ചർമത്തിന്റെ ആരോഗ്യത്തിനും ശരീരം ഫിറ്റായി നിലനിർത്താനും ഡയറ്റിൽ അൽപം ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്. ചർമ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ പഴങ്ങൾ ധാരാളം ഡയറ്റിൽ ഉൾപ്പെടുത്തണം. പഴം അതുപോലെ കഴിയ്ക്കുന്നതിനേക്കാൾ നല്ലത്, ജ്യൂസാക്കി കുടിയ്ക്കുന്നതാണ്. പല തരത്തിലുള്ള പഴങ്ങൾ ഒരുമിച്ച് ജ്യൂസാക്കി കുടിയ്ക്കുന്നത് ഇരട്ടി ഗുണം നൽകും. അത്തരത്തിലുള്ള ഒരു ജ്യൂസാണ് 'എബിസി ജ്യൂസ്'. ചർമത്തിലെ ചുളിവുകൾ അകറ്റാനും ശരീരഭാരം കുറയ്ക്കാനും ഈ മിറാക്കിൾ ജ്യൂസ് വളരെയധികം സഹായിക്കും. പേര് കേട്ട് ഞെട്ടണ്ട, ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസാണ് എബിസി ജ്യൂസ് (ABC Juice).
കൂടുതൽ വാർത്തകൾ: രക്ത സമ്മർദ്ദം കുറയ്ക്കാൻ പേരയ്ക്കാ ജ്യൂസ് കുടിക്കാം
ആപ്പിൾ
ഫ്ലവനോയ്ഡ്, പോളിഫീനോൾസ് എന്നീ ആന്റി ഓക്സിഡന്റുകൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ചർമ സംരക്ഷണത്തിനും ആരോഗ്യത്തിനും പുറമെ, കരൾ രോഗങ്ങളെ നിയന്ത്രിക്കുകയും, ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ആപ്പിൾ ദിവസവും കഴിയ്ക്കുന്നത് നല്ലതാണ്.
കൂടാതെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ ആപ്പിളിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന പെക്ടിൻ സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് അകറ്റാൻ ആപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കും. കൂടാതെ പെട്ടെന്നുള്ള വിശപ്പ് മാറാനും, മലബന്ധം കുറയ്ക്കാനും ആപ്പിൾ നല്ലതാണ്.
ബീറ്റ്റൂട്ട്
നാരുകളുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുന്നു. ചർമ സംരക്ഷണത്തിന് ബീറ്റ്റൂട്ട് ബെസ്റ്റാണ്. ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ തിളക്കമുള്ളതും മൃദുവും ആകാൻ സഹായിക്കും. ബീറ്റ്റൂട്ടിന് കലോറി കുറവാണ്. കൂടാതെ ബോറോണിന്റെ അളവും കൂടുതലാണ്. ഇത് തലച്ചോറിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്നു.
കാരറ്റ്
ഹൃദയാരോഗ്യം സംരക്ഷിക്കാൻ കാരറ്റിലെ ആന്റി ഓക്സിഡന്റുകൾ നല്ലതാണ്. കാരറ്റ് ദിവസവും കഴിക്കുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ ശരീരത്തിൽ നിലനിർത്താനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ ചർമത്തിന്റെ വരൾച്ച, മലബന്ധം എന്നിവ കുറയ്ക്കാൻ കാരറ്റ് സഹായിക്കും.
ശരീരഭാരം നിലനിർത്താനും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും എബിസി ജ്യൂസ് പതിവായി കഴിക്കാം. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ഓരോന്ന് വീതം എടുക്കുക. നന്നായി കഴുകിയെടുത്ത് തൊലി കളഞ്ഞശേഷം മിക്സിയിൽ അടിച്ചെടുക്കുക. ആവശ്യമെങ്കിൽ പുതിനയോ, തേനോ ചേർക്കാം. രാവിലെയോ വൈകിട്ടോ വെറുംവയറ്റിൽ കുടിയ്ക്കുന്നതാണ് നല്ലത്.