അറബികളെയും യൂറോപ്യന്‍മാരെയുമെല്ലാം താരതമ്യം ചെയ്തുനോക്കുകയാണെങ്കില്‍ ഇലക്കറികള്‍ കഴിക്കുന്ന കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ വളരെ പിന്നിലാണ്. നാട്ടില്‍ ലഭ്യമായ ഇലകള്‍ പോലും തിരിഞ്ഞുനോക്കാത്തവരാണ് കൂടുതലും.
ചില മറുനാടന്‍ വിഭവങ്ങളിലൂടെയാണ് പല ഇലക്കറികളും നമ്മള്‍ യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞുതുടങ്ങിയത്. അത്തരത്തില്‍ കഴിക്കാവുന്ന സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമായ ഇലക്കറിയാണ് പാക്‌ചോയ്. പേരു സൂചിപ്പിക്കുംപോലെ ചൈനീസ് സസ്യമാണ്.
ഏറെ രുചികരമായ ബോക്‌ചോയ് പോഷകങ്ങളാല്‍ സമൃദ്ധമാണ്. കാബേജിന്റെ കോളിഫ്‌ളവറിന്റെയും കുടുംബത്തില്‍പ്പെട്ടതാണ് ഇതിന്റെ ഇലകള്‍. എന്നാല്‍ കാബേജിനെപ്പോലെ ഗോളാകൃതിയിലല്ല കാണപ്പെടുന്നത്. ചൈനീസ് വെളള കാബേജ്, പാക്‌ചോയ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
കടുംപച്ച നിറമുളള ഇതിന്റെ ഇലകള്‍ക്ക് കടുകിന്റെ ഇലകളോട് സാമ്യമുളളതായി കാണാം. ഇലകള്‍ സ്പൂണിന്റെ ആകൃതിയില്‍ ചുവട്ടില്‍ നിന്ന് വളര്‍ന്നുപൊങ്ങുന്നവയാണ്. മാംസളമായ ഇലയും തണ്ടും രുചികരവും പോഷകസമൃദ്ധവുമാണ്.
രുചികരമായ ഒട്ടേറെ വിഭവങ്ങള്‍ ബോക്‌ചോയ് ഇലകൊണ്ട് നമുക്ക് തയ്യാറാക്കാനാകും. തോരന്‍, മെഴുക്കുപുരട്ടി, സൂപ്പ് എന്നിവയുണ്ടാക്കാം. പച്ചയായി സാലഡ് ഉണ്ടാക്കിയും കഴിക്കാം. അമേരിക്കന്‍ രോഗനിയന്ത്രണ കേന്ദ്രം നടത്തിയ പഠനത്തില്‍ പോഷകഗുണത്തില്‍ ഇതിന് രണ്ടാംസ്ഥാനമുണ്ട്. 21 പോഷകം, 71 ലധികം ആന്റി ഓക്‌സിഡന്റുകള്‍, ധാതുലവണങ്ങള്‍, വൈറ്റമിനുകള്‍ എന്നിവയെല്ലാമടങ്ങിയ ബോക്‌ചോയ് കഴിച്ചാല്‍ ഗുണങ്ങളും നിരവധിയാണ്.
ബോക്‌ചോയ് കഴിക്കുന്നതിലൂടെ കാന്‍സറിനെ പ്രതിരോധിക്കാനാകുമെന്നാണ് പറയപ്പെടുന്നത്. അതുപോലെ രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനാകും. എല്ലുകളുടെ വളര്‍ച്ചയ്ക്കും ആരോഗ്യസംരക്ഷണത്തിനും സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചര്‍മ്മസംരക്ഷണത്തിനും ഉത്തമമാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ബോക്‌ചോയ് കഴിക്കുന്നതിലൂടെ സാധിക്കും.
കേരളത്തിലും നിഷ്പ്രയാസം ബോക്‌ചോയ് കൃഷി ചെയ്യാം. ഏതു കാലാവസ്ഥയിലും കൃഷിയിറക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. നീര്‍വാഴ്ചയും ആര്‍ദ്രതയുമുളള മണ്ണാണ് അനുയോജ്യം.
വിത്ത് നേരിട്ട് ഉപയോഗിച്ചും കിളിര്‍പ്പിച്ച് നട്ടും കൃഷി ചെയ്യാവുന്നതാണ്. വിളവെടുപ്പിന് 45 ദിവസം മാത്രം മതിയെന്നതാണ് മറ്റൊരു സവിശേഷത. ഗ്രോബാഗിലും കൃഷി ചെയ്യാനാകും. ഓണ്‍ലൈനിലും മറ്റും ഇപ്പോള്‍ വിത്തുകള്‍ ലഭ്യമാണ്.