കനത്ത വേനലിൽ ദാഹവും തളർച്ചയും ഉണ്ടാകാതിരിക്കാൻ പ്രകൃതിയുടെ അദ്ഭുത കനിയാണ് പൊട്ടു വെള്ളരി.കഴിച്ചാൽ ഉടൻ ക്ഷീണവും ദാഹവുമകലുന്നതുകൊണ്ട് അദ്ഭുത കനി എന്ന വിശേഷണം പൊട്ടുവെള്ളരിക്ക് ഇണങ്ങും.ദാഹശമനിയായും വിരുന്നുസല്‍ക്കാരത്തിനും വേനലില്‍ കുളിര്‍മ്മയ്ക്കും ചൂടുകുരുമുതലായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും പൊട്ടുവെള്ളരി ഉപയോഗിക്കുന്നു.പൊട്ടുവെള്ളരി പ്രധാനമായും കൃഷിചെയ്യുന്നത് കൊടുങ്ങല്ലൂരാണ് തൃശൂർ ജില്ലയിൽ തന്നെയുള്ള കയ്പമംഗലം, മതിലകം, മാള, വെള്ളാങ്ങല്ലൂർ എന്നിവിടങ്ങളിലും കൊടുങ്ങല്ലൂരിനു പുറമേ കൃഷി ചെയ്യുന്നു. കായുടെ ഉള്ളിൽ ജലസമൃദ്ധമായ പൾപ്പാണ്. ഇതിനു തനതായ രുചി ഇല്ല എന്നതാണ് പ്രധാന പ്രത്യേകത. അതുകൊണ്ട് ഏതു രുചിയും ഗന്ധവും കലർത്തി ഉപയോഗിക്കാം. നാളികേരപ്പാലും പഞ്ചസാരയും അല്ലെങ്കിൽ ശർക്കര മാത്രമായോ ചേർത്തുപയോഗിക്കുന്ന രീതിയാണ് പ്രചാരത്തിൽ. വെള്ളം ചേർക്കാതെയാണ് മാംസളമായ ഭാഗം ഉടച്ചെടുക്കുന്നത്. അതിനാൽ ജ്യൂസ് കടകളിൽ മലിനജലം ചേർക്കും എന്ന പേടി വേണ്ട. പോഷക സമ്പന്നമായ പൊട്ടുവെള്ളരിയിൽ തണ്ണിമത്തനേക്കാൾ കൂടുതൽ നാരിന്റെ അംശവുമുണ്ട്. വേനല്‍ക്കാല രോഗങ്ങളായ ചൂടുകുരു, പുഞ്ചിച്ചൂട് എന്നിവയെ അകറ്റാന്‍ പൊട്ടുവെള്ളരി ഉപയോഗം സഹായിക്കും. ഇളം പ്രായത്തിലുള്ള പൊട്ടുവെള്ളരി പച്ചയ്ക്ക് കഴിക്കുന്നത് നല്ല ഗുണം ചെയ്യും. ക്യാന്‍സര്‍ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ധാതുസമ്പുഷ്ടമായ പൊട്ടുവെള്ളരിജ്യൂസ് നിര്‍ദ്ദേശിക്കാറുണ്ട്. ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് ലഭിക്കുന്നതിനും നല്ലതാണ്.
വേനലിന്റെ ആരംഭത്തില്‍ വെള്ളമൊഴിഞ്ഞ വയലുകളിലാണ് വ്യാപകമായി പൊട്ടുവെള്ളരി കൃഷിയിറക്കുന്നത്. കേരളത്തിനു പുറത്ത് ഗോവ– മഹാരാഷ്‌ട്ര അതിർത്തികളിലും കൃഷി ചെയ്യുന്നുണ്ട്. നനവില്ലാത്ത മണല്‍കലര്‍ന്ന പൊടിമണ്ണാണ് കൃഷിക്ക് അനുയോജ്യം. കോള്‍പാടങ്ങളിലെ ചളികലര്‍ന്ന മണ്ണില്‍ വിളവുണ്ടാകില്ല. വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന നെല്‍പാടങ്ങളാണ് കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. തുള്ളിനനയാണ് ഇതിന് ആവശ്യം. കക്കരി, പാളയിൽ പിള്ള എന്നീ പേരുകളിലും അറിയപ്പെടുന്നു .വലിയ മുതൽമുടക്ക് വേണ്ടാത്ത കൃഷിയാണ് പൊട്ടുവെള്ളരിയുടേത്. വിത്തിട്ടാൽ 22–ാം ദിവസം കായ വിരിഞ്ഞു തുടങ്ങും. 47 ദിവസം കഴിഞ്ഞാൽ വിളവെടുപ്പു തുടങ്ങാം. 65–ാം ദിവസം വിളവ് പൂർണമായും തീർന്നിട്ടുണ്ടാവും.ഇത് പല സമയങ്ങളിലായി വിത്തിട്ട് എല്ലാദിനവും വിളവെടുക്കാവുന്ന വിധത്തിലാണ് കര്‍ഷകര്‍ കൃഷിചെയ്യുന്നതും. ഇതിന് കാരണമുണ്ട്. മറ്റ് വിളകളെ പോലെ അല്ല പൊട്ടുവെള്ളരി. പാകമായാല്‍ ഉടനെ ഉപയോഗിക്കണം. ഇല്ലെങ്കില്‍ പൊട്ടിയടര്‍ന്നു പോകും. പാകമായ പൊട്ടുവെള്ളരി സ്വയം വിണ്ടുകീറി അടര്‍ന്നു പൊടിഞ്ഞു പോകുന്നതിനാലാണ് ഈ വെള്ളരിവര്‍ഗ്ഗത്തിന് പൊട്ടുവെള്ളരി (Blond Cucumber) എന്ന പേരുലഭിച്ചത്. ഒരു വെള്ളരിക്കയ്ക്ക് അര കിലോ മുതല്‍ അഞ്ച് കിലോ വരെ തൂക്കം വരെ വളര്‍ച്ചയുണ്ടാകാറുണ്ട്.
പൊട്ടുവെള്ളരി പൊട്ടിയടരുമ്പോള്‍ തന്നെയാണ് ഉപയോഗിക്കേണ്ടതും.പറിച്ചെടുത്ത ചില കായകൾ പൊട്ടുന്നതുവഴി വഴി ഉള്ളിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ പാള കൊണ്ടു പൊതിഞ്ഞിരിക്കും. അതിനാലാണ് പാളയിൽ പിള്ള എന്ന പേരുവന്നത്. വർഷത്തിൽ രണ്ടുവിള കൃഷിചെയ്യാം. വിളവെടുപ്പു സീസണാണ് ഇപ്പോൾ. ഒരേക്കറിൽ 8 മുതൽ 12 ടൺ വരെ വിളവു ലഭിക്കും. ജൈവ വളം ഉപയോഗിച്ചാണ് കൃഷി. പ്രദേശത്തെ കർഷകരെ സംഘടിപ്പിച്ച പൊട്ടുവെള്ളരിയിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.