ചെമ്പരത്തിയും മുട്ടയും ഉള്ളിയും താളിയുമെല്ലാം കേശവളർച്ചയ്ക്ക് നല്ലതാണെന്ന് മിക്കവർക്കുമറിയാം. സമയം കിട്ടുമ്പോഴൊക്കെ, ഇവ കൊണ്ട് അൽപം നാട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ മുടിയ്ക്ക് പോഷകം ലഭിക്കാൻ നമ്മൾ കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളും സഹായിക്കുമെന്ന് ആയുർവേദവും ശാസ്ത്രവും പറയുന്നു. എന്നാൽ മുടിയുടെ ആരോഗ്യത്തിന് കഴിയ്ക്കേണ്ട ആഹാരം പോലെ ചിലത് മുടിയ്ക്ക് ദോഷകരമായും ബാധിക്കാറുണ്ട്.
അതായത്, നാം നിത്യേനയോ അല്ലെങ്കിൽ അധികമായോ കഴിയ്ക്കുന്ന ചില ഭക്ഷണപദാർഥങ്ങൾ മുടി കൊഴിച്ചിലിന് ഇട വരുത്തും. മുടി സംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നവർ ഇത്തരം ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് മനസിലാക്കി അവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് നല്ലതാണ്.
-
മുട്ട
മുടിയുടെ വളർച്ചയ്ക്ക് മുട്ട തലയിൽ തേക്കാറുണ്ട്. എന്നാൽ ഇവ കഴിയ്ക്കുന്ന രീതി ഒരുപക്ഷേ മുടി കൊഴിച്ചിലിന് കാരണമായേക്കാം. മുട്ട പുഴുങ്ങിക്കഴിക്കുന്നതും അവ പൊരിച്ച് കഴിയ്ക്കുന്നതുമെല്ലാം ശരീരത്തിലേക്ക് നല്ല രീതിയിൽ പോഷകഗുണങ്ങളായി എത്തുന്നു. എന്നാൽ ഇത് പച്ചയ്ക്ക് കഴിയ്ക്കുന്നത് നല്ല രീതിയിൽ ശരീരം ഉൾക്കൊള്ളണമെന്നില്ല.
മസിൽ വളർച്ചയ്ക്കുമെല്ലാം പച്ച മുട്ട കഴിയ്ക്കുന്നവർ മുടിയുടെ സംരക്ഷണത്തിലും തൽപ്പരരാണെങ്കിൽ മുട്ട ഇങ്ങനെ കഴിയ്ക്കുന്നത് ഒഴിവാക്കുക.
കാരണം, ഇത് ബാക്ടീരിയല്‍ ഇന്‍ഫെക്ഷനിലേക്ക് നയിക്കുകയും അത് മുടിയെ ബാധിക്കുകയും ചെയ്യും. മുട്ടയുടെ വെള്ള വേവിയ്ക്കാതെ കഴിയ്ക്കുന്നതും മുടി നഷ്ടപ്പെടുന്നതിന് കാരണമാണ്. വേവിക്കാത്ത മുട്ട വെള്ള ബയോട്ടിന്‍ എന്ന വിറ്റാമിന്‍ കുറയുന്നതിന് വഴിവയ്ക്കും. ഈ വിറ്റാമിന്റെ അളവ് കുറയുന്നതിലൂടെ ഇത് ഉൽപാദിപ്പിക്കുന്ന കെരാട്ടിന്‍ എന്ന ഘടകവും കുറയുന്നു. ആരോഗ്യമുള്ള മുടിയ്ക്ക് സഹായിക്കുന്ന പോഷക ഘടകമാണ് കെരാട്ടിൻ.
-
പഞ്ചസാര
പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹത്തിന് മാത്രമല്ല, മുടി കൊഴിച്ചിലിനും ഇടയാക്കുന്നു. പഞ്ചസാരയ്‌ക്കൊപ്പം കൃത്രിമ മധുരങ്ങൾ ചേർത്താലും മുടിയ്ക്ക് അത് കൂടുതൽ പ്രശ്നമാകും.
-
മദ്യം
മുടി കൊഴിച്ചിലിന് ചില പാനീയങ്ങളും ഹേതുവാകും. ഇതിൽ മദ്യവും കോളയുമാണ് പ്രധാനികൾ. കൂടാതെ, കൃത്രിമ മധുരം ചേര്‍ത്തവയും ഡയറ്റ് സോഡയും മറ്റും മുടിയെ നശിപ്പിക്കുമെന്നാണ് ഗവേഷണങ്ങളും പറയുന്നത്. കാരണം, ഇവ കെരാട്ടിൻ എന്ന പ്രോട്ടീന്റെ വളർച്ചയെ ബാധിക്കുന്നു. അതിനാൽ, ഇത് മുടിയുടെ ആരോഗ്യം കുറയുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകുന്നു.
-
ബേക്കറി, ജങ്ക് ഫുഡ്ഡുകൾ
ജങ്ക് ഫുഡ്ഡുകൾക്ക് ജനപ്രിയത കൂടുതലാണ്. കൊഴുപ്പ് കൂടിയ ആഹാരങ്ങൾ മുടിയ്ക്ക് ദോഷകരമാണ്. അതിനാൽ ജങ്ക് ഫുഡ്ഡുകളും ബേക്കറി പലഹാരങ്ങളും മുടി വളരുന്നതിന് വില്ലന്മാരാണ്. കാരണം, ഇവ ഗ്ലൈസമിക് ഇൻഡെക്സ് അടങ്ങിയിട്ടുള്ള ഭക്ഷണ പദാർഥങ്ങൾ മുടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: വൃത്തികെട്ട ഈ മുഖക്കുരു പോകണമെങ്കിൽ ഈ ഭക്ഷണങ്ങൾ കുറയ്ക്കണം
ഇവ ഹോർമോണുകൾക്കും മുടിയ്ക്കും രോമത്തിനും പ്രശ്നമാകുന്നു. അതിനാൽ, ബേക്കറി, റിഫൈന്‍ഡ് ഭക്ഷണം എന്നിവയെല്ലാം ഇതുപോലെ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നു.
മുടി നന്നായി വളരാൻ നമ്മുടെ ചിട്ടകളും ശരിയാക്കേണ്ടതുണ്ട്. വ്യായാമക്കുറവ്, ഉറക്കകുറവ് എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തിനെ ബാധിക്കുന്ന ഘടകങ്ങളാണ്. ചെറുപയർ, നട്സ്, മത്സ്യം, മധുരക്കിഴങ്ങ്, ബെറികൾ എന്നിവയെല്ലാം കേശ സംരക്ഷണത്തിന് മികച്ച ആഹാരങ്ങളാണ്.
ചീര പോലുള്ള ഇലക്കറികളും, വെണ്ണപ്പഴം അഥവാ അവോക്കോഡോ എന്നിവയും മുടി വളരുന്നതിന് നല്ലതാണ്. താരനെ നീക്കി മുടി തലയോട്ടിയെ പൂർണമായി സംരക്ഷിക്കാൻ കറുവപ്പട്ട സഹായിക്കുന്നു. തേങ്ങാപ്പാലും മറ്റും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നവയാണ്.