രാവിലെ എഴുന്നേറ്റ വഴിയേ ഉന്മേഷത്തിനായി കാപ്പി കുടിക്കുന്നവരാണ് നമ്മളിൽ അധികവും. കാപ്പിക്ക് ധാരാളം ഗുണങ്ങളുണ്ട്. ഇത് ജാഗ്രത പുലർത്താനും ഏകാഗ്രത വര്‍ദ്ധിപ്പിക്കുവാനും മറ്റും സഹായിക്കുന്നു. എന്നാൽ കാപ്പി അമിതമായ അളവിൽ കുടിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. ഇതിന് കാരണം കോഫിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായ കഫീൻ തന്നെ.
കാപ്പികുടി അധികമായാൽ ഉത്കണ്ഠ, നെഞ്ചെരിച്ചിൽ ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ കാരണമുള്ള നിർജ്ജലീകരണം, ഹൃദയമിടിപ്പ് വര്‍ദ്ധിക്കൽ തുടങ്ങി നിരവധി അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. കാപ്പികുടി അമിതമായാലുണ്ടാകുന്ന മറ്റു ആരോഗ്യപ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കാപ്പി കൃഷിയിൽ മികച്ച വിളവ് തരുന്ന റോബസ്റ്റ ഇനങ്ങൾ
- കാപ്പികുടി അമിതമായാൽ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. കഫീൻ രാത്രി ഉറക്കത്തെ ബാധിക്കുകയും ഉറക്കത്തിന്‍റെ സമയദൈർഘ്യം കുറയ്ക്കുകയും ചെയ്യുന്നു.
- കൂടുതലായുള്ള കാപ്പികുടി ശീലം പതിയെ മാത്രമേ നിയന്ത്രിക്കാവൂ. കാരണം കഫീൻ കഴിക്കുന്നത് പെട്ടെന്ന് കുറയുന്നത് തലവേദന, ക്ഷീണം, ക്ഷോഭം, ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
- കാപ്പി കുടിക്കുമ്പോള്‍ കോർട്ടിസോൾ (ശരീരത്തിലെ സ്ട്രെസ് ഹോർമോൺ) വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് അണ്ഡോത്പാദനം, ഭാരം, ഹോർമോൺ ബാലൻസ് എന്നിവയെ പ്രതികൂലമായി ബാധിക്കും.
- വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് വിറയലും മാനസികാവസ്ഥയിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
- അമിതമായ കാപ്പികുടി ലെവോതൈറോക്സിൻ (സിന്തറ്റിക് തൈറോയ്ഡ് ഹോർമോൺ) ആഗിരണം ചെയ്യുന്നതിനെ ബാധിക്കുന്നു, അതുവഴി T4-നെ T3 ഹോർമോണുകളിലേക്കുള്ള പരിവർത്തനത്തെ ബാധിക്കുന്നു.
- കാപ്പി ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനക്കേട്, ശരീരവണ്ണം, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
- ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്ക്ക് ഈ കാപ്പിയുടെ ഉപയോഗം ഒരു പ്രധാന കാരണമാണെന്ന് പോഷകാഹാര വിദഗ്ധൻ അഭിപ്രായപ്പെടുന്നു. കൂടാതെ, ഈ അവസ്ഥ ക്ഷീണം, ത്വക്ക് പ്രശ്നങ്ങൾ, പ്രമേഹം, അലര്‍ജ്ജി സമാനമായ അവസ്ഥകള്‍ എന്നിവയ്ക്ക് കാരണമായേക്കാം.
വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം ആരോഗ്യമുള്ള മുതിർന്നവർക്ക് പ്രതിദിനം 400 മില്ലിഗ്രാം കഫീൻ സുരക്ഷിതമാണ്.