രുചിയിലും ഭംഗിയിലും കറുത്ത മുന്തിരി (Black Grapes)യേക്കാൾ നമുക്ക് പലപ്പോഴും താൽപ്പര്യം പച്ച മുന്തിരി(Green Grapes)യോടായിരിക്കും. എന്നാൽ, ആരോഗ്യ ഗുണങ്ങളിൽ കേമനായ കറുത്ത മുന്തിരിയെ അങ്ങനെ വെറുതെ എഴുതിക്കളയണ്ട. കാരണം, ഫിറ്റ്നെസിൽ ശ്രദ്ധിക്കുന്നവരുടെ പ്രിയപ്പെട്ട പഴവർഗമാണ് കറുത്ത മുന്തിരി. ഒരുവിധത്തിൽ പറഞ്ഞാൽ പച്ച മുന്തിരിയേക്കാൾ മികച്ചതാണ് കറുത്ത മുന്തിരിയെന്ന് തന്നെ പറയാം.
മസ്തിഷ്കത്തിന് ഉണർവേകാനുള്ള ഉത്തമമായ ഫലമാണ് കറുത്ത മുന്തിരി. ചർമത്തിനും മുടിയ്ക്കുമെല്ലാം കറുത്ത മുന്തിരി എങ്ങനെ പ്രയോജനപ്പെടുമെന്നാണ് ഇവിടെ വിശദീകരിക്കുന്നത്.
കറുത്ത മുന്തിരി ചർമത്തിന് (Black Grapes For Skin)
തിളങ്ങുന്ന ചര്‍മം ലഭിക്കാൻ കറുത്ത മുന്തിരി നല്ലതാണ്. അതായത്, ഇതിലുള്ള റെസ്വെറാട്രോള്‍ എന്ന ആന്റി ഓക്സിഡന്റ് ചർമകോശങ്ങളെ സംരക്ഷിക്കുന്നതിന് സഹായകരമാണ്. ചർമത്തിനും ചെറുപ്പവും ആരോഗ്യവും നൽകുന്നതിന് ഇവ പ്രയോജനപ്പെടുത്താം. കറുത്ത മുന്തിരിയിൽ വിറ്റാമിന്‍ സി ധാരാളമായി കാണപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികൾക്ക് നല്ല ആരോഗ്യവും സൗന്ദര്യവും കൈവരാൻ മുന്തിരിങ്ങാ നീരിനൊപ്പം തേൻ ചേർത്ത് നൽകാം
ഇത് തിളക്കമുള്ള ചർമം ലഭിക്കാൻ സഹായിക്കും. മുഖക്കുരു പോലെ ചർമത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും കറുത്ത മുന്തിരി ശാശ്വത പരിഹാരമാണ്. ഇത് കൂടാതെ, ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ കറുത്ത മുന്തിരി കഴിയ്ക്കാം.
കേശ വളർച്ചയ്ക്ക് കറുത്ത മുന്തിരി (Black Grapes For Hair Growth)
കട്ടിയുള്ളതും കറുത്തതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. അത് യാഥാർഥ്യമാക്കാൻ കറുത്ത മുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വിറ്റാമിന്‍ ഇയാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ് കറുത്ത മുന്തിരി. ഇത് തലയോട്ടിയിലെ രക്തയോട്ടത്തെ വർധിപ്പിക്കുന്നു. തൽഫലമായി മുടി വളരുന്നതിനും ആരോഗ്യമുള്ള മുടി ഉണ്ടാകാനും കാരണമാകും. ഇതിന് പുറമെ, താരന്‍, മുടികൊഴിച്ചില്‍, നരച്ച മുടി തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കി മുടിയ്ക്ക് സംരക്ഷണം നൽകാനും കറുത്ത മുന്തിരി ഫലപ്രദമാണ്. അകാല നര തടയുന്നതിനുള്ള ഉത്തമ പ്രതിവിധിയാണ് കറുത്ത മുന്തിരിയെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
പ്രമേഹത്തിനെതിരെ ഉണക്കമുന്തിരി (Black Grapes Against Diabetes)
പ്രമേഹരോഗികൾക്കും കറുത്ത മുന്തിരി ഗുണം ചെയ്യും. എന്നാൽ ഡോക്ടറുടെ ഉപദേശത്തോടെ മാത്രമേ കഴിയ്ക്കാവൂ. കൂടാതെ, മിതമായ അളവിലാണ് ഇത് കഴിയ്ക്കേണ്ടത്. ഉണക്കമുന്തിരിയിൽ റെസ്വെറാട്രോള്‍ ഇന്‍സുലിന്‍ അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കും. കൂടാതെ, സംവേദനക്ഷമത മെച്ചപ്പെടുത്താനും കറുത്ത മുന്തിരി നല്ലതാണ്.
നേത്രസംരക്ഷണത്തിന് കറുത്ത മുന്തിരി (Black Grapes For Eyes)
നേത്ര സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിച്ച് കാഴ്ച ശക്തിയെ പോഷിപ്പിക്കുന്നതിന് കറുത്ത മുന്തിരി ഒറ്റമൂലിയാണ്. റെറ്റിനയിലേക്കുള്ള ഓക്സിഡേറ്റീവ് സമ്മർദവും അനുബന്ധ പ്രശ്നങ്ങളും കറുത്ത മുന്തിരി കൊണ്ട് പരിഹരിക്കാം. ഇതിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാണ് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്. ഇത്രയധികം ആരോഗ്യമൂല്യങ്ങളുണ്ടെങ്കിലും ഗർഭിണികൾ കറുത്ത മുന്തിരി കഴിയ്ക്കുന്നത് നല്ലതല്ല.
ഗർഭിണികൾക്ക് കറുത്ത മുന്തിരി നല്ലതല്ല (Black Grapes Are Not Good For Pregnant Women)
ഗർഭകാലത്ത് കറുത്ത മുന്തിരി പതിവായി കഴിച്ചാൽ രക്തസമ്മർദം വർധിക്കും. ഗർഭിണികൾക്ക് ഇത് അലര്‍ജിയും വയറ്റിൽ അള്‍സർ വരാനും കാരണമാകും. എന്നാൽ ഗർഭകാലത്ത് ഉണക്കമുന്തിരി കഴിയ്ക്കുന്നത് കൊണ്ട് പ്രശ്നമില്ല.