മരണം വരെ സംഭവിക്കാവുന്ന മാരക രോഗമാണ് ബ്രെയിൻ സ്ട്രോക്ക്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോഴാണ് ബ്രെയിൻ സ്ട്രോക്ക് ഉണ്ടാവുന്നത്. രക്തപ്രവാഹം നിലയ്ക്കുന്നതുമൂലം തലച്ചോറിന്റെ ചില ഭാഗങ്ങൾ തകരാറിലാകുന്നു. ഇത് ചിലപ്പോൾ മരണത്തിനു കാരണമാകാം. ചികിത്സ എത്രത്തോളം വൈകുന്നവോ അത്രത്തോളം മസ്തിഷ്ക ക്ഷതത്തിന് കാരണമാകുകയും ദീർഘകാലത്തേക്കുള്ള വൈകല്യങ്ങൾക്കോ മരണത്തിനു വരെയോ കാരണമായേക്കാം.
ഇസ്കെമിക് സ്ട്രോക്ക് (Ischemic stroke), ഹെമറാജിക് സ്ട്രോക്ക് (Hemorrhagic stroke), ട്രാൻസിയന്റ് ഇസെകെമിക് അറ്റാക്ക് (transient ischemic attack (TIA)) എന്നി മൂന്നു തരം സ്ട്രോക്ക് ആണുള്ളത്. ആദ്യത്തേതിൽ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നതെങ്കിൽ രണ്ടാമത്തേതിൽ രക്തക്കുഴലുകൾ പൊട്ടി മസ്തിഷ്ക കോശത്തിനുള്ളിൽ രക്തസ്രാവവും കോശങ്ങൾക്ക് കേടുപാടുകളും സംഭവിക്കുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. മൂന്നാമത്തേത് യഥാർത്ഥ സ്ട്രോക്കിന് ദിവസങ്ങളോ ആഴ്ചകളോ മുമ്പാണ് പലപ്പോഴും സംഭവിക്കുന്നത്. അതിനാൽ ഇതൊരു മുന്നറിയിപ്പായും പ്രവർത്തിക്കുന്നു. ട്രാൻസിയന്റ് ഇസെകെമിക് അറ്റാക്കുകൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് വലിയ സ്ട്രോക്കുകൾ ഒഴിവാക്കും.
ബന്ധപ്പെട്ട വാർത്തകൾ: സ്‌ട്രോക്ക് വരുന്നത് എങ്ങനെ നിയന്ത്രിക്കാം?
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉറക്കക്കുറവ്, സമ്മർദം, പൊണ്ണത്തടി, പുകവലി, ഉയർന്ന പ്ലാസ്മ ലിപിഡുകൾ, വ്യായാമക്കുറവ്, ഓറൽ ഗർഭനിരോധന ഗുളികകൾ, ഹൃദ്രോഗം, അസാധാരണമായ ഹൃദയമിടിപ്പ് തുടങ്ങിയവയെല്ലാം സ്ട്രോക്കിനുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.
ലക്ഷണങ്ങൾ
- ശരീരത്തിന്റെ ഒരു വശത്ത് തളർച്ച തോന്നുക, മുഖം, കൈകാലുകൾ എന്നിവ തളർന്നതായോ മരവിച്ചതായോ തോന്നുക
- സംസാരിക്കുന്നതിനോ മനസിലാക്കുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെടുക
- കണ്ണുകളിൽ മങ്ങൽ അല്ലെങ്കിൽ കാഴ്ച നഷ്ടപ്പെടൽ പോലുള്ള പ്രശ്നങ്ങൾ
- തലകറക്കം അല്ലെങ്കിൽ ബാലൻസ് നഷ്‌ടപ്പെടൽ, ഛർദ്ദി
- ചലനത്തിലോ നടത്തത്തിലോ ഉള്ള പ്രശ്നങ്ങൾ
- ബോധക്ഷയം
- ഒരു കാരണവുമില്ലാത്ത കഠിനമായ തലവേദന അനുഭവപ്പെടുക.
ചികിത്സകൾ
മെഡിക്കൽ ചികിൽസ, ശസ്ത്രക്രിയ, പുനരധിവാസം (ഫിസിയോതെറാപ്പി, ബാലൻസ് തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ നൽകുക) എന്നിവയാണ് സ്ട്രോക്കിന്റെ വിവിധ ചികിത്സാ ഘട്ടങ്ങൾ. സ്‌ട്രോക്ക് ഉണ്ടെന്ന് സംശയിക്കുന്ന ഘട്ടത്തിൽ തന്നെ, തലച്ചോറിന്റെ സിടി സ്കാൻ അല്ലെങ്കിൽ എംആർഐ സ്കാൻ എടുക്കണം. സ്ട്രോക്ക് ഏതു തരം ആണെന്നും തിരിച്ചറിയേണ്ടതുണ്ട്. വലിയ സ്ട്രോക്കുകളിൽ രോഗി പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ മാസങ്ങൾ എടുത്തേക്കാം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.