ഇന്ത്യന്‍ അടുക്കളകളിലെ പല പ്രിയരുചികളുടെയും പ്രധാന ഘടകമെന്നു പറയുന്നത് ഗരം മസാലയാണ്. വിഭവങ്ങള്‍ ഏതുമായിക്കോട്ടെ അല്പം ഗരം മസാല കൂടി ചേര്‍ത്തില്ലെങ്കില്‍ ചിലര്‍ക്ക് തൃപ്തി വരില്ല.
വിവിധ ഗരം മസാലകള്‍ ഇന്ന് വിപണിയില്‍ സുലഭമായുണ്ട്. നമ്മുടെ രുചിക്കൂട്ടുകളിലെ പ്രധാനിയായ ഗരംമസാലയുടെ ചില ഗുണങ്ങളും ദോഷങ്ങളും ഒന്ന് പരിശോധിക്കാം.
നമ്മുടെ നാട്ടില്‍ ലഭ്യമായ ഏറെ പ്രധാനപ്പെട്ട പല സുഗന്ധവ്യഞ്ജനങ്ങളുടെയും കൂട്ടാണ് ഗരംമസാല. ഇവയില്‍ പലതിനും ആരോഗ്യഗുണങ്ങളും നിരവധിയാണ്.ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട, കുരുമുളക്, ജാതിക്ക, മല്ലി, പെരുഞ്ചീരകം എന്നിവയെല്ലാം ഗരം മസാലക്കൂട്ടിലെ പ്രധാന ചേരുവകളാണ്.
ഇവയെല്ലാം പ്രത്യേക അളവില്‍ കൂട്ടിച്ചേര്‍ത്താണ് ഗരംമസാല തയ്യാറാക്കുന്നത്. പല സുഗന്ധ വ്യഞ്ജനങ്ങളും നമുക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാണ്. അതുപോലെ ദഹനപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ഏലയ്ക്ക ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഫലപ്രദമാണിത്. ചുമ, നെഞ്ചെരിച്ചില്‍. ബ്രോങ്കൈറ്റിസ് പോലുളള പ്രശ്‌നങ്ങളില്‍ നിന്നും രക്ഷയേകും.
ഗ്രാമ്പൂ പോലുളള സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് കാന്‍സര്‍ അടക്കമുളള രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ വായയുടെ ആരോഗ്യത്തിനും ഗുണകരമാണിത്. മോണസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഗ്രാമ്പൂ ഉത്തമമാണ്.
ഗരം മസാലകളിലെ മറ്റൊരു പ്രധാന ചേരുവയായ ജീരകത്തില്‍ അയേണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ അനീമിയ പോലുളള പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷയേകും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുളള കഴിവും ഇതിനുണ്ട്. പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങള്‍ കുറക്കാനും സഹായകമാണിത്.
ഇതുവരെ പറഞ്ഞ ഗരംമസാലയുടെ ഗുണങ്ങളെല്ലാം കേട്ടല്ലോ. എന്നാല്‍ എന്തും അമിതമായാല്‍ ദോഷമാണെന്ന് പൊതുവെ പറയാറുണ്ടല്ലോ. അതുപോലെ തന്നെയാണ് ഗരംമസാലയുടെയും കാര്യം. ശരിയായ അളവില്‍ മാത്രം കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണമെന്നു മാത്രം. എങ്കില്‍ മാത്രമേ ശരീരത്തിന് അത് നല്‍കുന്ന ഗുണങ്ങള്‍ നമുക്ക് ലഭിക്കൂ.
ഗരം മസാല വീട്ടില്‍ തയ്യാറാക്കാം
ഒന്നു മനസ്സുവച്ചാല്‍ ഗരംമസാലപ്പൊടി നമുക്ക് എളുപ്പം വീട്ടിലുണ്ടാക്കാം. രണ്ടര ടീസ്പൂണ്‍ കുരുമുളക്, മൂന്ന് ടേബിള്‍ സ്പൂണ്‍ പെരുംജീരകം, ഒരു ടീസ്പൂണ്‍ ജാതിക്ക, അര ടീസ്പൂണ്‍ ഉപ്പ്, നാല് ടേബിള്‍ സ്പൂണ്‍ മല്ലി, ഒരു ജാതിപത്രി, ഒരിഞ്ച് വലിപ്പമുളള പത്ത് കറുവാപ്പട്ട, ആറ് ഗ്രാമ്പൂ എന്നിവയാണ് മസാലക്കൂട്ട് തയ്യാറാക്കാനായി വേണ്ടത്. ഒരു പാനില്‍ ഈ ചേരുവളെല്ലാമെടുത്ത് ചെറു തീയില്‍ വറുത്ത ശേഷം ഇറക്കിവയ്ക്കാം. പിന്നീട് മിക്‌സിയുടെ ജാറിലിട്ട് നന്നായി പൊടിക്കണം. ആവശ്യമെങ്കില്‍ അരച്ചെടുക്കാവുന്നതാണ്. ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചുസൂക്ഷിക്കാം.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/farming/cash-crops/cloves-medicine/