എന്തും അമിതമായാൽ ആരോഗ്യപ്രശ്‌നം ഉണ്ടാക്കാം പ്രത്യേകിച്ചും ധാരാളം പഞ്ചസാര അടങ്ങിയ മധുരപദാർത്ഥങ്ങൾ. ഇത്തരത്തിൽ മധുരം കൂടുതലായി കഴിക്കുന്നത് പ്രമേഹം, ഹൃദ്രോഗം എന്നിവ പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ മധുരം കൂടുതലായി കഴിക്കുന്നത് കരളിൻറെ ആരോഗ്യത്തെയും സാരമായി ബാധിക്കാം.
നമ്മുടെ ശരീരത്തിൽ മാംസ്യം, അന്നജം, കൊഴുപ്പ് എന്നിവയെ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനുള്ള സംവിധാനങ്ങൾ ഉണ്ട്. മധുരത്തെ കൊഴുപ്പാക്കാനും, മാംസ്യത്തെ കൊഴുപ്പോ അന്നജമോ ആയി മാറ്റാൻ കഴിയും. നാം കഴിക്കുന്ന ഭക്ഷണം എന്തുതന്നെ ആയിക്കോള്ളട്ടെ, അമിതമാണെങ്കിൽ അത് ശേഖരിക്കപ്പെടുക കൊഴുപ്പിന്റെ രൂപത്തിലാണ്.
ഈ കൊഴുപ്പ് ആന്തരിക അവയവങ്ങളിൽ, പ്രത്യേകിച്ച് കരളിൽ അടിയുന്നു. മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവർ രോഗമുണ്ടാകുന്നത് ഇങ്ങനെയാണ്. ഫാറ്റിലിവർ രോഗമുണ്ടാകാൻ കൊഴുപ്പ് അഥവാ എണ്ണ ആഹാരങ്ങൾ കഴിക്കണമെന്നില്ല എന്ന് സാരം. ഇന്ത്യയിൽ വെജിറ്റേറിയൻ ആയിട്ടുള്ള ആളുകളുടെ ഇടയിൽ പൊണ്ണത്തടിയും, ഫാറ്റി ലിവറും കൂടുന്നതിന് കാരണം ഇതുതന്നെയാണ്.
കരളിലടിയുന്ന കൊഴുപ്പ് ഫാറ്റി ലിവർ രോഗമുണ്ടാക്കുകയും പിന്നീട് കരൾ സിറോസിസിലേക്കും, കരൾ ക്യാൻസറിലേക്കും നയിക്കുന്നു. മധുരത്തിന്റെ അതിപ്രസരം കരൾ കോശങ്ങളുടെ വീക്കത്തിന് കാരണമാകുന്നു. കുടലിലെ നല്ല ബാക്ടീരിയകൾ ദഹന വ്യവസ്ഥ നന്നാകാൻ മാത്രമല്ല ശരീരത്തിന്റെ പൊതുവായുള്ള ആരോഗ്യത്തിനും ആവശ്യമാണ്. ആഹാരത്തിലെ അമിതമായ മധുരം ഈ കുടൽ ബാക്ടീരിയകളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നു (Dysbiosis). ഇതും കരൾ ക്ഷതത്തിന്റെ ആക്കം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കരൾ ക്യാൻസറിന് കാരണമാകുന്ന ഫ്രീറാഡിക്കൽസും മധുരത്തിന്റെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട് കിടക്കുന്നു.