സ്വാദിലെ മേന്മയും ആരോഗ്യഗുണങ്ങളാലും പഴങ്ങൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഭക്ഷണക്രമത്തിൽ പഴങ്ങൾ സ്ഥിരമാക്കുന്നതും ശരീരത്തിന് അത്രയേറെ ഗുണം ചെയ്യുന്നുവെന്ന് തന്നെ പറയാം. നമ്മൾ കഴിയ്ക്കുന്ന ആഹാരത്തിന്റെ പകുതിയിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നത്.
കാരണം ഫൈബറും വൈറ്റമിൻസും മിനറൽസും അങ്ങനെ ഒരുപാട് പോഷക മൂല്യങ്ങളുള്ളതാണ് പഴ വർഗങ്ങൾ. എന്നാൽ ഇവ ആഹാരത്തിന് മുൻപാണോ, ശേഷമാണോ കഴിക്കേണ്ടത്, വെറും വയറ്റിൽ കഴിയ്ക്കാമോ തുടങ്ങിയ സംശയങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. ആരോഗ്യസംരക്ഷണത്തിന് കരുതൽ നൽകുന്നവർ പഴവർഗങ്ങൾ എപ്പോഴൊക്കെ കഴിയ്ക്കണമെന്നതും ശ്രദ്ധിക്കേണ്ടതാണ്.
ആയുർവേദ പ്രകാരം പഴങ്ങൾ കഴിയ്ക്കേണ്ട ഉചിതമായ സമയത്തെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. വിശപ്പ് ഏറ്റവും അധികമുള്ളപ്പോൾ പഴ വർഗങ്ങൾ കഴിക്കുന്നത് നല്ലതാണെന്ന് ആയുർവേദം നിർദേശിക്കാറുണ്ട്. മധുരമുള്ള ആഹാര ദ്രവ്യങ്ങളും പഴങ്ങളും ഭക്ഷണത്തിന് മുൻപ് കഴിയ്ക്കുന്നതാണ് ഉത്തമം. ഉദാഹരണത്തിന് ചക്കയും മാങ്ങയും പ്രധാന ഭക്ഷണത്തിന് മുൻപ് കഴിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: തണുപ്പിന് പറ്റിയതാണ് ഈ ഫലങ്ങൾ
മാതളം പോലുള്ള ലഘുവായ ഫലങ്ങൾ ഭക്ഷണ ശേഷവും കഴിക്കാം. കൂടാതെ, നിങ്ങൾ കഴിക്കുന്ന ഭക്ഷണം നല്ല എരിവുള്ളതാണെങ്കിൽ പഴുത്ത മാങ്ങയും മറ്റും ഭക്ഷണ ശേഷം കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിയ്ക്കുന്നതിലൂടെ ദഹനപ്രക്രിയ കൂടുതൽ സുഗമവും എളുപ്പവുമാകുന്നു.
ഭക്ഷണത്തിന് അര മണിക്കൂർ മുൻപാണ് ഫലങ്ങൾ കഴിയ്ക്കുന്നതിന് അത്യുത്തമം എന്നും പറയാറുണ്ട്. പ്രത്യേകിച്ച് പ്രഭാത ഭക്ഷണത്തിന് അര മണിക്കൂർ മുൻപ് കഴിയ്ക്കുന്നത് നല്ലതാണ്. അതായത്, പഴങ്ങളിലെ ഫൈബറുകളും പഞ്ചസാരകളും വൈറ്റമിനുകളും മികച്ച രീതിയിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.
കൂടാതെ, ആഹാരത്തിന് തൊട്ടുപിറകെ പഴങ്ങൾ കഴിച്ചാൽ, പ്രോട്ടീനുകളും പഞ്ചസാരകളും ഒന്നിച്ച് ഫെർമെന്റ് ചെയ്ത്, ദഹന പ്രശ്നങ്ങളിലേക്ക് വഴിവച്ചേക്കും. രാത്രി ഉറങ്ങുന്നതിന് തൊട്ടു മുൻപ് പഴങ്ങൾ കഴിയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് ഉറക്കത്തെയും വിശ്രമത്തെയും മോശമായി ബാധിക്കുന്നു. നമ്മുടെ ഊർജ നില ഉയർത്തന്നതിനാൽ ഇത് ശരിയായ ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു.
രാവിലെയും വൈകുന്നേരവും ആഹാരത്തിന് അര മണിക്കൂർ മുൻപും പഴങ്ങൾ കഴിക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. പഴങ്ങളിൽ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ പിന്നീട് ആഹാരം കഴിയ്ക്കുമ്പോൾ, വയറ് നിറയുന്നതായി തോന്നും. ഇത് അധികം ആഹാരം കഴിയ്ക്കുന്നതിൽ നിന്ന് ശരീരത്തെ നിയന്ത്രിക്കുന്നു. അമിത വണ്ണം കുറയ്ക്കാനും ഇവ സഹായകരമാണ്.
പഴങ്ങളിലെ മേന്മ
ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ ശരീരത്തിന് പലതരത്തിൽ പ്രയോജനകരമാണ്. ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍, വൈറ്റമിന്‍ സി എന്നിവയും നിരവധി പോഷകങ്ങളും പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ഇവ സഹായിക്കുന്നു. ഹൃദയ സംരക്ഷണത്തിനും തിളക്കമുള്ള ചര്‍മം ലഭിക്കുന്നതിനും ഇത്തരം പഴങ്ങൾ ആഹാരക്രമത്തിലേക്ക് തീർച്ചയായും ഉൾപ്പെടുത്തേണ്ടതാണ്.