മലയാളികളുടെ അടുക്കളയില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് വെളിച്ചെണ്ണ. എന്നാല്‍ വിപണിയില്‍ പലതരം എണ്ണകള്‍ ലഭ്യമായിത്തുടങ്ങിയതോടെ നമ്മള്‍ അവയെല്ലാം ഉപയോഗിക്കാന്‍ തുടങ്ങി.
എന്നാലിതൊക്കെ എത്രത്തോളം വിശ്വസിക്കാനാകുമെന്ന് ഒന്നുകൂടി ആലോചിക്കണം. പണ്ടുളളവരുടെ ആരോഗ്യത്തെപ്പറ്റി നമ്മള്‍ ഇടയ്‌ക്കൊക്കെ അദ്ഭുതം കൊളളാറില്ലേ. അതിലൊരു രഹസ്യം വെളിച്ചെണ്ണ തന്നെയാണ്. ശരിയായ അളവിലും കൃത്യമായ രീതിയിലും ഉപയോഗിച്ചാല്‍ വെളിച്ചെണ്ണ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
പ്രകൃതിയില്‍ വളരെ ചുരുക്കം ഭക്ഷ്യവിഭവങ്ങളില്‍ മാത്രമടങ്ങിയ ലോറിക് ആസിഡ് വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇതിന് അപകടകാരികളായ വൈറസ്, ബാക്ടീരിയ, പ്രോട്ടോസോവ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. കൂടാതെ വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുളള കാപ്രിക്, കാപ്രിലിക് ആസിഡുകള്‍ക്കും അണുനശീകരണത്തിനുളള ശക്തിയുണ്ട്.
ചൂടാകുമ്പോള്‍ സ്ഥിരയുളള എണ്ണയും ഇതാണ്. വെളിച്ചെണ്ണയില്‍ നിന്ന് പെട്ടെന്ന് ഊര്‍ജം ലഭിക്കും. വിറ്റാമിനുകളും ലവണങ്ങളും പെട്ടെന്ന് ആഗിരണം ചെയ്യാനും വെളിച്ചെണ്ണയ്ക്ക് കഴിയും.
കരളിന്റെ ആരോഗ്യത്തിനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. ദഹനശേഷി വര്‍ധിപ്പിക്കാനും പ്രമേഹം പോലുളള രോഗങ്ങളെ പ്രതിരോധിക്കാനുമെല്ലാം വെളിച്ചെണ്ണ ഗുണകരമാണ്. പഞ്ചസാര, ശുദ്ധീകരിച്ച ധാന്യങ്ങള്‍, ആല്‍ക്കഹോള്‍ എന്നിവ ഉപയോഗിക്കാത്തവരില്‍ വെളിച്ചെണ്ണ ഉപയോഗത്തിലൂടെ പ്രമേഹം നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ മോണരോഗങ്ങള്‍ അകറ്റാനും പല്ലിന്റെ ആരോഗ്യം കാക്കാനുമെല്ലാം വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.
തേങ്ങയില്‍ നിന്ന് നേരിട്ടെടുത്ത സംസ്‌ക്കരിക്കാത്ത വെന്ത വെളിച്ചെണ്ണ കുട്ടികളെ കുളിപ്പിക്കാനും മറ്റും ഉപയോഗിക്കാറുണ്ട്. സൗന്ദര്യസംരക്ഷണത്തിന് പണ്ടുകാലം മുതല്‍ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. മുടിയുടെ ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം ഇതേറെ ഗുണം ചെയ്യും. വരണ്ട ചര്‍മ്മ, ചുണ്ടുകള്‍ വരണ്ടുപൊട്ടുക എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി വെളിച്ചെണ്ണ ഉപയോഗിക്കാം.
ഇതിലടങ്ങിയ നല്ല കൊഴുപ്പ് വരണ്ട ചര്‍മ്മത്തെ മൃദുവാക്കി മാറ്റാന്‍ സഹായിക്കും. ഇതുവഴി ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താം. വെളിച്ചെണ്ണയിലടങ്ങിയ ലോറിക് ആസിഡ് കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കും. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുന്നതിന് പ്രധാനമാണ് കൊളാജന്‍. ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും തേനും മിക്‌സ് ചെയ്‌തെടുക്കുക. ഈ മിശ്രിതം ചുണ്ടില്‍ തടവാം. ചുണ്ടിലെ മൃതകോശങ്ങളെ നീക്കാനും മൃദുവാക്കാനും ഇത് നല്ലതാണ്.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/health-herbs/how-to-make-fried-coconut-oil-or-virgin-coconut-oil/