Updated on: 9 January, 2020 5:02 PM IST

ചെറുധാന്യങ്ങളില്‍ പ്രമുമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു.പൂന്തണ്ടിന്റെ അറ്റത്ത് കതിരുകള്‍ കൈവിരലുകള്‍ പോലെക്രമീകരിക്കപ്പെട്ടു കാണപ്പെടുന്നതിനാല്‍ 'ഫിംഗര്‍ മില്ലെറ്റ്' എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. 'എല്യുസിന്‍ കൊറകാന' എന്ന് ശാസ്ര്തീയ നാമവും. പണ്ട് നമ്മുടെ വീട്ടുവളപ്പുകളിലും മറ്റും മുത്താറി നട്ടുവളര്‍ത്തിയിരുന്നുവെങ്കിലും ഇന്ന് കേരളത്തില്‍ ഇതിന്റെ കൃഷി തീരെ കുറവാണ്.
ഏറെ പോഷകപ്രദമായ മുത്താറിയുടെ അനുപമസവിശേഷതകള്‍ അടുത്തറിയാം:
' വരള്‍ച്ചയെ അതിജീവിക്കാനുള്ള ശേഷിയുള്ളതിനാല്‍ ജലലഭ്യത കുറഞ്ഞ വരണ്ട പ്രദേശങ്ങളിലും കൃഷി ചെയ്യാം.
' വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ മുത്താറിക്കൃഷിക്ക് ഒട്ടും അനുയോജ്യമല്ല.
' തനിവിളയായോ ഇടവിളയായോ വളര്‍ത്താം.
' പൊതുവേ രോഗകീടബാധ കുറവ്.
' വിളവെടുപ്പു കഴിഞ്ഞാല്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാം. കലവറക്കീടങ്ങളുടെ ആക്രമണവും
പൊതുവേ കുറവ്.
' മണികള്‍ അങ്ങനെ തന്നെയോ മുളപ്പിച്ചോ ഉപയോഗിക്കാം.
' മുത്താറിയിലെ ഗ്ലൂക്കോസ് സാവധാനം മാത്രമേ ലഭ്യമാവുകയുള്ളൂ.അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഉത്തമ ഭക്ഷണമാണിത്.
' ഇരുമ്പ്, കാത്സ്യം, ജീവകങ്ങള്‍, അമിനോ അമ്ലങ്ങള്‍ തുടങ്ങിയ വിവിധ പോഷകഘടകങ്ങള്‍ അടങ്ങിയതിനാലും വളര്‍ച്ചാഹോര്‍മോണുകളുടെ സാന്നിദ്ധ്യമുള്ളതിനാലും എളുപ്പം ദഹിക്കുന്നതിനാലും മുത്താറി അത്യുത്തമമായ ശിശുവാഹാരമാണ്.
' അരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
' സ്വാഭാവിക ഇരുമ്പ് ധാരാളം അടങ്ങിയ മുത്താറി കഴിക്കുന്നത് വിളര്‍ച്ചയ്ക്ക് ശമനം നല്‍കും.
' ധാരാളം കാത്സ്യം അടങ്ങിയതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം കാക്കുന്നു.അതിനാല്‍ ശിശുക്കള്‍ മുതല്‍ വൃദ്ധര്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ ഗുണപ്രദം. ഓസ്റ്റിയോപോറോസിസിനെ തടയും.
' മുത്താറി സാവധാനത്തില്‍ മാത്രമേ ദഹിക്കുകയുള്ളൂ. തത്ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. മാത്രമല്ല, ശരീരത്തില്‍ അമിതമായി കലോറി (ഊര്‍ജ്ജം) എത്തുന്നത് തടയുന്നു.
' മുത്താറി കുറച്ചുകഴിക്കുമ്പോള്‍ തന്നെ വയര്‍ നിറഞ്ഞതായി തോന്നുന്നതിനാല്‍ അമിതഭക്ഷണം ഒഴിവാക്കാം - ഒപ്പം അമിതവണ്ണവും.
' മുത്താറിയില്‍ അടങ്ങിയിരിക്കുന്ന ലെസിതിന്‍, മെതിയൊണിന്‍ തുടങ്ങിയ വിവിധ തരം അമിനോ അമ്ലങ്ങള്‍ കൊളസ്റ്ററോള്‍ കുറയാന്‍ സഹായകമാണ്. കുറഞ്ഞ അളവില്‍ മാത്രം അടങ്ങിയ കൊഴുപ്പ് എളുപ്പത്തില്‍ അലിഞ്ഞുചേരുന്നതുമല്ല.
' ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് സധൈര്യം കഴിക്കാവുന്ന ഭക്ഷണമാണ് മുത്താറി.
' മുത്താറിയില്‍ സമൃദ്ധമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകള്‍ ദഹനം സുഗമമാക്കും.
' ജീവകം ഡിയുടെ അപൂര്‍വ്വഭക്ഷ്യസ്രോതസുകളില്‍ ഒന്നാണ് മുത്താറി. കാത്സ്യത്തിന്റെ ആഗിരണം സുഗമമാക്കുന്നതിനും ഈ ജീവകം സഹായിക്കുന്നു.
' മുളപ്പിക്കുമ്പോള്‍ മുത്താറിയില്‍ ജീവകം സിയുടെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ പോഷകഗുണം ഏറും.
' കടുത്ത തലവേദന, മാനസികസമ്മര്‍ദ്ദം, ഉറക്കക്കുറവ് തുടങ്ങിയവയ്‌ക്കെതിരെ ഫലപ്രദം. മുത്താറിയില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റൊഫാന്‍ എന്ന അമിനോഅമ്ലമാണ് ഇതിന് നിദാനം.
' ധാരാളം നിരോക്‌സീകാരികള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുത്താറി അര്‍ബ്ബുദത്തിനെതിരെ പ്രതിരോധശേഷിയേകും.
' ആരോഗ്യവും ഊര്‍ജ്ജസ്വലതയും യൗവനവും നിലനിര്‍ത്താന്‍ ഏറെ സഹായകമാണ് മുത്താറി.

ഡോ. പി. സിന്ധുമോള്‍, കേരളകാര്‍ഷിക സര്‍വകലാശാല,
അസിസ്റ്റന്റ് പ്രൊഫസര്‍, ഫോണ്‍ 9495390571

English Summary: Health benefits of Ragi
Published on: 09 January 2020, 05:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now