നമ്മുടെ ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രധാന ധർമ്മങ്ങളിലൊന്ന്. കൂടാതെ, അധികവെള്ളം നീക്കം ചെയ്യുക, പിഎച്ച്, ഉപ്പ്, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ചുവന്ന രക്താണുക്കളുടെ ഉത്പാദനം നിയന്ത്രിക്കുക എന്നിവയും ചെയ്യുന്നു. വൃക്കകളിലെ തകരാറ് മരണത്തിന് വരെ കാരണമാകാം. അതിനാൽ വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
- സാൽമൺ പോലുള്ള മത്സ്യങ്ങൾ പ്രോട്ടീനും ഒപ്പം ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയതാണ്. ഇവ രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കുകയും രക്തസമ്മർദം ലഘൂകരിക്കുകയും ചെയ്യുന്നു.
- വൈറ്റമിൻ ബി 6, ബി 9, സി, കെ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് കാപ്സിക്കം. ആൻറി ഓക്സിഡൻറുകളും ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം തോത് കുറഞ്ഞതിനാൽ ഇവ വൃക്കകൾക്ക് ഗുണപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യം ഭക്ഷണത്തിൻ്റെ ഭാഗമാക്കാം; ആരോഗ്യ ഗുണങ്ങൾ പലതാണ്
- ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ക്രാൻബെറി വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.
- വൃക്കരോഗമുള്ളവർ ഒലീവ് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
- കുർകുമിൻ എന്ന സംയുക്തം അടങ്ങിയ മഞ്ഞൾ പല രോഗാവസ്ഥകളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വൃക്കകളുടെ ആരോഗ്യത്തിനും മഞ്ഞൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
- ആൻറി ഓക്സിഡൻറുകൾ, വൈറ്റമിൻ സി, ഫൈബർ എന്നിവയെല്ലാം അടങ്ങിയ ബ്ലൂബെറിയും വൃക്കളെ സംരക്ഷിക്കുന്നു. അണുബാധയും നീർക്കെട്ടും കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ബ്ലൂബെറി നല്ലതാണ്.