ഉയരുന്ന താപനില മനുഷ്യശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നു, ഇത് സൂക്ഷ്മാണുക്കൾക്ക് തഴച്ചുവളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കി കൊടുക്കുന്നു. ഇത് വേനൽക്കാലത്തു ഭക്ഷണങ്ങൾ എളുപ്പത്തിൽ കേടാകാൻ കാരണമാകുന്നു. കൂടാതെ, വയറു പെട്ടെന്ന് നിറഞ്ഞതായി തോന്നുന്നതിനു കാരണമാവുന്നു.
വേനൽക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ താഴെ ചേർക്കുന്നു:
1. മാംസം:
മാംസ ഭക്ഷണങ്ങൾ ദഹിക്കാൻ വളരെ പ്രയാസമാണ്. അതിനാൽ, വേനൽക്കാലത്ത് മാംസ്യ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, ഇത് ദഹനപ്രക്രിയ നടക്കുമ്പോൾ ശരീരത്തിൽ ചൂട് ഉണ്ടാവാൻ പ്രേരിപ്പിക്കുകയും ശരീര താപനില കൂടുതൽ വേഗത്തിൽ ഉയർത്തുകയും ചെയ്യുന്നു. കൂടാതെ, മാംസം പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയും മസാലകളും വേനൽക്കാലത്ത് ശരീരത്തിന് അനാരോഗ്യം പ്രദാനം ചെയ്യുന്നു.
2. എരിവുള്ള ഭക്ഷണങ്ങൾ:
ഭക്ഷണങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നത് സ്വാദ് വർദ്ധിപ്പിക്കുന്നു. പക്ഷേ, വേനൽക്കാലത്ത് എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. മുളക്, വെളുത്തുള്ളി, ഇഞ്ചി, കടുക്, കുരുമുളക്, ജീരകം, കറുവപ്പട്ട തുടങ്ങിയ മസാലകൾ ശരീരത്തെ ചൂടാക്കുന്ന ഭക്ഷണങ്ങളാണ്. ഇത് ധാരാളമായി കഴിക്കുമ്പോൾ, അവ ശരീര താപനില വർദ്ധിപ്പിക്കുന്നു. ഇത് മെറ്റബോളിസത്തിന്റെ നിരക്ക് വർദ്ധിപ്പിക്കുകയും, ദഹനപ്രക്രിയയെ ബാധിക്കുകയും ചെയ്യുന്നു.
3. സീഫുഡ്സ്:
വേനൽക്കാലത്തു സൂക്ഷ്മാണുക്കൾ വളരാൻ അനുയോജ്യമായ സമയമാണ്, ഫ്രഷ് അല്ലാത്ത സമുദ്രവിഭവങ്ങൾ കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കും ഗുരുതരമായ ആമാശയ പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നു. കൂടാതെ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ദഹിപ്പിക്കാനും, അമിതമായ ചൂട് ഉൽപാദിപ്പിക്കാനും കൂടുതൽ സമയമെടുക്കുന്നു, ഇത് വേനൽക്കാലത്ത് ശരീരത്തിന് പല അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് കാരണമാവുന്നു.
4. ജങ്ക് ഫുഡ്
ജങ്ക് ഫുഡ് ശരീരത്തിന് അനുയോജ്യമായൊന്നല്ല, എന്നാൽ വേനൽക്കാലത്ത് ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരത്തെ കൂടുതൽ തളർത്തുന്നു. ജങ്ക് ഫുഡിൽ ഉപയോഗിക്കുന്ന ചേരുവകളായ ഉരുളക്കിഴങ്ങ്, മൈദ മാവിൽ നിന്ന് ഉണ്ടാക്കിയ ബ്രെഡ്, സ്റ്റീക്ക്സ്, സ്പ്രെഡുകളും സോസുകളും ഉള്ള ചിക്കൻ എന്നിവ വേനൽക്കാലത്ത് ദഹിപ്പിക്കാൻ വളരെ പ്രയാസമാണ്. അവ ശരീര താപനില വർദ്ധിപ്പിക്കുക മാത്രമല്ല, അതോടൊപ്പം ശരീരഭാരം, മന്ദത എന്നിവ അനുഭവപ്പെടുത്തുകയും ചെയ്യുന്നു.
