ഹീമോഗ്ലോബിൻറെ പ്രധാന ധർമ്മം ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുക എന്നതാണ്. അതിനാൽ ശരീരത്തിൽ ഹീമോഗ്ലോബിൻറെ അളവ് കുറവാണെങ്കിൽ ശ്വാസതടസ്സം നേരിടാം. ശരീരത്തിൽ ആവശ്യമായ ഹീമോഗ്ലോബിൻറെ അളവ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. പ്രായപൂർത്തിയായ പുരുഷന്മാർക്ക് 14 മുതൽ 18 g/dl വരെയും സ്ത്രീകൾക്ക് 12 മുതൽ 16 g/dl വരെയും ഹീമോഗ്ലോബിൻ. ശ്വാസതടസ്സം കൂടാതെ, ബലഹീനത, ക്ഷീണം, തലവേദന, തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയൊക്ക ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൂവ പൊടിയുടെ ഉപയോഗം
ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറഞ്ഞാൽ, അനീമിയ ആയി രോഗനിർണയം നടത്താനും രോഗലക്ഷണങ്ങൾ ഗുരുതരമാകാനും സാധ്യതയുണ്ട്. ഹീമോഗ്ലോബിന്റെ ഉത്പാദനം ശരീരത്തിന് പ്രധാനമാണ്. ഇരുമ്പ്, ബി വിറ്റാമിനുകൾ, അതുപോലെ വിറ്റാമിൻ സി എന്നിവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് പങ്ക് വെയ്ക്കുന്നത്.
* ഇരുമ്പിൻറെ കുറവാണ് വിളർച്ചയ്ക്കും ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിനും കാരണമാകുന്നത്. അതിനാൽ ചീര, ബീറ്റ്റൂട്ട് തുടങ്ങിയവ പച്ചക്കറികളും ആപ്പിൾ, മാതളനാരകം, തണ്ണിമത്തൻ, മത്തങ്ങ വിത്തുകൾ, ഈന്തപ്പഴം, ബദാം, ഉണക്കമുന്തിരി എന്നിവയുൾപ്പെടെയുള്ള പഴങ്ങളും ഡ്രൈ ഫ്രൂട്ടുകളും കഴിക്കണം.
* ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കിൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. വിറ്റാമിൻ സി ഇരുമ്പിൻറെ ആഗിരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, സ്ട്രോബെറി, പപ്പായ, ബ്രൊക്കോളി, മുന്തിരി, തക്കാളി തുടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
*ഹീമോഗ്ലോബിൻറെ കുറവിന് ഏറ്റവും നല്ലതാണ് മാതളം. കാൽസ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർദ്ധിപ്പിച്ച് വിളർച്ച തടയുന്നു. കൂടാതെ ധാരാളം കാർബോഹൈഡ്രേട്സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിൻറെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർദ്ധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ മാതളനാരങ്ങ കഴിക്കൂ
* ഫോളിക് ആസിഡ്, ബി കോംപ്ലക്സ് വൈറ്റമിൻ ചുവന്ന രക്താണുക്കൾ ഉണ്ടാക്കാൻ അത്യാവശ്യമാണ്. പച്ച ഇലക്കറികൾ, നിലക്കടല, വാഴപ്പഴം, ബ്രോക്കോളി എന്നിവ ഫോളിക് ആസിഡിന്റെ നല്ല ഉറവിടങ്ങളാണ്. അതേസമയം, ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബീറ്റ്‌റൂട്ടും സഹായകമാണ്. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ് റൂട്ട് ദിവസവും ജൂസിൻറെ രൂപത്തിൽ കുടിക്കുന്നത് ഹീമോഗ്ലോബിൻറെ അളവ് നിങ്ങളുടെ രക്തത്തിൽ വർദ്ധിപ്പിക്കും.
* ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിൻ നിലനിർത്താനും വർദ്ധിപ്പിക്കാനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഈന്തപ്പഴം കഴിച്ചാൽ പലതുണ്ട് ഗുണം; എന്തൊക്കെയാണവ
* ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് വർദ്ധിപ്പിക്കുന്ന ഇരുമ്പ് ഈന്തപ്പഴത്തിൽ ധാരാളമടങ്ങിയിരിക്കുന്നു. പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്.