സെലറിയെന്ന് കേള്‍ക്കുമ്പോള്‍ ചെറിയൊരു പരിചയക്കുറവ് ഇപ്പോളും നമുക്കുണ്ട്. വിദേശിയാണെങ്കിലും നമ്മുടെ വീട്ടില്‍ വളര്‍ത്താവുന്നതും പോഷകസമൃദ്ധവുമായ ഇലവര്‍ഗത്തില്‍പ്പെട്ട പച്ചക്കറിയാണ് സെലറി. സാലഡില്‍ ഉള്‍പ്പെടുത്തിയും ജ്യൂസായും സൂപ്പായുമെല്ലാം പലരും സെലറി ഉപയോഗിക്കാറുണ്ട്.
നിരവധി പോഷകങ്ങളാല്‍ സമ്പന്നമായ സെലറിയുടെ ആരോഗ്യഗുണങ്ങളും നിരവധിയാണ്. നമ്മുടെ നാട്ടില്‍ രണ്ടു തരത്തിലുളള സെലറിയാണ് സാധാരണ കൃഷി ചെയ്യുന്നത്. മഞ്ഞനിറത്തിലുള്ളതും പച്ചനിറത്തിലുള്ളതുമാണ് അവ. ജെയ്ന്റ് പാസ്‌കല്‍, എംപറര്‍ ഓഫ് ജീന്‍, ഗോള്‍ഡന്‍ സെല്‍ഫ് ബ്രാഞ്ചിങ്ങ് എന്നിവയാണ് പ്രധാന ഇനങ്ങള്‍. തണുപ്പുളള കാലാവസ്ഥയിലാണ് സെലറി നന്നായി വളരുന്നത്. കൃത്യമായ ജലസേചനം നടത്തുകയാണെങ്കില്‍ വരണ്ട കാലാവസ്ഥയിലും വളര്‍ത്തി വിളവെടുക്കാം. ഈര്‍പ്പം വേണമെന്നു മാത്രം. ഉയര്‍ന്ന അളവില്‍ വെള്ളം പിടിച്ചുനിര്‍ത്താനുള്ള സംഭരണശേഷിയുള്ള മണ്ണാണ് സെലറി കൃഷി ചെയ്യാനാവശ്യം.
വിത്തുകള്‍ പാകിയാണ് സെലറിയുടെ തൈകള്‍ ഉണ്ടാക്കാറുളളത്. വിത്ത് കുറച്ച് ദിവസം ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തിയാല്‍ പെട്ടെന്ന് മുളച്ച് വരും. ചെറുചൂടുവെളളതില്‍ മുക്കി വച്ചതിനുശേഷം വിത്തുപാകുകയാണെങ്കില്‍ എളുപ്പത്തില്‍ മുളപ്പിക്കാന്‍ സാധിക്കും. എട്ട് ആഴ്ചകള്‍ക്കുള്ളില്‍ വിത്ത് മുളച്ച് തൈകള്‍ പൊന്തിവരും. ഈ സമയത്ത് പറിച്ചുനടാവുന്നതാണ്. വിത്ത് നേരിട്ട് പാകുകയാണെങ്കില്‍ കാല്‍ ഇഞ്ച് താഴ്ത്തിപ്പാകണം. വിത്ത് വിതച്ചശേഷം നാലഞ്ചുമാസങ്ങള്‍ക്കുളളില്‍ വിളവെടുക്കാനാകും.
സെലറിയില്‍ വെളളത്തിന്റെ അംശം കൂടുതലുളളതിനാല്‍ എന്തുകൊണ്ടും ശാരീരികമായ ആരോഗ്യവും ഉണര്‍വ്വും നല്‍കും. നാരുകള്‍ ധാരാളമായുളളതിനാല്‍ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കും.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും. അമിതവണ്ണം പോലുളള പ്രശ്‌നങ്ങള്‍ക്ക് ദിവസവും സെലറി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.