ആലപ്പുഴ: ജില്ലയുടെവിവിധ പ്രദേശങ്ങളിൽ നിന്ന് ചിക്കൻപോക്‌സ് റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ ചിക്കൻപോക്‌സിനെ പ്രതിരോധിക്കുന്നതിനായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.
രോഗം സങ്കീർണ്ണമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വായുവിലൂടെ പകരുന്ന രോഗമാണ് ചിക്കൻപോക്‌സ്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കൾ (വൈറസ്) പുറത്ത്‌വരുന്നത്. ശ്വസിക്കുമ്പോഴും രോഗിയുമായി അടുത്തിടപഴകുമ്പോഴും ഈ വൈറസുകൾ മറ്റുളളവരിലേക്ക് പ്രവേശിക്കുകയും രോഗബാധ ഉണ്ടാകുകയും ചെയ്യുന്നു.
അതിനാൽ; തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുംമൂക്കുംതൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. രോഗിയുമായുളള സമ്പർക്കം നിയന്ത്രിക്കുക. ഒരിക്കൽ രോഗം വന്നയാൾക്ക് രോഗിയെ ശുശ്രൂഷിക്കാവുന്നതാണ്. രോഗിയെ നല്ല വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കാൻ അനുവദിയ്ക്കുക.വ്യക്തിശുചിത്വം പാലിക്കുക, രോഗിക്ക് പോഷകാഹാരവും പഴങ്ങളും ധാരാളം വെളളവും നൽകുക.
രോഗി പൂർണ്ണവിശ്രമമെടുക്കുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് കഴിക്കേണ്ടതു മാണ്. ചികിത്സക്കുളള മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്. രോഗാരംഭത്തിൽതന്നെ മരുന്ന് കഴിച്ച് തുടങ്ങിയാൽ രോഗം സങ്കീർണ്ണമാകുന്നതും മരണവും തടയാൻ കഴിയുന്നതാണ്.
ഒരുവീട്ടിൽഒരാൾക്ക് ചിക്കൻപോക്‌സ് പിടിപെട്ടാലുടനെ മറ്റുളളവരെ ബന്ധു വീടുകളിലേക്ക് മാറ്റുന്നത് രോഗം കൂടുതൽ ആളുകളിലേക്ക് പടരുന്നതിന് കാരണമാവും.പനി, ശരീരവേദന, ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുക,
കഠിനമായ ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണം പ്രകടമാവുന്നതിനുമുൻപും ലക്ഷണങ്ങൾ തുടങ്ങി 4 - 5 ദിവസം വരെയുമാണ് രോഗം മറ്റുളളവരിലേക്ക് പകരുന്നത്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.രോഗം വന്നാൽ സ്വയംചികിത്സ നടത്താതെ അടുത്തുളള സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സ തേടേണ്ടതാണ്.