പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഭക്ഷണപദാർത്ഥമാണ് പച്ചച്ചക്ക ഉണക്കിയത്. ഏകദേശം 45 ദിവസം പ്രായമായ ഇളം പരുവത്തിലുള്ള ചക്ക ഉണക്കി കഴിക്കുന്നത് ഏറെ ആരോഗ്യദായകവും, അതീവ രുചി സമ്മാനിക്കുന്നതും ആണ്. ധാരാളമായി അളവിൽ ധാതുക്കളും, ഭക്ഷണ നാരുകളും അടങ്ങിയിട്ടുള്ള പച്ചച്ചക്ക ഉണക്കി വിപണിയിലേക്ക് എത്തിച്ചാൽ മികച്ച ആദായ മാർഗ്ഗം ഒരുക്കുന്നതാണ്.
ചക്കയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് ഏറുകയാണ് ഇക്കാലയളവിൽ. പച്ച ചക്ക ഉണക്കി സൂക്ഷിക്കുന്നതുവഴി ഏകദേശം ആറു മാസത്തോളം കേടാകാതെ സൂക്ഷിക്കാം. ഈ പൊടി ഉപയോഗപ്പെടുത്തി ചപ്പാത്തി, പുട്ട്, ഉപ്പുമാവ് തുടങ്ങിയവ നിർമിക്കുകയും ചെയ്യാം. പച്ചച്ചക്ക മുറിച്ചെടുക്കാനും, ചുള അടർത്തിയെടുക്കാൻ നിരവധി കാർഷികോൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
പച്ചച്ചക്ക ഉണക്കി ഉപയോഗിക്കാം?
ഏകദേശം നാലര മാസം പ്രായമായ പച്ചച്ചക്കയുടെ ചൂള എടുത്ത് നല്ല രീതിയിൽ ചെറുകഷണങ്ങളാക്കി തിളച്ച വെള്ളത്തിൽ മുക്കിയെടുക്കുക. തിളച്ച വെള്ളത്തിൽ മുക്കിയതിനുശേഷം ഇവ പച്ച വെള്ളത്തിൽ മുക്കി എടുക്കണം. ജലാംശം പൂർണമായും നീക്കിയതിനു ശേഷം ഇവ വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. ഏകദേശം രണ്ടുമൂന്നു ദിവസത്തിനുള്ളിൽ നല്ലരീതിയിൽ ഉണങ്ങിക്കിട്ടും. വെള്ളത്തിൽ കഷ്ണങ്ങൾ ഇടുമ്പോൾ വെന്തു പോകാതെ സൂക്ഷിക്കുക. സംരംഭം എന്ന രീതിയിൽ തുടങ്ങാൻ ആണെങ്കിൽ ചുളകൾ പോളിത്തീൻ കവറിൽ എടുത്ത് ഏകദേശം 18 മണിക്കൂർ ഫ്രീസറിൽ സൂക്ഷിച്ചതിന് ശേഷം ഉണക്കിയാൽ ചക്കയുടെ പോഷക ഗുണം വർദ്ധിക്കും. നല്ല കട്ടി കൂടിയ പോളിത്തീൻ ബാഗുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. നല്ല രീതിയിൽ ഇവ പാക്ക് ചെയ്തിരിക്കണം.
ഉപയോഗക്രമം
ഉണങ്ങിയ ചുളകൾ കുറച്ചുനേരം വെള്ളത്തിലിട്ടു വച്ചതിനുശേഷം കറികൾ തയ്യാറാക്കുന്നത്തിന് ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിലിട്ടു വച്ചാൽ ഇതിന് മൃദുത്വം കൈവരും.
ഈ ചക്ക പൊടിച്ച് പുട്ട് ഉപ്പുമാവ് തുടങ്ങിയവ നമുക്ക് തയ്യാറാക്കാം. നേർമയായി പൊടിക്കുക യാണെങ്കിൽ ചപ്പാത്തി, ഇടിയപ്പം തുടങ്ങിയവ നിർമ്മിക്കാം. മുറുക്ക് തയ്യാറാക്കുന്നതിന് ചക്ക പൊടിയും അരിപ്പൊടിയും 1:1 എന്ന അനുപാതത്തിൽ എടുത്ത് കാൽഭാഗം ഉഴുന്ന് പൊടി ചേർത്ത് ഉണ്ടാക്കിയാൽ മതി.