5. വറുത്ത ഭക്ഷണങ്ങൾ:
ഫ്രെഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ തുടങ്ങിയ വറുത്ത ഭക്ഷണങ്ങളിൽ ഉയർന്ന എണ്ണ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ വളരെ പ്രയാസമാണ്, ഇത് കഴിക്കുന്നത് ശരീരത്തിന് മന്ദത അനുഭവപ്പെടുന്നതിന് കാരണമാവുന്നു. കൂടാതെ, വേനൽക്കാലത്ത് അമിതമായ വിയർപ്പും എണ്ണമയമുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് മുഖക്കുരുവു ഉണ്ടാവുന്നതിനു കാരണമാവുന്നു.
6. തന്തൂരി ഭക്ഷണങ്ങൾ:
തന്തൂരി ഭക്ഷണങ്ങൾ കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ ഇത് വേനൽക്കാലത്തു കഴിക്കാൻ ശുപാർശ ചെയ്യപ്പെടുന്നില്ല. കരിഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സുഗന്ധവ്യഞജനങ്ങൾ അടങ്ങിയ മസാല മിശ്രിതം ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുകയും, ശരീരത്തിന് അസ്വസ്ഥതയും അനുഭവപ്പെടാൻ കാരണമാവുന്നു.
7. പാലിൽ തയ്യാറാക്കിയ ഐസ്ക്രീമുകൾ:
പാലിൽ തയ്യാറാക്കിയ ഐസ്ക്രീമുകൾ മികച്ച വേനൽക്കാല ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നില്ല. ബാഷ്പീകരിച്ച പാലിൽ നിന്ന് നിർമ്മിച്ച ഇവ ദഹന പ്രക്രിയയിൽ ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുന്നു. പാൽ നിന്ന് നിർമിച്ച ഐസ്ക്രീമുകൾ കേടാകാനുള്ള സാധ്യത കൂടുതലാണ്.
8. ശീതികരിച്ച പാനീയങ്ങൾ:
സോഡ പാനീയങ്ങൾ ദാഹം ശമിപ്പിക്കും, പക്ഷേ ഇതിലടങ്ങിയ ഉയർന്ന പഞ്ചസാരയുടെ അളവും, സോഡയും ദഹന പ്രക്രിയയിൽ ശരീര താപനില ഉയർത്തുന്നതിന് കാരണമാവുന്നു. ഇതിനു പകരം ലസ്സി, ആം പന്ന, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതിനു മുൻഗണന നൽകുക.
9. ചായയും കാപ്പിയും:
ചായ, കാപ്പി തുടങ്ങിയ ചൂടുള്ള പാനീയങ്ങൾ ശരീരത്തിലെ താപനില വർദ്ധിപ്പിക്കുന്നു. കൂടാതെ, അവ ഡൈയൂററ്റിക്സ് ആണ്, അതുവഴി ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നു. ഈ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന കഫീൻ ശരീരത്തെ ചൂടാക്കുന്നതിന് കാരണമാവുന്നു.
10. ഡ്രൈ ഫ്രൂട്ട്സ്:
ഡ്രൈ ഫ്രൂട്ട്സ് ശരീരത്തിന് വളരെയധികം ഗുണകരമാണെങ്കിലും, വേനൽക്കാലത്തെ ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഡ്രൈ ഫ്രൂട്ട്‌സ് ഉൾപ്പെടുന്നില്ല. വേനൽക്കാലത്ത് വെള്ളത്തിന്റെ അംശം ശരീരത്തിൽ കുറയുന്നതിനാൽ, ഇത് ദഹിപ്പിക്കാൻ വളരെയധികം സമയമെടുക്കുന്നു. കൂടാതെ, ഇതിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുന്നതിന് കാരണമാവുന്നു.
11. മദ്യം:
മദ്യം ഡൈയൂററ്റിക് ആണ്, ഇത് മൂത്രത്തിലൂടെ ശരീരത്തിലെ ജലം അമിത അളവിൽ നഷ്ടപ്പെടാൻ കാരണമാകുന്നു. ഇത് ശരീരത്തിൽ നിർജ്ജലീകരണം നടക്കുന്നതിനു കാരണമാവുന്നു. മദ്യപാനം ശരീര താപനില നിയന്ത്രിക്കുന്ന ഗ്രന്ഥിയായ ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവർത്തനത്തെയും മന്ദഗതിയിലാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മാമ്പഴക്കാലമാണ്, എന്നാൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല, കാരണമറിയാം!
Pic Courtesy: Pexels.com