ഭക്ഷണങ്ങൾ കഴിച്ചതിനു ശേഷം വെള്ളം കുടിക്കുന്നത് മിക്കവരും ചെയ്യുന്ന ഒരു സ്വാഭാവിക പ്രവൃത്തിയാണ്. എന്നാൽ ചില ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നത് പല അസ്വസ്ഥതകൾക്കും കാരണമാകും. മാത്രമല്ല ഇത് പോഷകങ്ങൾ ഫലപ്രദമായി ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകായും ചെയ്തേക്കാം. വെള്ളത്തിനൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ട ചില സാധാരണ ഭക്ഷണ പദാര്‍ത്ഥങ്ങളെ കുറിച്ച് വിശദമായി അറിയാം.
- ഒരുപാടു പോഷകങ്ങൾ അടങ്ങിയ ഒരു പഴമാണ് വാഴപ്പഴം. ഇത് ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ്. എന്നാല്‍ വാഴപ്പഴം കഴിക്കുന്നതിനോപ്പം അമിതമായ അളവിൽ വെള്ളം ഉപയോഗിച്ചാല്‍ അത് ആമാശയത്തിലെ ദഹനരസങ്ങൾ നേർപ്പിക്കുന്നതിനും നാരുകളുടെ ദഹനത്തെ മന്ദീഭവിപ്പിക്കുന്നതിനും വയറുവേദന അല്ലെങ്കിൽ വയര്‍ സ്തംപനം പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.
- തൈരിലെ പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണെങ്കിലും തൈര് കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ഈ പ്രോബയോട്ടിക്കുകളുടെ ഗുണം കുറയ്ക്കുന്നു. അതിനാൽ തൈരിനൊപ്പം ചെറിയ അളവില്‍ മാത്രം വെള്ളം കുടിക്കുക.
- മാങ്ങ, നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ കഴിച്ച ശേഷം ധാരാളം വെള്ളം കുടിക്കുകയാണെങ്കിൽ വയറിൽ അസ്വസ്ഥതയോ വയറുവേദനയോ അനുഭവപ്പെടാം. ഈ പഴങ്ങൾ കഴിച്ചതിനു ശേഷം അല്‍പ്പസമയത്തിനു ശേഷം മാത്രം വെള്ളം കുടിക്കുന്നതാണ് നല്ലത്.
- അരി കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങളുടെ ദഹനത്തിന് ആവശ്യമായ ആമാശയ ദഹന രസങ്ങള്‍ വലിയ അളവിൽ വെള്ളം കഴിക്കുമ്പോൾ നേർത്തതാകാൻ സാധ്യതയുണ്ട്. അതിനാൽ അരിഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് അമിതമായ വെള്ളം കഴിക്കുന്നത് ഒഴിവാക്കുക. ഒരു ഗ്ലാസ് വെള്ളം ആവാം.
- മുളക്, കുരുമുളക് പോലുള്ള എരിവുള്ള മസാലകൾ അമിതമായ വെള്ളവുമായി ചേരുമ്പോള്‍ അസ്വസ്ഥതയുണ്ടാക്കാം. മാത്രമല്ല ഇവ കഴിക്കുനത് മൂലം ഉണ്ടാകുന്ന എരിവ് വെള്ളം കുടിക്കുമ്പോള്‍ കുറയുന്നതിന് പകരം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം എരിവു കൊഴുപ്പില്‍ മാത്രമേ അലയിക്കുകയുള്ളൂ, വെള്ളത്തില്‍ ലയിക്കുകയില്ല. ഇത്തരം വിഭവങ്ങൾ കഴിക്കുമ്പോൾ എരിവ് ശമിപ്പിക്കുന്നതിനായി പാൽ അല്ലെങ്കിൽ പാലുൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് മികച്ച ഗുണം ചെയ്യും.
- കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാല്‍ വയര്‍ നിറഞ്ഞതായി അനുഭവപ്പെടും. അതിനാല്‍ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ച ഉടൻ തന്നെ വലിയ അളവിൽ വെള്ളം കുടിക്കുന്നത് അസ്വസ്ഥതയ്ക്ക് കാരണമായേക്കാം.
- ഭക്ഷണത്തിന് ശേഷം കാർബണേറ്റഡ് വെള്ളമോ സോഡയോ കുടിക്കുന്നത് ചിലപ്പോള്‍ വയറു വീർക്കുന്നതിനും ദഹന പ്രശ്നങ്ങള്‍ക്കും വായുക്ഷോഭത്തിനും ഇടയാക്കും. അതിനാല്‍ ഇവയുടെ ഉപയോഗം ഒഴിവാക്കുകയോ ഭക്ഷണം കഴിഞ്ഞ് അല്‍പ്പ സമയത്തിന് ശേഷമോ മാത്രം ആക്കുക.