും പാകം ചെയ്യുകയാണെങ്കിലും തൊലി ചെത്തിക്കളയാൻ ശ്രദ്ധിക്കുക.
-
സ്ട്രോബെറി (Strawberry)
കേരളത്തിൽ നന്നേ കൃഷി കുറവായ പഴമാണ് സ്ട്രോബെറി. പുറത്ത് നിന്ന് വാങ്ങുന്ന ഈ പഴങ്ങളിൽ 30 ശതമാനത്തിലും പത്തിൽ കൂടുതൽ കീടനാശിനികളുണ്ട്. അമേരിക്കയിലെ ചില ഗവേഷണ വിദഗ്ധർ കണ്ടെത്തിയിട്ടുള്ളത് ചില സ്ട്രോബെറികളിൽ 21 കീടനാശിനികള്‍ വരെയുണ്ടെന്നാണ്.