പല ഭക്ഷണസാധനങ്ങളും നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. പ്രത്യേകിച്ച് പഴവര്‍ഗത്തില്‍പ്പെട്ടവ. എന്നാല്‍ ചില വസ്തുക്കളുടെ പോഷകമൂല്യവും രുചിയുമൊക്കെ ഫ്രിഡ്ജില്‍ വച്ചാല്‍ നഷ്ടപ്പെടും
ചിലപ്പോള്‍ ആരോഗ്യത്തെപ്പോലും ദോഷകരമായി ബാധിക്കും. അത്തരത്തില്‍ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാന്‍ പാടില്ലാത്ത ചില ഭക്ഷ്യവസ്തുക്കളെക്കുറിച്ച് അറിയാം.
ബ്രഡ്
തണുത്ത അന്തരീക്ഷത്തില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ലാത്ത ഭക്ഷ്യവസ്തുക്കളിലൊന്നാണ് ബ്രഡ്. കുറേക്കാലം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ബ്രഡിന്റെ ഘടനയില്‍ത്തന്നെ മാറ്റമുണ്ടാകും. മാത്രമല്ല ശീതീകരിക്കുന്നതുവഴി ബ്രഡ് വരണ്ടതും പഴകിയതുമായി മാറുകയും ചെയ്യും. സാധാരണ ഊഷ്മാവില്‍ അഞ്ച് ദിവസം വരെ ബ്രഡ് കേടാകില്ല.
ഉളളി
ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഉളളി മൃദുവാകുകയും പൂപ്പല്‍ നിറത്തിലാകുകയും ചെയ്യും. നേരെ മറിച്ച് പുറത്ത് സൂക്ഷിക്കുമ്പോള്‍ അവ കൂടുതല്‍ നേരം കേടാകാതെ നീണ്ടുനില്‍ക്കും. ഉളളിയ്ക്ക് വായുസഞ്ചാരവും കൂടുതല്‍ ആവശ്യമാണ്.
തക്കാളി
മിക്ക ആളുകളും തക്കാളി സ്ഥിരമായി ഫ്രിഡ്ജിലാണ് സൂക്ഷിക്കാറുളളത്. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ തക്കാളിയുടെ സ്വാഭാവിക രസം ഇല്ലാതാകും. തക്കാളിയുടെ ഘടന മാറുന്നതിനൊപ്പം ഉളളിലെ ചില ചര്‍മ്മങ്ങളെ തകര്‍ക്കും. അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുമ്പോള്‍ തക്കാളിയുടെ സ്വാഭാവിക രുചി നിലനില്‍ക്കും.
ആപ്പിള്‍
തക്കാളി പോലെ ആപ്പിളും മിക്കവാറും നമ്മള്‍ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ട്. എന്നാല്‍ ആപ്പിളിന്റെ ആകൃതിയും രുചിയുമെല്ലാം മാറാന്‍ ഇതിടയാക്കും. ആപ്പിള്‍ പോലെ തന്നെ ആപ്രിക്കോട്ട്, ഏത്തപ്പഴം, അവൊക്കാഡോ എന്നിവയും ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ല.
ഉരുളക്കിഴങ്ങ്
ഫ്രിഡ്ജില്‍ വച്ചാല്‍ ഉരുളക്കിഴങ്ങിന്റെ രുചി പെട്ടെന്ന് മാറാനിടയുണ്ട്. അതിനാല്‍ പുറത്തുവയ്ക്കുന്നതാണ് ഉത്തമം.
വെളുത്തുളളി
വെളുത്തുളളി ഒരു കാരണവശാലും ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ, മുറികള്‍ക്കുളളിലെ സാധാരണ താപനിലയാണ് വെളുത്തുളളി വയ്ക്കാന്‍ നല്ലത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ വെളുത്തുളളി അഴുകിപ്പോകാനും സാധ്യതയുണ്ട്.
കാപ്പിപ്പൊടി
കാപ്പിപ്പൊടി ഫ്രിഡ്ജില്‍ വയ്ക്കുകയാണെങ്കില്‍ മറ്റ് ആഹാരവസ്തുക്കളിലേക്കും അതിന്റെ മണം വ്യാപിക്കും. നേരിട്ട് സൂര്യപ്രകാശം എത്താത്ത സ്ഥലങ്ങളാണ് കാപ്പിപ്പൊടി സൂക്ഷിക്കാന്‍ നല്ലത്.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/livestock-aqua/honey-do-we-need-to-keep-in-fridge/