ചർമ്മത്തിലെ ഏറ്റവും പുറം പാളിയിൽ രൂപപ്പെടുന്ന ക്യാൻസർ കോശങ്ങളാണ് ചർമ്മ കാൻസറായി മാറുന്നത്. ഈ കോശങ്ങൾ സാധാരണ കോശങ്ങളുടെ ഇരട്ടി വേഗത്തിൽ പുനരുൽപ്പാദിക്കുന്നു. അങ്ങനെയാണ് ചർമ്മ ക്യാൻസർ ആരംഭിക്കുന്നത്. ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, മെലനോമ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള സ്‌കിൻ കാൻസറുകളുണ്ട്. സ്‌കിൻ ക്യാൻസറിനുള്ള പ്രധാന കാരണങ്ങളെ കുറിച്ചറിയാം.
- സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) റെയ്‌സ് തന്നെയാണ് സ്‌കിൻ കാൻസറിനുള്ള പ്രധാന കാരണം. അൾട്രാവയലറ്റ് റെയ്‌സ് ചർമ്മകോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കുന്നു, ഇത് കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്കും കാൻസറിന്റെ വികാസത്തിനും കാരണമാകുന്ന മ്യൂട്ടേഷനുകളിലേക്ക് നയിക്കുന്നു.
- ചിലതരം അപകടകരമായ റേഡിയേഷൻ വികിരണങ്ങൾ ഏൽക്കുന്നത് ചർമ്മ കാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
- സോറിയാസിസ് ബാധിച്ചവർക്ക് ചർമ്മ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും സോറിയാസിസിന്റെ ഓരോ കേസും ചർമ്മ അർബുദത്തിലേക്ക് നയിച്ചേക്കാമെന്ന് ഇതിനർത്ഥമില്ല. പിയുവിഎ (Psoralen Ultraviolet Light Treatment) പോലുള്ള സോറിയാസിസിനായി ഉപയോഗിക്കുന്ന ചികിത്സകൾ മെലനോമ ചർമ്മ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: സോറിയാസിസ് ലക്ഷണങ്ങൾ കുറയ്ക്കാൻ ചില വീട്ടുവൈദ്യങ്ങൾ
- രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകൾക്ക് ചർമ്മ കാൻസറിനുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും രോഗപ്രതിരോധ മരുന്നുകൾ കഴിക്കേണ്ടവരും എച്ച്ഐവി ബാധിച്ചവരും ഇതിൽ ഉൾപ്പെടുന്നു.
സ്‌കിൻ ക്യാൻസറിനെ എങ്ങനെ പ്രതിരോധിക്കാം?
- പ്രത്യേകിച്ച് രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിൽ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. തണൽ തേടുക, സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുക, പുറത്ത് പോകുമ്പോൾ ഉയർന്ന SPF ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക.
- അമിതമായി വെയിലിൽക്കേണ്ട സാഹചര്യത്തിൽ ശരീരം സംരക്ഷിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക.
- SPF 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്‌ക്രീൻ ചർമ്മത്തിന്റെ സൂര്യപ്രകാശമേൽക്കുന്ന എല്ലാ ഭാഗങ്ങളിലും പുരട്ടുക, കൂടാതെ ഓരോ രണ്ട് മണിക്കൂറിലും വീണ്ടും പുരട്ടുക.
- മറുകുകൾ, പുള്ളികൾ, അല്ലെങ്കിൽ ചർമ്മത്തിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടോ എന്ന് സ്വയം പരിശോധിക്കുക. പുതിയതോ മാറ്റങ്ങൾ വരുന്നതോ ആയ പാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ, ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.
- നിങ്ങളുടെ ചർമ്മത്തിലെ ജലാംശം നിലനിർത്താനും ആരോഗ്യം നിലനിർത്താനും ധാരാളം വെള്ളം കുടിക്കുക. നന്നായി ജലാംശമുള്ള ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറവാണ്.