തണ്ണിമത്തൻ പോലെ തന്നെ ചൂടിന് ആശ്വാസം നൽകുന്നതും കൂടുതൽ ജലാംശയവുമുള്ള ഒരു പഴമാണ് ചാമ്പങ്ങ. കൂടുതൽ പരിചരണങ്ങളൊന്നും തന്നെ ആവശ്യമില്ല ചാമ്പങ്ങയ്ക്ക്. എന്നാൽ ധാരാളം ആരോഗ്യഗുണങ്ങളുടെ ഈ പഴത്തിന്. എന്തൊക്കെയാണെന്ന് നോക്കാം;
ധാരാളം നാരുകളടങ്ങിയ പഴവർഗ്ഗമാണ് ചാമ്പങ്ങ. ദഹനപ്രക്രിയയെ സഹായിക്കുന്നവയാണ് നാരുകളടങ്ങിയ ഭക്ഷണങ്ങൾ. ശരീരത്തിലെ പേശികൾക്കും മസിലുകൾക്കും ആവശ്യമായ കാൽസ്യത്തിന്റെ സാന്നിധ്യവും ഈ പഴത്തിലുണ്ട്. കൂടാതെ മഗ്നീഷ്യം, പൊട്ടാഷ്യം എന്നിവയുടെ കലവറ കൂടിയാണ്. മനുഷ്യ ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന വൈറ്റമിനുകളിൽ പ്രധാനമായ വൈറ്റമിൻ സിയുടെ സാന്നിധ്യം ഇവയിലുണ്ട്. രക്തത്തിൽ ശ്വേതരക്താണുക്കളുടെ അളവ് അവ വർധിപ്പിക്കുന്നു. അങ്ങനെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
ജലാംശത്തിന്റെ അളവ് ധാരാളം ഉള്ളതിനാൽ ചാമ്പങ്ങ കഴിക്കുന്നതിലൂടെ നിർജ്ജലീകരണം, തളർച്ച എന്നിവയിൽ നിന്നൊക്കെ ആശ്വാസം ലഭിക്കും. പോഷകങ്ങളുടെ വിഘടനവും അവയുടെ ആഗിരണവും വർദ്ധിപ്പിച്ച് ദഹനപ്രക്രിയ സുഗമമാക്കും.
ശരീരഭാര നിയന്ത്രണം ലക്ഷ്യമിടുന്നവർക്ക് ഇത് ഉപകാരപ്രദമാകുമെന്ന് ചീഫ് ഡയറ്റീഷ്യൻ സുഷ്മ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ സാഹയിക്കുന്ന ആന്റിഹൈപ്പോഗ്ലൈക്കെമിക് (Antihyperglycemic) സവിശേഷതകൾ ചാമ്പങ്ങയ്ക്കുണ്ട്. കുറഞ്ഞ ഗ്ലൈക്കമിക് ഇൻഡക്സ് ആണ് ഇവയ്ക്കുള്ളത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് ഇത് തടയുന്നു. അതിനാൽ പ്രമേഹ രോഗികൾ ആരോഗ്യ വിദഗ്ധരുടെ നിർദേശ പ്രകാരം ചാമ്പങ്ങ കഴിക്കുന്നത് ഗുണപ്രദമായേക്കാം.
മാങ്ങയും ചക്കയും കഴിക്കുന്നതു പോലെ തന്നെ ഫ്രഷ് ആയിട്ടുള്ള ചാമ്പങ്ങയും ഭക്ഷണമാക്കാവുന്നതാണ്. ഇവ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏറെ നാൾ കേടുകൂടാതിരിക്കും. ജ്യൂസ്, ജാം, വൈൻ എന്നിവ തയ്യാറാക്കാൻ പറ്റിയ പഴമാണിത്. ചൂട് വർധിച്ചുവരുന്ന ഈ സമയത്ത് ക്ഷീണം അകറ്റാൻ ഇത്തരത്തിലുള്ള ധാരാളം പഴവർഗങ്ങൾ കൂടി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.