കരിങ്ങാലി എന്ന പേര് നമുക്കെല്ലാം വളരെ പരിചിതമാണ് .നമ്മുടെ വീടുകളിൽ ദാഹശമനിയായി ഉപയോഗിച്ച് വരുന്ന ഒരു വസ്തുവാണി ത് . എന്നാൽ കരിങ്ങാലിപ്പൊടി ദാഹശമനി എന്ന് പറഞ്ഞ് മാർക്കറ്റിൽ കിട്ടുന്ന പൊടിയിൽ രക്തചന്ദനവും ജീരകപ്പൊടി മല്ലി എന്നിവ ചേർത്ത് മിക്സ് ആണ് നമുക്ക് കിട്ടുന്നത്. അതിൽ രക്ത ചന്ദനം ഉള്ളതുകൊണ്ടാണ് ദാഹശമനിയിട്ട വെള്ളത്തിന് നല്ല ചുവപ്പ് നിറം കിട്ടുന്നത് .കരിങ്ങാലിക്ക് സംസ്കൃതത്തിൽ ദന്ത ദാവന എന്നാണ് പേര് .ഇന്ത്യയിലും ചൈനയിലും കരിങ്ങാലി ധാരാളം കണ്ട് വരുന്നത് . കേരളത്തിലെ മണ്ണിൽ കരിങ്ങാലി നന്നായി വളരും പക്ഷേ കേരളത്തിൽ കരിങ്ങാലി കൃഷി വളരെ കുറച്ചേ ഉ ള്ളൂ . ഇവ മുള്ളുകളുള്ള ഒരു ഇല പൊഴിയും വൃക്ഷമാണ് .15 മീറ്റർ വരെ ഉയരത്തിൽ കരിങ്ങാലി വളരും .തൊട്ടാർ വാടിയുടെ ഇലക്ക് സമാനമായുള്ള ഇലകളാണ് കരിങ്ങാലിക്ക് .ഇവയുടെ തൊലി അടർന്ന് നിൽക്കുന്നതായി എപ്പോഴും കാണാം .വേനൽകാലത്ത് ഇവ ഇലപൊഴിക്കും .കരിങ്ങാലിയുടെ കറുത്ത കാതലാണ് ദാഹശമനിയായി ഉപയോഗിക്കുന്നത്. കരിങ്ങാലിയുടെ ഒരു ചെടി നട്ടുവളർത്തുകയാണെങ്കിൽ ഒരു തലമുറയ്ക്കുള്ള കരിങ്ങാലി കാതൽ നമുക്ക് കിട്ടും .
കരിങ്ങാലി ഒട്ടേറെ അസുഖങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് .
കരിങ്ങാലിയുടെ കാതൽ തണ്ട് പൂവ് എന്നിവ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കും . ഖദിരാരിഷ്ടം ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവയിൽ കരിങ്ങാലിയാണ് ഉപയോഗിക്കുന്നത്.കരിങ്ങാലിയുടെ തണ്ട് വൃത്തിയാക്കി പല്ല് തേയ്ക്കാൻ ഉപയോഗിക്കാറുണ്ട് ഇത് മോണ പഴുപ്പിനെ തടയുന്നു .കരിങ്ങാലിയിട്ട് തിളപ്പിച്ച വെള്ളം കുട്ടികളെ കുളിപ്പിക്കാൻ ഉപയോഗിച്ചാൽ ത്വക്ക് രോഗങ്ങൾ വരികയില്ല .ഇത് പിത്തവും കഫവും ശമിപ്പിക്കുന്നു ,രക്തശുദ്ധി വരുത്തുന്നു .കുഷ്ഠരോഗ ചികിത്സക്ക് കരിങ്ങാലിയാണ് ഉപയോഗിച്ചിരുന്നത് .പ്രധാനമായും ത്വക്ക് രോഗങ്ങൾക്കും പല്ല് സംബന്ധമായ രോഗങ്ങൾക്കുമാണ് കരിങ്ങാലി ഉപയോഗിച്ച് വരുന്നത് .