തണുപ്പുകാലങ്ങളിൽ പ്രത്യേകിച്ച് പ്രവചനാതീതമായ കാലാവസ്ഥയിൽ പല രോഗങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. മഴയും മഞ്ഞും വെയിലുമെല്ലാം കൂടിച്ചേര്‍ന്ന കാലാവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു പോയി കൊണ്ടിരിക്കുന്നത്. പെട്ടെന്നുള്ള ഈ മാറ്റം പലവിധ അസുഖങ്ങള്‍ക്കും കാരണമായേക്കാം. ഇത്തരത്തിൽ വരാൻ സാധ്യതയുള്ള ചില രോഗങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
- മഞ്ഞുകാലത്ത് സാധാരണയായി കണ്ടുവരുന്ന രോഗമാണ് ജലദോഷം. 'റൈനോ വൈറസ്' എന്ന ഒരുതരം വൈറസാണ് ജലദോഷത്തിന് പ്രധാനമായും കാരണമാകുന്നത്. തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, ചുമ, തലവേദന, ചെറിയ പനി എന്നിവയാണ് പ്രധാന ലക്ഷങ്ങള്‍. ഇതിന് ആന്റിബയോട്ടിക് ചികിത്സയുടെ ആവശ്യമില്ല. ദിവസത്തില്‍ മൂന്നോ നാലോ തവണ ആവി പിടിക്കുന്നതും ഉപ്പ് വെള്ളം മൂക്കില്‍ ഇറ്റിക്കുന്നതും മൂക്കടപ്പ് മാറി കിട്ടുവാനും ശ്വാസോച്ഛ്വാസം സുഗമമായി നടക്കുവാനും സഹായകമാകും.
ബന്ധപ്പെട്ട വാർത്തകൾ: ആസ്ത്മയെ പ്രതിരോധിക്കാൻ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
- തൊണ്ടപഴുപ്പാണ് മറ്റൊരു രോഗം. ഇത് വൈറസ് / ബാക്റ്റീരിയ ബാധയാണ് . കഠിനമായ തൊണ്ടവേദന, ശക്തിയായ പനി, ക്ഷീണം, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കുറയുന്നില്ലെകില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റി ബയോട്ടിക് മരുന്നുകള്‍ എടുക്കാം. ഇളം ചൂടുള്ള ഉപ്പുവെള്ളം ഇടയ്ക്കിടെ കവിളില്‍ കൊള്ളുന്നത് വേദന കുറയാനും രോഗം ഭേദമാകാനും സഹായിക്കും. ഇടയ്ക്കിടെ ഉണ്ടാവുന്ന തൊണ്ട പഴുപ്പ് ചിലപ്പോള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ വീക്കമാകാനും സാധ്യത ഉണ്ട്. അത്തരം ഘട്ടങ്ങളില്‍ ഒരു ഇഎന്‍ടി ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ ചികിത്സ സ്വീകരിക്കുക.
- ജലദോഷം പോലെ അത്ര നിസാരമായ അസുഖമല്ല ഇന്‍ഫ്‌ലുവന്‍സ. ആവശ്യമായ സമയത്ത് ഡോക്ടറുടെ സഹായം തേടിയില്ലെന്കില്‍ അസുഖം മൂര്‍ച്ചിക്കുവാന്‍ കാരണമായേക്കാം. ജലദോഷത്തില്‍ തുടങ്ങി, കഠിനമായ പനി, ശരീര വേദന, ക്ഷീണം, ചര്‍ദ്ദി,തലവേദന, തൊണ്ടവേദന എന്നീ ലക്ഷണങ്ങളും ഉണ്ടായേക്കാം.രോഗിയോട് അടുത്ത് ഇടപഴകിയാലും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായുവഴിയും രോഗം പകരാം.
ആസ്ത്മ തണുപ്പ് കാലാവസ്ഥയില്‍ വരാനും ലക്ഷണങ്ങള്‍ മൂര്‍ച്ചിയ്ക്കാനും സാധ്യത വളരെ കൂടുതലാണ്. ശ്വാസകോശങ്ങളെ ബാധിക്കുന്ന അലര്‍ജിയാണ് ആസ്തമ. ആസ്ത്മയ്ക്ക് കാരണമായ വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശ്വാസനാളിയുടെ ചുറ്റുമുള്ള പേശികള്‍ മുറുകുകയും ഉള്ളില്‍ നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ ശ്വാസനാളികള്‍ ചുരുങ്ങുകയും സാധാരണ രീതിയിലുള്ള വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യുക വഴി ചുമ, ശ്വാസം മുട്ടല്‍, കഫക്കെട്ട് തുടങ്ങിയവ ഉണ്ടാവുന്നു. അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമായി സമ്പര്‍ക്കം കുറയ്ക്കുക തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക.