ദിവസവും ബദാം കഴിയ്ക്കണമെന്ന നിർദേശങ്ങളും ഉപദേശങ്ങളും കേട്ട് മടുത്തിരിക്കുന്നവരായിരിക്കും നിങ്ങൾ. എന്നാൽ ആരോഗ്യഗുണങ്ങൾ തരുന്നതിൽ ഉണക്കിയ ബദാം മാത്രമല്ല, പച്ച ബദാമിനുമുണ്ട് വലിയ പ്രാധാന്യം. ഉണങ്ങിയ ബദാമിനെപ്പോലെ പച്ച നിറത്തിലെ ബദാം ശരീരത്തിന് പല തരത്തിൽ പ്രയോജനകരമാണ്. ശാരീരികാരോഗ്യത്തിന് പുറമെ, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം പച്ച ബദാം വളരെയധികം ഗുണം ചെയ്യുന്നു.
ആരോഗ്യമുള്ള ഹൃദയത്തിന്
ഹൃദയാരോഗ്യത്തിന് ഉത്തമമാണ് പച്ച ബദാം. കാരണം ഇവയിൽ ധാരാളം ഫ്‌ളേവനോയിഡ്‌സ് അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നു. കൂടാതെ, ആന്റിയോക്‌സിഡന്റിന്റെ ഒരു പ്രധാന സ്രോതസ്സ് കൂടിയാണിവ. ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന കൊളസ്ട്രോളിന്റെ രൂപമായ ആൽഫ -1 എച്ച്ഡിഎല്ലിന്റെ അളവും ത്വരിതപ്പെടുത്തുന്നതിന് ഇത് സഹായിക്കുന്നു. അതിനാൽ പച്ച ബദാം കഴിക്കുന്നത് വഴി ഹൃദയാഘാത സാധ്യത ഒരു പരിധി വരെ നിയന്ത്രിക്കാം.
കഫക്കെട്ടിന് ഉത്തമം
കൊവിഡിന് ശേഷമുള്ള കഫക്കെട്ടിനെ ശമിപ്പിക്കാൻ ഏറ്റവും മികച്ച ഉപായമാണ് പച്ച ബദാം. ബദാമില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനപ്രശ്നങ്ങൾക്കും പരിഹാരമായി പ്രവർത്തിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഇത് ശമനമാകുന്നു.
വായ്‌നാറ്റം നീക്കി വായ്ക്ക് ഫ്രഷ്‌നസ് നൽകുന്നതിനും സഹായിക്കുന്ന പ്രകൃതിദത്ത പദാർഥമാണ് പച്ച ബദാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
എല്ലിനും പല്ലിനും പച്ച ബദാം കഴിക്കാം
പച്ച ബദാമിൽ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്കും പല്ലുകൾക്കും ശക്തി നൽകാൻ ഉതകുന്ന പോഷക ഘടകങ്ങളാണ്.
ബദാമിൽ അടങ്ങിയിരിക്കുന്ന മാംഗനീസ്, റൈബോഫ്ലാവിന്‍, കോപ്പര്‍ എന്നിവ ശരീരത്തിന് ഊര്‍ജം നൽകുന്നു. ശാരീരികക്ഷമത കൈവരിക്കുന്നതിനും ബദാം ദിവസവും കഴിക്കണം. കൂടാതെ, പ്രോട്ടീനുകളുടെ സാന്നിധ്യം പേശികള്‍ക്ക് ബലം നൽകുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ബദാം നല്ലതാണ്. കാർബോഹൈഡ്രേറ്റുകളുടെ അളവും ബദാമിൽ കുറവാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ശരീരത്തിലെത്താൻ ബദാം കഴിയ്ക്കുന്നതിലൂടെ സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: അഴകിനും ആരോഗ്യത്തിനും വേണ്ട ജീവകങ്ങൾ
പ്രമേഹരോഗികൾക്ക് കൂടുതലായും ആവശ്യമായ മഗ്നീഷ്യവും ബദാമിലുണ്ട്. ഇന്ന് കൂടുതൽ ആളുകളിലുമുള്ള ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും മഗ്നീഷ്യം ഗുണപ്രദമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കേശ വളർച്ചയ്ക്ക് ബദാം
ആരോഗ്യമുള്ള മുടി ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് പച്ച ബദാം. ഇത് മുടി കൊഴിച്ചില്‍ തടയുന്നു. മുടിയുടെ വേരിന് ശക്തി നല്‍കുന്നതിനും ഇവ സഹായകരമാണ്.
അകാല വാർധക്യം അകറ്റാം
അകാല വാർധക്യത്തിനും അർബുദത്തിനും പച്ച ബദാം ഫലം ചെയ്യുന്നു. ഇവയിലെ പോഷകമൂല്യങ്ങൾ ശരീരത്തെ സമ്മർദത്തിൽ നിന്നും സംരക്ഷിക്കുന്നു. ബദാമിന്റെ തൊലിയിലാണ് ആന്റി ഓക്‌സിഡന്റുകൾ കൂടുതലായി അടങ്ങിയിരിക്കുന്നത്. അതിനാൽ ഇവയുടെ തൊലി കളയാതെ പച്ചയ്ക്ക് കഴിയ്ക്കുന്നത് വളരെ ശരീരത്തിന് ഗുണകരമാണ്.