ആനവായില്‍ അമ്പഴങ്ങയെന്ന പഴഞ്ചൊല്ലില്‍ ഒതുങ്ങിപ്പോയിരിക്കുന്നു നമുക്ക് ഈ നാട്ടുപഴവുമായുളള ബന്ധം. പണ്ട് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വസാധാരണമായി കണ്ടുവന്നിരുന്ന ഒന്നായിരുന്നു അമ്പഴങ്ങ.
അമൃതിന് തുല്യമായാണ് അമ്പഴങ്ങയെ കണക്കാക്കുന്നത്. അത്രയധികം പോഷകഗുണങ്ങളാല്‍ സമ്പന്നമാണിത്.
സ്‌പോണ്ടിയാസ് ഡള്‍സീസ് എന്നാണ് അമ്പഴങ്ങയുടെ ശാസ്ത്രീയനാമം. ഇംഗ്ലീഷില്‍ ഹോഗ്പ്ലം എന്നും അറിയപ്പെടുന്നു. ഇന്ത്യ, വിയറ്റ്‌നാം, കംബോഡിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് അമ്പഴങ്ങ കൂടുതലായുളളത്. അമ്പഴത്തിന് പലതരം ഉപവര്‍ഗങ്ങളുണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ സ്‌പോണ്ടിയാസ് പിറ്റേന്ന എന്നതരമാണ് കൂടുതലായുളളത്. അല്പം മധുരം കലര്‍ന്ന പുളിയാണ് ഇതിന്. രേഖപ്പെടുത്തിയിട്ടുളള പതിനേഴ് ഉപവര്‍ഗങ്ങളില്‍ പത്തെണ്ണത്തിന്റെ സ്വദേശം ഏഷ്യയാണ്.
അമ്പഴത്തിന്റെ ഇലകളും തണ്ടും രോഗചികിത്സയിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്നു. അന്നജം, മാംസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവയെല്ലാം അമ്പഴങ്ങയില്‍ ധാരാളമായുണ്ട്. ഇതിനുപുറമെ ദഹനത്തിന് ഏറെ ഫലപ്രദമായ നാരുകളും തയാമിന്‍, റൈബോഫ്‌ലേവിന്‍ എന്നീ വിറ്റാമിനുകളുമെല്ലാം ധാരാളമായുണ്ട്. ദഹനക്കേട്, മലബന്ധം പോലുളള പ്രശ്‌നങ്ങളുളളവര്‍ക്ക് അമ്പഴങ്ങ കഴിക്കാവുന്നതാണ്. നിര്‍ജലീകരണം പോലുളള പ്രശ്‌നങ്ങള്‍ക്കും ഫലപ്രദമാണിത്. ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ചുമ പോലുളള പ്രശ്‌നങ്ങള്‍ക്ക് അമ്പഴത്തിന്റെ ഇലച്ചാറ് ഉത്തമമാണ്. രോഗപ്രതിരോധശക്തിയ്ക്കും അമ്പഴങ്ങ മികച്ചതാണെന്ന് പറയപ്പെടുന്നു. ചര്‍മരോഗങ്ങള്‍ക്കുളള പ്രതിവിധിയായും അമ്പഴങ്ങ ഉപയോഗിക്കാറുണ്ട്. ചൊറി, ചിരങ്ങ് പോലുളള പ്രശ്‌നങ്ങള്‍ക്ക് ഇതിന്റെ വേര് ഫലപ്രദമാണ്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുളളതിനാല്‍ കാഴ്ചശക്തിയ്ക്കും നല്ലതാണിത്.
നമ്മുടെ നാട്ടില്‍ അച്ചാര്‍ ഉണ്ടാക്കുന്നതിനാണ് അമ്പഴങ്ങ കൂടുതലായും ഉപയോഗിക്കാറുളളത്. ചമ്മന്തി, ജാം, സര്‍ബത്ത്, ജെല്ലി എന്നിവ ഉണ്ടാക്കാനും അമ്പഴങ്ങ പ്രയോജനപ്പെടുത്താവുന്നതാണ്.
സാധാരണയായി മൂത്ത വിത്തുകള്‍ പാകി മുളപ്പിച്ചാണ് അമ്പഴത്തിന്റെ തൈകളുണ്ടാക്കുന്നത്. പക്ഷെ കൊമ്പുകള്‍ മുറിച്ചുനട്ട് വേരുപിടിപ്പിച്ചാലും തൈകളുണ്ടാകും. സ്ഥലപരിമിതിയുളളവര്‍ക്കും ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുമെല്ലാം ചട്ടിയില്‍ വരെ വളര്‍ത്താവുന്ന മധുര അമ്പഴം ഇപ്പോള്‍ വിപണിയിലുണ്ട്. ഇളം ചുവപ്പ്, മഞ്ഞ എന്നിങ്ങനെ കായയുടെ നിറത്തിലുമുണ്ട് അല്പം വ്യത്യാസങ്ങള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍
സംശയിക്കേണ്ട ; മത്തങ്ങ നല്‍കും ഈ ആരോഗ്യഗുണങ്ങള്‍
നിസ്സാരമെന്ന് കരുതി തളളിക്കളയല്ലേ ;കുമ്പളങ്ങ കഴിച്ചാല്‍ ഈ രോഗങ്ങള്‍ അകറ്റാം