സംസ്‌കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, മദ്യം, പുകവലി എന്നിവയെല്ലാം ക്യാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു. ഭക്ഷണ രീതികളിലെയും ജീവിതശൈലിയിലെയും മാറ്റം കൊണ്ടാണ് ക്യാന്‍സര്‍ രോഗം ഉണ്ടാകുന്നത്. ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും കഴിയും. ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും മറ്റ് പോഷകങ്ങളുടെയും കുറവ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയെ കുറിച്ച് കൂടുതലറിയാം.
- രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി പ്രധാനമാണ്. കൂടാതെ ചില ക്യാന്‍സറുകളുടെ സാധ്യതകളെ തടയാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റായി വിറ്റാമിന്‍ സി പ്രവര്‍ത്തിക്കും. അതിനാല്‍ വിറ്റാമിൻ സി യുടെ കുറവ് ക്യാൻസർ സാധ്യത കൂട്ടാം. ഇവയുടെ കുറവിനെ പരിഹരിക്കാനായി ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- വിറ്റാമിന്‍ എ, കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനുമൊക്കെ സഹായിക്കുന്നു. വിറ്റാമിന്‍ എയുടെ കുറവ് ചില അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രത്യേകിച്ച് ശ്വാസകോശം, അന്നനാളം, ആമാശയം എന്നിവയെ ബാധിക്കുന്ന അര്‍ബുദ സാധ്യത കൂടുമത്രേ. വിറ്റാമിന്‍ എ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുന്ന ഒരു ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കും. ഇതിനായി മധുരക്കിഴങ്ങ്, ക്യാരറ്റ്, ചീര തുടങ്ങിയവ കഴിക്കാം.
- വിറ്റാമിന്‍ ഡി, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമാണ്. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. പേശികള്‍ക്ക് ബലക്ഷയം, എല്ലുകളുടെ മോശം ആരോഗ്യം തുടങ്ങിയവയ്ക്ക് പുറമേ ചില ക്യാന്‍സര്‍ സാധ്യതകളെ കൂട്ടാനും വിറ്റാമിന്‍ ഡിയുടെ കുറവ് കാരണമാകും. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, സാൽമൺ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പയർ വർഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.
- സെലീനിയം, ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കുന്നു. സെലിനിയത്തിൻ്റെ കുറവ് മൂലം പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, ചർമ്മം എന്നിവയുൾപ്പെടെ വിവിധ അർബുദങ്ങളുടെ സാധ്യത കൂടാം. സൂര്യകാന്തി വിത്തുകൾ, മുട്ട, നട്സ്, ചീര, മത്സ്യം തുടങ്ങിയവയിലൊക്കെ സെലീനിയം അടങ്ങിയിട്ടുണ്ട്.